Wednesday, May 14, 2008

ഹലോ ചെന്നൈ (ഭാഗം 3)

റെയില്‍വേ സ്റ്റേഷനില്‍ എന്നെയും സോണിയേയും സ്വീകരിക്കാന്‍ ബാബു വന്നിരുന്നു. ബാബുവും മനോജും ആയിരുന്നു അന്നു വൈറല്‍ പനിയില്‍ നിന്നും, തടി കേടാകാതെ കഷ്ടിച്ച് രക്ഷപ്പെട്ട മാന്യന്മാര്‍‍. സ്റ്റേഷനില്‍ നിന്നും പുറത്ത് കടന്ന ഞാന്‍ മദ്രാസ്സിന്റെ മലിന മുഖം കണ്ട് തിരിച്ചു പോയാലോ എന്നു ചിന്തിച്ചു. ആകെക്കൂടി വൃത്തിയില്ലാത്ത പരിസരവും നേരെ എതിര്‍ഭാഗത്തെ തോട്ടില്‍ നിന്നും കാറ്റിനോടൊപ്പം മൂക്കിലേക്ക് അടിച്ചു കയറുന്ന ‘ഒന്നൊന്നര’ മണവും എന്റെ സകല പ്രതീക്ഷകളേയും ‘ഗോപി’യാക്കി. ഒന്നും മിണ്ടാതെ ബാബുവിനോടൊപ്പം തൊട്ടടുത്ത ബ്സ്സ്റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു.

സ്റ്റോപ്പില്‍ കാത്തു നില്‍ക്കുമ്പോഴും എന്റെ ചിന്ത തിരിച്ചുപോയാലോ എന്നു തന്നെയായിരുന്നു. പക്ഷെ ചിന്തകള്‍ എങ്ങും എത്താത്ത കണ്ടീഷനിലും, തമിഴ് നാട്ടിലെ ബസ്സുകള്‍ സമയം തെറ്റി (?) ഓടാത്ത കാരണത്താലും സ്റ്റോപ്പില്‍ വന്നു നിന്ന ബസ്സില്‍ കയറിക്കോളാന്‍ ബാബു പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല.റായ്പ്പേട്ടയില്‍ ബസ്സ് എത്തിയപ്പോള്‍ ഇറങ്ങി,പിന്നെ കുറച്ചു നടന്നു,ഞങ്ങള്‍ ഒരു മാന്‍ഷന്റെ മുന്നിലെത്തി.

കോളേജ് ഹോസ്റ്റലിനെ ഒക്കെ അനുസ്മരിപ്പിക്കും വിധമുള്ള ഒരു ബില്‍ഡിങ്ങ്. മിക്കവാറും എല്ലാ മുറിയില്‍ നിന്നും ചുള്ളന്‍സിന്റെ ബഹളം കേള്‍ക്കാം. രണ്ടു തരം ആളുകളാ‍ണ് അവിടെയുണ്ടായിരുന്നത്. ഒന്നുകില്‍ ജോലി അന്വേഷിച്ച് എത്തിയവര്‍, അല്ലെങ്കില്‍ ചെറിയ ശമ്പളത്തില്‍ പുതുതായി കയറിപ്പറ്റിയവര്‍.

അപ്പോഴേക്കും മനോജ് റൂമിനു പുറത്തേക്ക് വന്നു. അല്പസമയം ബാബുവിന്റെ മുറിയില്‍ വിശ്രമം, പിന്നെ തൊട്ടടുത്തുള്ള മനോജിന്റെ മുറിയിലേക്ക്. അവിടെയായിരുന്നു എന്റെ അന്തേവാസം. രണ്ട് മൂന്നു നിലകളുണ്ടായിരുന്ന ആ ബില്‍ഡിങ്ങില്‍ ഓരോ നിലകളില്‍ താമസിക്കുന്നവര്‍ക്കും പൊതുവായ ബാത് റൂമും, ടോയ് ലറ്റും ആണുണ്ടായിരുന്നത്. ‘ഭയങ്കര വൃത്തിയില്‍’ കൊണ്ടു നടന്നിരുന്ന ഇവയ്ക്കുള്ളില്‍ കയറി കുളി തുടങ്ങി. സത്യം പറയാമല്ലോ! ഞാന്‍ ബാത് റൂമില്‍ കയറി ഒരു കപ്പ് വെള്ളമെടുത്ത് മേലൊഴിച്ചപ്പോഴേക്കും വാതിലില്‍ ഒരു മുട്ട്.പിന്നെയും മുട്ടോട് മുട്ട്. ‘വെള്ളം‘ കണ്ടാല്‍ പിന്നെ അവിടെ കമഴ്ന്നടിച്ച് വീഴുന്ന ഞാന്‍,എന്റെ ക്ഷമ പരീക്ഷിക്കല്ലേ മോനേ എന്നും പറഞ്ഞ്, ആ മുട്ടിയവന്റെ അപ്പനും, അപ്പന്റെ അപ്പനും വരെ തെറി വിളിച്ച് (ക്ഷമിക്കണം! എന്റെ ഡിഫാള്‍ട്ട് തെറി ഇതാണ്) വീണ്ടും ആറാട്ട്.

ഒരു വിധം വാതില്‍ തുറന്ന് പുറത്ത് കടന്ന ഞാന്‍ മുട്ടിയവനെ ഒന്നു ഇരുത്തി നോക്കി,അവന്റെ വായില്‍ നിന്നും വന്ന തമിഴ് തെറിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ച്, പ്രത്യുപകാ‍രമായി ഒരു തെറി കൂടെ അങ്ങോട്ട് പറഞ്ഞ് സംഗതി അവസാനിപ്പിച്ചു.

വേഗം ഡ്രസ്സ് ചെയ്ത് ട്രൈപാല്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലേക്ക്. ‘കാരവല്‍ ഷിപ്പിങ്ങ്‘ ആണ് ഞങ്ങളുടെ യഥാര്‍ത്ഥ ക്ലയന്റ് എങ്കിലും, അവരുടെ അസൌകര്യവും, ഞങ്ങളുടെ സൌകര്യവും കണക്കിലെടുത്ത് ഞങ്ങളുടെ ഡെവലപ്മെന്റ് സ്ഥലം കാരവല്‍ ഷിപ്പിങ്ങിന്റെ ഒരു സഹോദര സ്ഥാപനമായ ട്രൈപാലില്‍ ആക്കുകയായിരുന്നു.

ബസ് സ്റ്റോപ്പിലേക്ക് പോകുന്ന വഴിക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. വല്ല പത്തിരിയോ, പുട്ടോ അടിക്കാം എന്നു വിചാരിച്ച് അകത്തു കയറിയ എനിക്ക് മസാലദോശ കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. ഒള്ള കാര്യം പറയാമല്ലോ! ഓഅര്‍ഡര്‍ ചെയ്ത മസാലദോശ ടേബിളില്‍ എത്തിയപ്പോള്‍ എനിക്ക് തമിഴന്മാരോട് ഭയങ്കര ബഹുമാനമാണ് തോന്നിയത്.‘ഈ തമിഴന്മാര്‍ വല്ലാത്ത രാജ്യ സ്നേഹികളാണല്ലേ. കഴിക്കുന്ന ഭക്ഷണത്തില്‍ പോലും അവര്‍ ദേശസ്നേഹം കാണിക്കുന്നുണ്ടല്ലോ!‘ മസാലദോശക്കൊപ്പം കിട്ടിയ ചുവപ്പ്, പച്ച, വെള്ള നിറങ്ങളിലുള്ള ചട്നികള്‍ കണ്ട് ഞാ‍ന്‍ മനസ്സില്‍ പറഞ്ഞു. ഒരു ഓംലെറ്റ് ഒക്കെ ഓര്‍ഡര്‍ ചെയ്തു ഒന്നു കൂടി ദേശസ്നേഹം ടെസ്റ്റ് ചെയ്താലോ എന്നൊക്കെ തോന്നിയതാ. പിന്നെ പേഴ്സിന്റെ കനക്കുറവു കാരണം അതങ്ങു വേണ്ടെന്നു വെച്ചു. മസാലദോശയുടെ ‘ഭയങ്കര ടേസ്റ്റ്‘ കാരണം, ഒരു വിധം അതങ്ങു അകത്താക്കി വേഗം എഴുന്നേറ്റു.

ഞങ്ങള്‍ നാല്‍വര്‍ സംഘം കിട്ടിയ ബസ്സില്‍ കയറി ട്രൈപാലിലേക്ക് കുതിച്ചു. അവിടെ ഒരു ‘ചേച്ചിയടക്കം’ ആകെ മൂന്നോ നാലോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും ബാബു എനിക്ക് കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നു, മെല്ലെ കോഡിങ്ങ് തുടങ്ങാനുള്ള സെറ്റപ്പിലേക്ക് എത്തിച്ചു കൊണ്ടിരുന്നു.

ഉച്ചക്ക് താഴെ ഒരു ഹോട്ടലില്‍ നിന്നും ഫുഡടിച്ച് വീണ്ടും പണിയിലേക്ക് തന്നെ. എനിക്കാണെങ്കില്‍ ആകെ ബോറഡിച്ച് ഒരു മാതിരിയായി.മൊത്തം ഒരു അവാര്‍ഡ് സിനിമയുടെ പ്രതീതി. ആരും ഒന്നും സംസാരിക്കുന്നില്ല. എന്തായാലും എല്ലാം ഒരു വിധം അവസാനിപ്പിച്ച് വൈകുന്നേരത്തോടെ താമസസ്ഥലത്തേക്ക് തിരിച്ചു. സോണി അന്നു തന്നെ തൃശൂരിലേക്ക് തിരിച്ചു പോകുകയും ചെയ്തു.

പിന്നെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഒരാഴ്ച്ച. ഒരു പത്തരക്ക് ട്രൈപാലില്‍ എത്തും, വൈകുന്നേരം ഒരു ആറരയോടെ തിരിച്ചു വരും.

അതിനിടക്ക് രാവിലെ ഒരു ചായക്കാരന്‍ വരാന്‍ തുടങ്ങി. ട്രൈപാലിലെ ഏതോ ഒരുവന്‍ ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞേല്‍പ്പിച്ചതായിരുന്നു. എന്തായാലും, ഞാനും, ബാബുവും, മനോജും ഫ്രീ ചായയാണല്ലോ എന്നോര്‍ത്ത് അങ്ങേരുടെ ചായ അടിച്ചു തുടങ്ങി. മാസവസാനം ബില്ല് കൊണ്ടുവന്നു തന്നപ്പോഴാണ് ഞങ്ങള്‍ക്കക്കിടി മനസ്സിലായത്. എന്തായാലും സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍ ചായവിതരണം നിര്‍ത്തേണ്ടെന്നു തീരുമാനിച്ചു.നമുക്കൊക്കെ ഒരു ഇമാജില്ലെ? അതു കളഞ്ഞു കുളിക്കാന്‍ പറ്റുമോ?

അതോടൊപ്പം ഉച്ചക്കുള്ള ഫുഡടി ഒരു നല്ല റെസ്റ്റോറന്റിലേക്ക് മാറ്റി. കല്പക എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. ഓഫീസില്‍ നിന്നും കുറച്ച് നടക്കണമായിരുന്നു. എന്നാലും നല്ല ഭക്ഷണം കഴിക്കാമല്ലോ എന്നുള്ള ചിന്തയില്‍ അതൊന്നും ഞങ്ങള്‍ക്ക് തടസ്സമായില്ല. കുറ്റം പറയാണെന്നു വിചാരിക്കരുത്. ഒന്നാന്തരം ഭക്ഷണമായിരുന്നു അവിടെ, അതിലും ഒന്നാന്തരം വിലയും. അല്പ സ്വല്പം കോസ്റ്റ് കട്ടിംങ്ങ് ഒക്കെ നടത്തി ഉച്ചക്കുള്ള ഇടപാട് അവിടെ തുടര്‍ന്നു പോന്നു.

ആ ദിവസങ്ങളില്‍ രാവിലത്തെ ബ്രേക്ഫാസ്റ്റ് എനിക്ക് വല്ലാത്ത പ്രശ്നമായിരുന്നു. പത്തിരി-ചിക്കന്‍ കറി, പുട്ട്-ബീഫ് കറി പോലുള്ള കോമ്പിനേഷനുകള്‍ എന്നും രാവിലെ എന്നെ കൊതിപ്പിക്കുമെങ്കിലും എന്നും എനിക്ക് ദോശയോ, ഇഡ്ഡലിയോ, ഊത്തപ്പമോ കഴിക്കാനായിരുന്നു വിധി. അതിനിടക്ക് ഹോട്ടലുകള്‍ കുറെ മാറി.

അവസാനം എത്തിപ്പെട്ടത് ട്രിപ്ളിക്കയിനിലുള്ള ‘രത്നാ കഫേ’ എന്ന ഒരു പഴയ ഹോട്ടലിലായിരുന്നു. അവിടെയും ഞാന്‍ ദോശയടി തുടര്‍ന്നു വന്നു. പക്ഷെ അവിടെ ശ്രദ്ധിച്ച ഒരു കാര്യം, എല്ലാ ചേട്ടന്മാരും, ചേച്ചിമാരും ഇഡ്ഡലിയുടെ ഫാനാണെന്നാണ്. കുറച്ച് കുഴിയുള്ള പാത്രത്തില്‍ രണ്ട് ഇഡ്ഡലിയിട്ട്, അതിന്റെ മീതെ കപ്പുക്കൊണ്ട് സാമ്പാര്‍ കോരിയൊഴിച്ച് കൊടുക്കുന്നത് കണ്ട് എനിക്ക് അതിശയമാണ് തോന്നിയത്.

മനോജും ബാബുവും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇഡ്ഡലിയിലേക്ക് മാറിയിരുന്നു. രണ്ട് ടിസ്പ്പൂണ്‍ കൊണ്ട് പായസം കുടിക്കുന്ന പോലെ ഇഡ്ഡലി തിന്നുന്നത് കണ്ട് ഞാന്‍ അവന്മരെ കളിയാക്കുക പതിവായിരുന്നു. പക്ഷെ, ഒരു പാടു കാലം ദൈവം അതിനു സമ്മതിച്ചില്ല എന്നു മാത്രമല്ല, എന്നെ സാമ്പാര്‍ കുടിപ്പിച്ച് നല്ലൊരു ‘അണ്ണനാക്കി‘.

പതിവുപോലെ ഒരു ദിവസം രാവിലെ രത്നാ കഫേയില്‍ എത്തിയ ഞാന്‍ മസാലദോശ കഴിച്ചു കൊണ്ടിരിക്കുന്ന സമയം. അവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരനോട് കുറച്ച് സാമ്പാര്‍ ചോദിച്ചതാണ് എന്നെ സാമ്പാര്‍ ഇഡ്ഡലിയുടെ ഫാനാക്കിയത്. നമ്മുടെ നാട്ടില്‍ പൂരത്തിനൊക്കെ ചേച്ചിമാര്‍ താലം പിടിച്ചു നില്‍ക്കുന്നതു പോലെ, ഒരു ചേട്ടന്‍ കൈയില്‍ താങ്ങിപ്പിടിച്ച ഒരു ട്രേയുടെ മുകളില്‍ വെച്ച ഒരു കപ്പില്‍ നിറയെ സാമ്പാറുമായി വന്നു. അവിടെ ദോശയിലേക്ക് സാമ്പാര്‍ ചോദിച്ചാലും കപ്പിലാണ് സപ്ലൈ എന്ന് ഞാന്‍ ചിന്തിച്ചില്ല. വന്നപാടെ അങ്ങേര് കപ്പൊന്നു കമഴ്ത്തി! ഞാന്‍ നോക്കുമ്പോള്‍ പുഴയില്‍ മുങ്ങുന്ന വഞ്ചി പോലെ നമ്മുടെ ദോശ. ഒരല്പം സാമ്പാറ് ചോദിച്ച എനിക്കു കിട്ടിയ സമ്മാനം! എന്തായാലും വേറെ നിവൃത്തിയില്ലാഞ്ഞ ഞാന്‍ അതു കഴിച്ചു തുടങ്ങി. കഴിക്കുന്തോറും ടേസ്റ്റ് കൂടിക്കൂടി വരുന്നു.

“ഓഹോ, ഇതാണല്ലേ ഗുഡന്‍സ്!“ മനസ്സിലൊന്നു പറഞ്ഞു.

പിന്നെ മദ്രാസില്‍ പോയപ്പോഴൊക്കെ രത്നാ കഫേയില്ലാതെ എന്തോന്നു ദിവസം എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. രണ്ടു ഇഡ്ഡലിയും ഒരു വലിയ കപ്പ് സാമ്പാറും, വെറും നാലുരൂപക്കടിച്ച് ഞാന്‍ മലയാളികളുടെ മാനം രക്ഷിച്ചുകൊണ്ടിരുന്നു.

ദുബൈയില്‍ ആയിരുന്നപ്പോഴും, ഇപ്പോള്‍ ഷാര്‍ജയിലേക്ക് താമസം മാറ്റിയപ്പോഴും ആഴ്ച്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ശരവണ ഭവനോ, മദ്രാസ് വെജിറ്റേറിയന്‍ റെസ്റ്റോറന്റോ സന്ദര്‍ശിക്കുക പതിവാക്കി.

കൂടുതല്‍ ഇഷ്ടം മദ്രാസ് വെജിറ്റേറിയന്‍ റെസ്റ്റോറന്റ് തന്നെ. ഒറ്റക്കിരുന്നു ആ പഴയ രത്നാ കഫേയുടെ പഴമ ചേര്‍ത്ത അന്തരീക്ഷവും, പിന്നെ ആ സാമ്പാര്‍ ഇഡ്ഡലിയും ആസ്വദിക്കുന്നതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെ! ഒപ്പം ജീവിതത്തിലെ ആ പഴയ നല്ല നാളുകള്‍ മനസ്സിലേക്കെടുത്ത് ഒന്നു പോളിഷ് ചെയ്യല്‍.

എന്തെല്ലാമോ നേടിയെങ്കിലും, മറ്റെന്തൊക്കെയോ നഷ്ടപ്പെട്ട പോലെ! പല മുഖങ്ങളും എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ഞാന്‍ എന്തായിരുന്നു എന്നതിനേക്കാളുപരി, എന്താകുമെന്ന ഒരസ്വസ്ഥത.

വല്ലപ്പോഴും കിട്ടുന്ന പഴയ കൂട്ടുകാരുടെ ഇമെയിലുകള്‍ ഒരായിരം വര്‍ണ്ണങ്ങള്‍ മനസ്സില്‍ വിതറുമ്പോള്‍, എങ്ങിനെ കണ്ടില്ലെന്നു നടിക്കും. ഇടക്ക് ഞാന്‍ ചിന്തിക്കും, ജീവിച്ചിരിപ്പുണ്ടെങ്കില്‍, എന്റെ വാര്‍ദ്ധക്യത്തില്‍ ഈ കൂട്ടുകാരില്‍ ആരെയെങ്കിലും കണ്ടു മുട്ടിയാല്‍! ജീവിതത്തിന്റെ സായം സന്ധ്യയില്‍ അതില്പരം വേറെ സന്തോഷമുണ്ടാകുമോ?

Wednesday, April 16, 2008

ഹലോ ചെന്നൈ (ഭാഗം 2)

വൈകുന്നേരം ഓഫീസിലെത്തിയ ഞാന്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ‘പ്രശ്നത്തെ’ (പ്രശാന്ത്) നോക്കി കുത്തിയിരിപ്പു തുടങ്ങി. നീണ്ട ഒരു മണിക്കൂറിനൊടുവില്‍ തന്റെ ആഗമനം സ്വതസിദ്ധമായ ചിരിയില്‍ അറിയിച്ച് അടുത്തുകണ്ട ഒരു കസേര വലിച്ചിട്ടിരുന്നു.

പിന്നെ തുടങ്ങി ‘ബാലീവധം‘ കഥാപ്രസംഗം. പ്രൊജെക്റ്റിന്റെ വിവരണവും, ടെക്നോളജിയും, എന്റെ റോളും, ഞാന്‍ ചെയ്യേണ്ടതും, ചെയ്യാന്‍ പടില്ലാത്തതും തുടങ്ങി ഉണ്ണുന്നതും ഉറങ്ങുന്നതും വരെ (അത്രക്കങ്ങണ്ട് പോയില്ല. എഴുതുമ്പോള്‍ എന്തുമാവാമല്ലോ എന്നുള്ള ചിന്തയാണ് ഇതൊക്കെ ചെയ്യിക്കുന്നത്.) അവന്‍ വിശദീകരിച്ചു കൊണ്ടിരുന്നു.

വധം അതിന്റെ പാരമ്യതയിലേക്ക് കടക്കുന്തോറും ഞാന്‍ കൂടുതല്‍ പുകഞ്ഞു തുടങ്ങി . ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞാല്‍ പിന്നെ എന്താണെന്ന് എനിക്കറിയാത്തതിനാല്‍ ഇനിയെങ്ങിനെ പ്രതികരിക്കും എന്നുള്ളത്, ഒരു ചോദ്യ ചിഹ്നമായി എന്റെ മുമ്പില്‍ ബ്രേക് ഡാന്‍സ് ചെയ്തു കൊണ്ടിരുന്നു.

എന്നെ എല്ലാം പഠിപ്പിച്ചു വിട്ടാല്‍ മതി എന്ന മദ്രാസ്സില്‍ നിന്നുള്ള ബാബുവിന്റെയും, മനോജിന്റെയും (അനുവാദം കിട്ടിയാല്‍ ഞങ്ങള്‍ വിളിക്കുന്ന പേര് പ്രസിദ്ധീകരിക്കാം. അടങ്ങിയിരുന്നില്ലേല്‍ അടുത്ത പ്രാവശ്യം പോസ്റ്റും! ജാഗ്രതൈ!) ആവശ്യം അപ്പടി നിറവേറ്റാം എന്നുള്ള പ്രശാന്തിന്റെ വ്യാമോഹം അങ്ങ് അമേരിക്കയിലെ ‘ആ വളവിനടുത്തുള്ള‘ ജംഗ്ഷനും കടന്ന് ‘ജോണ്‍ ഐസക്കിന്‘ (ഇതാരാണെന്നറിഞ്ഞില്ലേല്‍ നിങ്ങള്‍ക്കുറക്കം വരില്ലേ? എല്ലാം അറിയണമെന്നു വെച്ചാല്‍ പറ്റില്ല. ഇതൊന്നറിയാതെ പോട്ടെ. അല്ല പിന്നെ!) സ്ത്രീധനമായിക്കിട്ടിയ പത്തേക്കര്‍ കാപ്പിത്തോട്ടത്തില്‍ ചെന്നു വീണു.

എന്തിനേറെ പറയുന്നു! അവന്‍ പരാജയം സമ്മതിച്ച് ദയനീയമായി എന്നെ ഒന്നു നോക്കി, ഇനി ‘സ്വയം സേവ‘ എന്നുപറഞ്ഞ് ആസനം വിട്ടെഴുന്നേറ്റു. അന്നേരം അവന്റെ മുഖത്ത് വിരിഞ്ഞ ‘സ്പെഷ്യല്‍ ഇഫക്ട്‘ കണ്ട ഞാന്‍ വേഗം സോറി ചേട്ടാ..ഞാനൊരു പാവമാണേയ്’ എന്നുള്ള ഭാവേന, അവ്ന്റെ മുഖത്ത് പ്രതിഷ്ഠിച്ചിരുന്ന നോട്ടം ‘മമ്മൂട്ടിക്ക്‘ പോലും അസൂയയുണ്ടാക്കുന്ന വിധം അങ്ങ് ശൂന്യതയിലേക്ക് ഡൈവെര്‍ട്ട് ചെയ്തു.

എന്നെ ജാവയും അതിനോട് ബന്ധപ്പെട്ട മറ്റു ടെക്നോളജികളും പഠിപ്പിച്ചത് ‘പ്രശാന്ത്’ ആണെന്നു അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാം എന്നുള്ളതായിരുന്നു പെട്ടെന്ന് വിശദീകരണം നിര്‍ത്താന്‍ അവനെ നിര്‍ബന്ധിതനാക്കിയത്. ഇക്കാര്യം എനിക്കും ‘പ്രശ്നത്തിനും’ അറിയാമെന്നുള്ളതു കൊണ്ട് രണ്ട് പേര്‍ക്കും അക്കാര്യത്തില്‍ നോ ഒബ്ജെക്ഷന്‍.

കുറച്ച് കഴിഞ്ഞപ്പോള്‍ ഡിന്നര്‍ കഴിക്കാനുള്ള തിരുമാനവുമായി, ഞാനൂം പ്രശാന്തും പിന്നെ അവന്റെ അനുയായികളുമായ ഫയെസ്, രതീഷ് എന്നിവരും ഹോട്ടലിലേക്ക്. എന്തൊക്കെയോ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു തീറ്റ തുടങ്ങി.

അപ്പോഴാണ് മേശപ്പുറത്തിരുന്ന കുപ്പികള്‍ ഞാന്‍ ശ്രദ്ധിച്ചത്. പഴയ രണ്ട് കള്ളു കുപ്പികള്‍, ഫുള്‍ ബോട്ടിലായി, ആര്‍ക്കും എടുക്കാം, കുടിക്കാം എന്നുള്ള വിനയന്വിതമായ ഭാവത്തോടെ മേശയുടെ ഒത്ത നടുക്ക് ഇരിക്കുന്നു. ഇടക്കിടെ മൂവര്‍സംഘം എടുത്തടിക്കുന്നുമുണ്ട്. ഞാനാണെങ്കില്‍ അന്നേവരെ (ഇന്നേവരെയും!) ഈ സാധനം കൈകൊണ്ട് തൊട്ടിട്ടില്ല.

നല്ല എരിവുള്ള കറിയടിച്ചിട്ടും കുപ്പി തൊടാതെ അന്തം വിട്ടിരിക്കുന്ന എന്റെ അവസ്ഥയും, സംശയത്തോടെയുള്ള നോട്ടവും മനസ്സിലായിട്ടെന്ന വണ്ണം അവര്‍, അന്നേ വരെ മലയാള സിനിമയില്‍ കാണിച്ചിട്ടുള്ള ഏറ്റവും നല്ല അവാര്‍ഡ് നേടിയെടുത്ത കള്ളു കുടി സീനിനെ പോലും നിഷ്പ്രഭമാക്കി തകര്‍ത്തഭിനയിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോഴും ഇന്ദ്രന്‍സിന്റെ റോളില്‍ തന്നെ.

ബില്ല് വന്നപ്പോഴാണ് അത് വാറ്റു ചാരയമല്ല, വെറും പച്ചവെള്ളമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എന്നാലും ആകെ ഒരു കണ്‍ഫ്യൂഷന്‍, അതു കൊണ്ട് കുപ്പിയെ വീണ്ടും അകറ്റി നിര്‍ത്തി.

തിരിച്ച് വീണ്ടും ഓഫീസിലെത്തിയ ഞാന്‍ അവരെ ബോധിപ്പിക്കാന്‍ വേണ്ടി പ്രിപരേഷന്‍ തുടങ്ങി, പുലര്‍ച്ചെ ഒരു മൂന്നു മണിയായപ്പോള്‍ ക്ഷീണമകറ്റാന്‍ വേണ്ടി എല്ലാവരും വീണ്ടും പുറത്തേക്ക്.

എന്റെ നല്ല ഭാവിയുടെ പ്രധാന കാരണക്കാരനായ ‘അജയിന്റെ‘ വീടിനു മുമ്പിലൂടെ ഒരു പ്രദക്ഷിണം.(വൈറല്‍ പിടിപെട്ട് മദ്രാസില്‍ നിന്നും തിരിച്ചു വന്ന അജയിന്റെ വീട് തൃശൂര്‍ ടൌണില്‍ തന്നെയായിരുന്നു.). മനസ്സില്‍ അവന് ആശംസകള്‍ (ഒപ്പം നന്ദിയും) അര്‍പ്പിച്ച് അവ്ന്റെ പട്ടിയുടെ കുരക്കാനുള്ള ആരോഗ്യമൊക്കെ ഒന്നു ടെസ്റ്റ് ചെയ്ത് അങ്ങ് മുന്നേറി. നടന്നെത്തിയത് എം.ജി റോഡിലെ ഒരു ജൂസ് കടയില്‍. ഇപ്രാവശ്യം ജൂസിലൊതുക്കി.

പിന്നെ തിരിച്ച് വീണ്ടും ഓഫീസില്‍ വന്ന് ഒരു കസേര മയക്കം. രാവിലെ എഴുന്നേറ്റ് ഉറങ്ങുകയായിരുന്ന എല്ലവരേയും ഉണര്‍ത്തി ഗുഡ് മോണിങ്ങ് പറഞ്ഞ് സ്വന്തം വീട്ടിലേക്ക്.

വൈകുന്നേരം പെട്ടിയും, ബാഗുമൊക്കെയായി വീണ്ടും ഓഫീസിലേക്ക്. അവിടെ നിന്നു ഞാനും ആരോഗ്യത്തോടെയിരിക്കുന്ന ഒരേയൊരു ജാവ ടീം മെംബെര്‍ ആയ സോണിയും മദ്രാസിലേക്ക്. ജാവയിലേക്കുള്ള ആദ്യ കാല്‍ വെപ്പ്. മനസ്സിനൊക്കെ ഒരു ഫ്രഷ്നെസ്സ്! ഞാനും എന്തെങ്കിലുമൊക്കെയായി എന്ന ആത്മവിശ്വാസം.

തീവണ്ടി യാത്രയുടെ രസവും, നീരസവും ആസ്വദിച്ച് ഞങ്ങള്‍ ട്രെയിനിനൊപ്പം കുതിച്ചു പാഞ്ഞു.(സോറി, ഇഴഞ്ഞു നീങ്ങി. ക്ഷമ പരീക്ഷിക്കല്ലെ മഹത്തായ ഇന്ത്യന്‍ റെയില്‍ വേ!)

യാത്രക്കിടയില്‍ ഞാന്‍ ബി ഐ പി എല്ലില്‍ കയറുന്നതിനു മുമ്പ് സി,സി++ ട്രെയിനര്‍ ആയി ജോലി നോക്കിയിരുന്ന പെന്റാസോഫ്റ്റിലെ മാനേജരെ കാണാനിടയായി. വര്‍ത്തമാനത്തിനിടയില്‍ അദ്ദേഹം പെന്റസോഫ്റ്റ് വിട്ട് (അതു ഞാന്‍ പോന്നതിനു ശേഷം പൂട്ടിപ്പോയിരുന്നു) ഏതോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആണെനന്നും മനസ്സിലായി.

വായില്‍ തോന്നിയതെന്തും വിളിച്ചു പറയുന്ന സ്വഭാവമുള്ള അങ്ങേര് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിക്കാന്‍ വന്ന പിള്ളേരെ പൊട്ടന്മാരും മന്ദബുദ്ധികളും എന്നൊക്കെ അന്ന് ‘അഭിനന്ദിച്ചപ്പോള്‍‘ ഒന്നു നൊന്തു.

സ്വന്തം ഭാവി തന്നെ സുരക്ഷിതമാക്കാന്‍ വിളറി പിടിച്ചു നടന്നിരുന്ന ആ പഴയ മാനേജര്‍ ഇതു വായിച്ചെങ്കില്‍ ഒന്നറിയുക. നിങ്ങളുടെ ഒരു പഴയ ‘പൊട്ടന്‍ വിദ്ധ്യാര്‍ത്ഥി‘ എന്നോടൊപ്പം ജോലി ചെയ്യുന്നു! അന്തസ്സായി! നിങ്ങളുടെ കീഴില്‍ നിന്നു തന്നെ പഠിച്ചിറങ്ങിയ സമ്പാദ്യവുമായി, അതില്‍ക്കൂടുതല്‍ സ്വന്തം പ്രയത്നത്തിലൂടെ! “കണ്ണുണ്ടെങ്കില്‍ കണ്ടുപഠിക്കണം അവനെ... നിങ്ങളും ഞാനും! അല്ലെങ്കില്‍ കൊണ്ടു പഠിക്കാം!“

(അവസാന വാചകത്തിന് കടപ്പാട് : ദുബായിലെ ഹിറ്റ് 96.7 എഫ്. എം. വാര്‍ത്താ ബുള്ളറ്റിനിലെ സ്പെഷ്യല്‍ ന്യൂസ്)

എന്റെ പ്രിയ സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഇതിന്റെ ഭാഗം-1 വായിച്ച് വളരെ നൊസ്റ്റാള്‍ജിക് ആയി പലതവണ എന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും തിരക്കിനിടയില്‍ ഞാന്‍ അറിഞ്ഞില്ല. പിന്നീട് ജിടോക്കില്‍ വന്ന് “നിന്റെ പോസ്റ്റ് വായിച്ച ശേഷം വല്ലാതെ ലോണ്‍ലിനെസ്സ്“ എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ച നിനക്കു വേണ്ടിത്തന്നെയാവട്ടെ ഈ പോസ്റ്റ്.

(തുടരും)

Thursday, April 10, 2008

ഹലോ ചെന്നൈ (ഭാഗം 1)

ഓഫീസില്‍ പോകാതെ മടി പിടിച്ചിരുന്ന ഒരു ഉച്ചയ്ക്കാണ് ഞാന്‍ ജോലി ചെയ്തിരുന്ന തൃശൂരിലെ ബി ഐ പി എല്‍ എന്ന കമ്പനിയില്‍ നിന്നും കൃഷ്ണകുമാറിന്റെ ഫോണ്‍ വന്നത്, പിറ്റേന്ന് ഓഫീസില്‍ വരുന്നില്ലേ, എന്നും ചോദിച്ചു കൊണ്ട്! കാര്യമെന്താണെന്ന് ചോദിച്ചിട്ടൊന്നും പറഞ്ഞുമില്ല. എന്തോ വലിയ പരാതിയുള്ളതു പോലെയുള്ള അവന്റെ സംഭാഷണം കേട്ടപ്പോള്‍ ആദ്യം ഒരു പന്തികേടു തോന്നി. ഞാനറിയാതെ വല്ല കൊലക്കേസോ, പീഡനമോ ഉപബോധമനസ്സേട്ടന്‍ ഒപ്പിച്ചുവോ? ചെറുപ്പത്തിലേ ബോധമില്ലത്തവന്‍ എന്ന സര്‍ട്ടിഫിക്കറ്റ് വീട്ടുകാര്‍ തന്നിരിന്നതിനാല്‍ അതിനു വളരെയേറെ സാധ്യതയുണ്ടായിരുന്നു.

ഫോണ്‍ വെച്ച ശേഷം ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു. പെട്ടെന്നാണ് എന്റെതുമാത്രമായ, അല്ലെങ്കില്‍ എന്റെ അറിവില്‍ ദൈവം എനിക്കായ് മാത്രം തന്നിട്ടുള്ള വരമെടുത്ത് പ്രയോഗിക്കാന്‍ തിരുമാനിച്ചത്. അതെ!ബാത്രൂമില്‍ കയറി ഒന്നു കുളിപാസ്സാക്കുക? സാധാരണ ഗതിയില്‍ മറന്നു പോയ പല കാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നതും, എന്റെ ജീവിത പങ്കാളിയായ ‘ലോജിക്’ മിന്നുന്നതും അന്നേരമാണ്. രാവിലെ കുളിച്ചതാണ്, വീണ്ടും ശരീരം വൃത്തികേടാക്കണോ? മാത്രമല്ല കുളി കഴിഞ്ഞ് തോര്‍ത്തുന്നതും, തുണിയുടുക്കുന്നതും എനിക്ക് വലിയ കടമ്പയാണ്. അതിനേക്കാളും ഈസിയായി എനിക്ക് തോന്നിയിരുന്നത് പറമ്പില്‍ കടന്ന് മദം പൊട്ടിയ ആനയുടെ ഇഷ്ടവിനോദമായ ‘തെങ്ങു മറിച്ചിടല്‍’ ആണ്. പക്ഷെ അത്രക്കങ്ങട്ട് പോകേണ്ടി വന്നില്ല. കുളിക്ക് മുന്നോടിയായി സ്റ്റോറൂമില്‍ കടന്ന് കയ്യില്‍ കിട്ടിയ എന്തോ ഒരു പലഹാരം വളരെ ആത്മാര്‍ത്ഥതയോടെ തിന്നുന്നതിനിടയിലാണ് കൃഷ്ണന്റെ ഫോണ്‍ വിളിയുടെ ഗുഡന്‍സ് പിടികിട്ടിയത്. ഓഫീസിലെ അന്നത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ രൂപം ഉണ്ടായിരുന്നത് കൊണ്ട് കാര്യം മണത്തു. വീട്ടില്‍ ഞാന്‍ ഇക്കാര്യം ഒന്നും പറഞ്ഞില്ല. വിളിച്ചു വരുത്തി സദ്യ തരാതെ വിട്ടയച്ചാലോ എന്നുള്ള ഒരു സന്ദേഹം ഇല്ലാതിരുന്നില്ല. കൃഷ്ണന്റെ നല്ല സ്വഭാവമനുസരിച്ച് അതില്‍ കൂടുതലും പ്രതീക്ഷിക്കേണ്ടതാണ്! (കൃഷ്ണാ, എന്നെ തല്ലല്ലേ... ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു കഴിഞ്ഞോട്ടെ!)

പിറ്റേന്ന് ഓഫീസിലെത്തിയ എന്നെ കാത്തിരുന്നത് ഒരു സന്തോഷവും, ഒപ്പം ഒരു സങ്കടവുമായിരുന്നു. സന്തോഷം എന്തായിരുന്നു എന്നു വെച്ചാല്‍, ‘ജാവയില്‍‘ ജോലി ചെയ്യാനുള്ള ഒരു അവസരം. പക്ഷെ മദ്രാസ്സിലേക്ക് പോകണമെന്നുള്ളത് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. വീട്ടില്‍ പറമ്പിലെ പണിക്ക് വന്നിരുന്ന തമിഴരെ കുറെ കണ്ടിട്ടുള്ളതിനാല്‍ അവരോട് വല്ലാത്തൊരു ഇഷ്ടക്കേട് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പോയില്ലെങ്കില്‍ എന്റെ ഭാവി മദ്രാസ് വാസത്തേക്കാള്‍ കുഴങ്ങുമെന്നുള്ളതു കൊണ്ട്, ‘അണ്ണാച്ചികളുടെ’ നാട്ടില്‍ ജോലി ചെയ്യുന്നതിന്റെ ഇഷ്ടക്കേട് ഞാന്‍ പുറത്ത് കാട്ടിയില്ല. (പിന്നീട് ഈ അണ്ണാച്ചികളെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങി എന്നുള്ളത് വേറെ കാര്യം. നമ്മള്‍ കുറെ കാര്യങ്ങള്‍ അവരെ കണ്ടു പഠിക്കേണ്ടതുണ്ട്.)

അതു വരെ ‘വിഷ്വല്‍ ബേസിക്’ ഉപയോഗിച്ച് മാത്രം ചെറുവക പ്രോഗ്രാമിങ്ങ് ചെയ്തിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും ജാവയിലേക്കോ മറ്റോ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അന്ന് ‘ജാവക്കാര്‍‘ ചെയ്യുന്ന കാര്യങ്ങള്‍ നോക്കി കൊതിയോടെ ഇരിക്കുക എന്നുള്ളത് എന്റെ ഹോബിയായി മാറിയിരുന്നു. ഓഫീസിലെ ‘വി ഐ പി സാറന്മാര്‍‘ ( ചുമ്മാ!!!) എന്നെങ്കിലും കനിയും എന്നുള്ള എന്റെ പ്രതീക്ഷകളൊക്കെ തെറ്റിയിരുന്ന സമയവുമായിരുന്നു അന്ന്. ഓടിച്ചിട്ടു തല്ലിയാലോ അതോ ഉച്ചക്കുള്ള ഇറച്ചിയും മീനും കണ്ടാല്‍ ഒടുക്കത്തെ സ്നേഹം കാണിച്ചിരുന്ന അവന്മാര്‍ക്ക് ഭക്ഷണത്തില്‍ മായമോ, സോപ്പും പൊടിയോ കലര്‍ത്തി കൊടുത്താലോ എന്നൊക്കെയുള്ള ബുദ്ധികള്‍ ഞാന്‍ മനസ്സിലിട്ട് ഉഷാറാക്കിക്കൊണ്ടിരുന്നു. സെമിനാറുകളിലും, മറ്റു മീറ്റിങ്ങുകളിലും, ഞാനും ഓഫീസിലെ ‘കൂടപ്പിറപ്പുകളും‘ ചെയ്യുന്നത് ഒന്നുമില്ലെന്നുള്ള ‘അവരുടെ യാഥാര്‍ഥ്യം‘ എനിക്ക് ‘അത്യാവശ്യം മനസ്സിലായെങ്കിലും‘ കുറച്ചുകാലം പുറത്തുകാണിച്ചില്ല; എന്നു മാത്രമല്ല എനിക്ക് അവരോടുള്ള നീരസം കൂടിക്കൂടി വന്നു. അതിനിടക്കാണ് ബി എസ് എന്‍ എല്‍ ന്റെ ഒരു പ്രൊജെക്റ്റ് വന്നത്. അതിലും ഞാന്‍ ഉണ്ടാകാതിരുന്നപ്പോള്‍ എന്റെ സകല പ്രതീക്ഷയും പോയി. വി ബി യില്‍ ജോലി ചെയ്തിരുന്ന ഞാന്‍, ജാവയില്‍ കടക്കാനുള്ള എന്റെ ആഗ്രഹം കാണിക്കാനായി സെമിനാറുകളില്‍ വി ബി യെ തള്ളിപ്പറഞ്ഞു കൊണ്ടിരുന്നു. അതും പറഞ്ഞ് തമാശിച്ചു എന്നല്ലാതെ, എന്റെ പ്രകടനങ്ങള്‍ക്ക് ഫലം കാണുകയുണ്ടായില്ല.

അങ്ങിനെ എന്റെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി, കോഴിമുട്ടയില്‍ മന്ത്രം ചൊല്ലി ഊതി, അതിനെ പൊരിച്ച് സാറന്മാര്‍ക്ക് കൊടുത്തതിന്റെ ആഫ്റ്റര്‍ ഇഫെക്റ്റ് ആയി, പ്രൊജെക്റ്റിന്റെ ഇമ്പ്ലിമെന്റേഷനു മദ്രാസില്‍ പോയ ആര്‍ക്കൊക്കെയോ വൈറല്‍ പിടിപെട്ടു. അസുഖം ബാധിച്ചവരെ അവിടെ നിര്‍ത്തുന്നത് എന്തു കൊണ്ടും നഷ്ടമാണെന്ന് കമ്പനിക്ക് ബോദ്ധ്യമായപ്പോള്‍ (അതിലേറെ മദ്രാസില്‍ നില്‍ക്കുന്നത് സ്വന്തം കാലിനടിയില്‍ കുഴിക്കുന്നതിന് തുല്യമാണെന്ന് ടീമിലുള്ളവര്‍ക്ക് ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു.) തിരിച്ച് തൃശൂരിലേക്ക് പോന്നോളാന്‍ പറഞ്ഞു. അവിടെ തുടങ്ങി എന്റെ ഊഴം.

അന്ന് ഞാന്‍ അവിടത്തെ ട്രെയിനിങ്ങ് ഡിവിഷനില്‍ ക്ലാസ്സ് എടുക്കുന്ന പണി കൂടെ ചെയ്തിരുന്നു. എന്തായാലും ‘പവര്‍ബില്‍ഡര്‍‘ അറിയാത്ത ഞാന്‍ അതിന്റെ ക്ലാസ്സ് എടുക്കുന്നത് നിര്‍ത്തി ആ ഭാരം ജാവ പ്രൊജെക്റ്റിന്റെ പ്രധാന സൂത്രധാരനായിരുന്ന ‘ഭുജി, പ്രശ്, പ്രശ്നം’ എന്നീ വിവിധ പേരുകളിലറിയപ്പെടുന്ന പ്രശാന്തിന് കൈമാറി, വിശാലമായ ജാവയുടെ ലോകത്തേക്ക് പറക്കാന്‍ തയ്യാറായി നിന്നു. തലക്കുള്ളില്‍ ആരോ തലച്ചക്രം തീകൊടുത്തപോലെ ഒരു ഫീലിങ്ങ്! സന്തോഷം അതിന്റെ അങ്ങേയറ്റത്തേക്ക് കടന്നു. അതു വരെ ചെയ്തിരുന്നതിന്റെ നോള്‍ഡ്ജ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കലുമായി ഞാന്‍ നടന്നു. പ്രൊജെക്റ്റിനിടയില്‍ എപ്പോഴും തമാശക്ക് ഫൈറ്റ് ചെയ്തോണ്ടിരുന്ന സ്മിത(ഇടക്കിടെ എന്നെ ഇവള്‍ പുറത്തേക്കെറിയാനൊക്കെ നോക്കുമായിരുന്നു. ഡി വൈ എസ് പി യുടെ മകളായതു കൊണ്ട് പാവം ഞാന്‍ അതെല്ലാം സഹിച്ചു!) ബിജിത, പ്രിന്‍സി, പ്രസീദ, മറ്റ് ആണ്‍ വര്‍ഗ്ഗങ്ങള്‍ എന്നിവരോടൊക്കെ കുറച്ച് കൊച്ചുവര്‍ത്തമാനം.

പിറ്റേന്ന് വൈകിട്ടാണ് മദ്രാസില്‍ പോകേണ്ടത്. അതുകൊണ്ട് ഓഫീസ് സമയം കഴിഞ്ഞ്, അന്നു തന്നെ പ്രശാന്തിന്റെ ഇന്‍ഡ്രഡക്ഷന്‍ ക്ലാസ് ഉണ്ട്. പ്രൊജെക്റ്റിനെക്കുറിച്ചും, ഉപയോഗിക്കുന്ന ടെക്നോളജീസിനെക്കുറിച്ചും ഒരു വിവരണം. എന്നെ സംബന്ധിച്ചാണെങ്കില്‍ അതു വളരെ അത്യാവശ്യമായിരുന്നു. വൈകുന്നേരം ആറുമണിക്ക് വന്ന് ക്ലാസ് അറ്റെന്‍ഡ് ചെയ്ത്, രാത്രിയില്‍ ഓഫീസില്‍ തങ്ങാം എന്നുള്ള തീരുമാനത്തില്‍ ഉച്ചക്ക് ഓഫീസില്‍ നിന്നിറങ്ങി തൃശൂരിലെ സഫയറിലേക്ക് വിട്ടു, ചിക്കന്‍ ബിരിയാണിയടിക്കാന്‍! സന്തോഷ ദിനങ്ങളില്‍ ‘കുശാലായ ഫുഡടി’ എന്നെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പക്ഷെ കഴിക്കുന്നതിനിടയില്‍, മദ്രാസിലെ കഷ്ടപ്പാടുകളോര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ എന്നെ നോക്കി ചിരിച്ചതോ, അവ പരസ്പരം എന്നെ കളിയാക്കിയതോ ഞാന്‍ അറിഞ്ഞില്ല!

(തുടരും)

Wednesday, March 19, 2008

ഒട്ടകങ്ങള്‍ വരി വരി വരിയായ്...

നാളെ നബിദിനം! പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ)യുടെ ജന്മദിനം. ഒരു പാടുണ്ട് പറയാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രസ്സയില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ആവേശവും, സന്തോഷവും ഒന്നും ഇന്നില്ല. നാട്ടിലാണെങ്കില്‍ മദ്രസ്സയില്‍ പോയി, കുട്ടികളെ പ്രോത്സാഹിപ്പിച്ച്, അവരുടെ പ്രസംഗവും, പാട്ടും എല്ലാം ആസ്വദിച്ച് ഒരു ആഘോഷം തന്നെയാക്കാം.

ദുബൈയിലേക്ക് വന്നതിന് ശേഷം, നബിദിനം പോലും മറവിയുടെ ലോകത്തേക്ക് തള്ളിയിട്ട്, അതിനെ വെറുമൊരു അവധി ദിവസത്തിന്റെ പ്രാധാന്യം മാത്രം കൊടുത്തിരുന്നു ഈ ഞാന്‍. ജീവിത പ്രാരാബ്ധ്ങ്ങള്‍ക്കിടയില്‍ മറന്നുപോയ പല ആഘോഷങ്ങളും പിന്നീട് തിരിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടി. എന്നാല്‍ നബിദിനം മാത്രം ഓര്‍ത്തില്ല. തിരക്കുകള്‍ക്കിടയില്‍, അല്ലെങ്കില്‍ തിരക്കുണ്ടെന്ന നാട്യത്തില്‍ ജീവിക്കുകയായിരുന്നോ ഞാന്‍? തെറ്റു പറ്റിപ്പോയി എനിക്ക്!

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍, മദ്രസ്സ പഠനകാലത്ത് വല്ലത്തൊരാവേശത്തോടെയായിരിന്നു നബിദിനത്തിനെ വരവേറ്റിരുന്നത്. നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകറുണ്ടായിരുന്നു. മിഠായിയായും, ലഡ്ഡുവായും ഒക്കെ ഒരുപാടു മധുരപലഹാരങ്ങള്‍ കിട്ടുമായിരുന്നു അന്ന്. മദ്രസ്സയിലെ മുതിര്‍ന്നവരായിരുന്നു ഘോഷയാത്രക്കിടയില്‍ പിടിക്കാനുള്ള കൊടിയുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. നാട്ടിലുള്ള ഭരതന്‍ മാഷിന്റെ പറമ്പിലും, പിന്നെ മാടായിപ്പറമ്പിലും ഒക്കെയായിരുന്നു അന്ന് കൊടിക്കാവശ്യമുണ്ടായിരുന്ന മുളവടിയും, പന വടിയും ഒക്കെ ഉണ്ടായിരുന്നത്. നബിദിനത്തിനും രണ്ട്മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പേ കിട്ടിയ വടികളെല്ലാം ചെത്തിമിനുക്കി ശെരിയാക്കി വെച്ചിരിക്കും. ഈ പണി മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്കാണ്. (ഈ വക കാര്യങ്ങളിലെല്ലാം ഞാന്‍ ഉണ്ടായിരുന്നു എന്നു പറയാന്‍ പറ്റില്ല. ചിലപ്പോഴൊക്കെ മാത്രം സഹകരിച്ചിരുന്നു. ഇപ്പോഴാണ് കുട്ടിക്കാലം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ പോലെയായിരുന്നു എന്ന് പശ്ചാത്തപിക്കുന്നത്)

നബിദിനത്തിന് തലേന്നാണ് കൊടിയുണ്ടാക്കുന്നതും, മദ്രസ്സ മുറ്റത്തും, മദ്രസ്സയോട് ചേര്‍ന്ന റോഡിലും ഒക്കെ അരങ്ങൊട്ടിക്കുന്നത്. പലവിധ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ച കൊടികളും, അരങ്ങും, കുട്ടികളും, മുതിര്‍ന്നവരും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന ആ അന്തരീക്ഷം ഒന്നു വേറെത്തന്നെയാണ്. ഘോഷയാത്രക്ക് തുടക്കമായി മൌലൂദ് പാരായണവും മറ്റും; ഖൂലൂ തക്ബീര്‍... അല്ലാഹു അക്ബര്‍ എന്നൊക്കെ വളരെ ആവേശത്തോടെയായിരുന്നു പറഞ്ഞിരിന്നത്.

ഘോഷയാത്രക്കിടയില്‍ മിക്ക വീടുകളില്‍ നിന്നും മിഠായിയും മറ്റും കിട്ടുമായിരുന്നു; കോട്ടപ്പടി നിസ്കാരപ്പള്ളിയില്‍ നിന്നും തരിക്കഞ്ഞിയും. തിരിഞ്ഞ് വീണ്ടും ഇരിങ്ങപ്പ്രം വഴി മമ്മിയൂര്‍ മദ്രസ്സയിലേക്ക്. അവിടത്തെ കുട്ടികളേയും കൂട്ടി ചൂല്‍പ്പുറം മദ്രസ്സയിലേക്ക്. ഇതിനിടയില്‍ സ്കൂളിലെ സഹപാഠികളുടെ വീടുകളും കടന്നു പോകും. വളണ്ടിയര്‍മാര്‍ കൊടുക്കുന്ന മിഠായികള്‍ കൂടാതെ സോപ്പിടാനായി എന്റെ വകയായും കൊടുക്കും; നബിദിനത്തിന്റെ പിറ്റേന്നോ, അതിന്റെ പിറ്റേന്നോ ഒക്കെയായിരിക്കും സാധാരണ സെക്കന്റ് മിഡ് ടേം പരീക്ഷ ഉണ്ടാകാറ്. നബിദിനച്ചൂടില്‍ പഠിത്തമൊക്കെ കുളമായി ചെല്ലുമ്പോഴാകും അന്നാണ് അല്ലെങ്കില്‍ പിറ്റേന്നാണ് പരീക്ഷ എന്നൊക്കെ അറിയാറ്. അങ്ങിനെയുള്ള ഒരു പരീക്ഷയിലാണ് ആറാം ക്ലാസ്സില്‍ ഇംഗ്ലീഷ് പദ്യം തെറ്റിക്കുകയും, മാര്‍ക്ക് കുറയുകയും ചെയ്തതിന് ഡ്രില്ലിന് വിടാതെ ക്ലാസ്സിലിരുത്തിയത്. ക്ലാസ്സ് വൃത്തിയാക്കാനായി നിങ്ങളുടെ ആഗ്നേയാ അടക്കം ഒരു കൂട്ടം പെമ്പിള്ളാര്‍ അന്നേരം അവിടുണ്ടായിരുന്നു. പെമ്പിള്ളാരുടെ ഇടയില്‍ ഒറ്റക്കിരിക്കരുത് എന്ന് ഒരു പാഠം പഠിച്ചത് അന്നാണ്. പെമ്പിള്ളാരെ ഒറ്റക്ക് കിട്ടിയാല്‍ നമ്മള്‍ കളിയാക്കി കൊല്ലും എന്നപോലെ തിരിച്ചും പ്രതീക്ഷിക്കാം എന്ന ലോകസത്യം പഠിപ്പിച്ചു തന്ന ആഗ്നേയാ... നിനക്ക് വണക്കം.

ഉച്ചയിലെ നെയ്ച്ചോറും, ബീഫ്കറിയും അടിച്ചുകഴിഞ്ഞാല്‍ പിന്നെ കളിയാണ്. കുറ്റിയും കോലും, കൊച്ചം കുത്തി, ക്രിക്കറ്റ് കളി അങ്ങിനെ പോകുന്നു ഐറ്റംസ്. രാത്രിയില്‍ പാട്ടും, പ്രസംഗവും, കഥാപ്രസംഗവും ഒക്കെയായി കുട്ടികളുടെ കലാപരിപാടികള്‍. വൈകുന്നേരമായാല്‍ തന്നെ തുടങ്ങും ഫൈനല്‍ പ്രക്ടീസ്. പ്രസംഗത്തിനൊന്നും ധൈര്യം പോരത്തത് കാരണം പാട്ടെടുത്ത് ഞാന്‍ തടിതപ്പും. സദര്‍ ഉസ്തതിന്റെ ‘കത്തി’ പ്രസംഗം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ കുട്ടികളുടെ പരിപാടികളാണ്. മദ്രസ്സയിലെ കേമന്മാരായ, മുബാറക്ക്, ഫൈസല്‍ എന്നിവരെ വെട്ടിച്ച് ഒരിക്കല്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്തോ ഭാഗ്യത്തിന് ഒന്നാം സ്ഥാനം കിടുകയും ചെയ്തു.(ഉപ്പ കൈകൂലി കൊടുത്തോന്നൊരു സംശയം...ഹി..ഹി..ഹി).

ആ പാട്ടിന്റെ ആദ്യവരി ഇന്നും ഓര്‍മ്മയുണ്ട്.

ഒട്ടകങ്ങള്‍ വരി വരി വരിയായ്...
കാരക്കത്തോട്ടത്തില്‍ നിര നിര നിരയായ്........

പിന്നെ എടുത്തുപറയേണ്ടത് ഉമ്മര്‍ ഉസ്താതിന്റെ പാട്ടുകളാണ്. ഘോഷയാത്രയിലും, രാത്രിയിലെ പരിപാടികളിലും അദ്ദേഹം മനോഹരമായ ഗാനങ്ങളാലപിക്കാറുണ്ട്. ഇന്നും നബിദിനത്തിന്റെ ചൂടും ചൂരും ചൂല്‍പ്പുറത്ത് നിറയുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

ഇന്ന്
മദ്രസ്സയിലെ കുട്ടികളുടെ എണ്ണം പരിതാപകരമായ രീതിയില്‍ കുറഞ്ഞിരിക്കുന്നു. ധാരാളം മുസ്ലീം സ്കൂളുകള്‍ കൂണുപോലെ മുളച്ചിരിക്കുന്നു. മദ്രസ്സയില്‍ പോകുന്നത് നാണക്കേടായോ അല്ലെങ്കില്‍ അതൊരു അത്യാവശ്യമില്ലാത്തതോ ആയ ഒന്നായി മാറിയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് ഗുണപ്രദമായ പരിഷ്കാരങ്ങള്‍ മദ്രസ്സയില്‍ ഒരുക്കാന്‍ അതിനു നിയോഗിക്കപ്പെട്ടവര്‍ വിസമ്മതിക്കുന്നു. മദ്രസ്സകള്‍ അതിന്റെ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നോ? എന്റെ നാട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് നാലോ അതില്‍ക്കൂടുതലോ ഖത്തീബ്മാര്‍ (പള്ളിയിലെയും മദ്രസ്സയിലേയും പ്രധാനി) വന്നുപോയി. നാട്ടിലെ മുസ്ലീങ്ങള്‍ക്കിടയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം ആരും സ്ഥിരമായി നില്‍ക്കുന്നില്ല. സുന്നിയും ജമാ‍അത്തെ ഇസ്ലാമിയും മറ്റും പരസ്പരം കടിച്ചുകീറുന്നു. പണക്കൊഴുപ്പ് രക്തബന്ധവും, മുലകുടി ബന്ധവും ഇല്ലാതാക്കി. ഒരു വിഭാഗം ജനങ്ങള്‍, കാലങ്ങളായി ചെയ്ത് പോന്ന പലകാര്യങ്ങളിലും നിസ്സഹകരണം ഏര്‍പ്പെടുത്തി.

നാളെ
എന്റെ നാട്ടില്‍ കലഹിച്ച് ഒരുപാടുപേര്‍. മുസ്ലീം, ഹിന്ദു, ക്രസ്ത്യാനി എന്നീ വേര്‍തിരിവുകള്‍ ഒരു കാലത്തും അറിഞ്ഞിട്ടില്ലാതെ വളര്‍ന്ന ഞാന്‍ അതു കൂടി കാണേണ്ടി വരുമോ?

നല്ലതു മാത്രം സംഭവിക്കട്ടെ, ഞാന്‍ സ്നേഹിക്കുന്ന, എന്റെ നാട്ടില്‍ നല്ലതു മാത്രം സംഭവിക്കട്ടെ.

Sunday, March 16, 2008

സലാം സൂരജ്

ജീവിതയാത്രയില്‍ ഒരുപാടുപേരെ പരിചയപ്പെട്ടിട്ടുണ്ട്, ഒരു പാടുപേര്‍ എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുമുണ്ട്. ഇന്നത്തെ എന്റെ അവസ്ഥക്ക് ഒരുപാടു പേരോട് കടപ്പെട്ടിരിക്കുന്നു. എങ്ങുമെത്തില്ലായെന്ന അവസ്ഥയില്‍ നിന്നും ഒരു താങ്ങായി കൈ പിടിച്ചുയര്‍ത്തിയവര്‍. അവരില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരാള്‍; സൂരജ്. അവനെ ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. ഒരു അദ്ധ്യാപകന്‍-വിദ്യാര്‍ത്ഥി എന്നതിനപ്പുറം സ്നേഹിതര്‍ എന്ന നിലയിലേക്ക് വളര്‍ന്ന ഒരു ബന്ധം... എന്നാലും എനിക്കവനോട് എപ്പോഴും ബഹുമാനമായിരുന്നു; ജീവിതത്തില്‍ ഒരുപാട് ആദര്‍ശങ്ങളുള്ള പച്ചയായ മനുഷ്യന്‍. ജീവിതത്തില്‍ എന്തൊക്കെയോ ആവണമെന്ന് ദൃഢനിശ്ചയം പുലര്‍ത്തിയവന്‍‍. പക്ഷേ! വിധിക്ക് മുമ്പില്‍ നിസ്സഹായനായി സ്വന്തം ജീവിതം ദൈവം തട്ടിയെടുക്കുന്നത് നോക്കിക്കണ്ടവന്‍.

തൃശൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്ന സമയം. ഫോക്സ്പ്രോ ക്ലാസ് എടുക്കാനാണ് അവന്‍ വന്നത്. ഇലക്ട്രോണിക്സില്‍ ഡിപ്ലോമ കഴിഞ്ഞ ഞാന്‍ കമ്പ്യൂട്ടര്‍ വേണോ, ഇലക്ട്രോണിക്സ് വേണോ എന്ന സംശയത്തില്‍ നടക്കുന്ന സമയം. ബുദ്ധിയുടെ കാര്യത്തില്‍ ട്യൂബ് ലൈറ്റിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് കൊണ്ട് പ്രോഗ്രാമിങ്ങ് പഠിത്തം വേണോ വേണ്ടേ എന്ന സംശയം ബലാബലം നടത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും ഫോക്സ്പ്രോ തുടങ്ങി... നിന്നെയും കൊണ്ടേ പോകൂ എന്ന രീതിയില്‍ ‘പ്രോഗ്രാമ്മിങ്ങ് ലോജിക് ഒക്കെ‘ പഠിപ്പിക്കുന്ന വാദ്ധ്യാരെ നോക്കി കളിയാക്കുകയോ അല്ലെങ്കില്‍ പൊട്ടത്തരങ്ങള്‍ കാണിക്കുകയോ ആയിരുന്നു മെയിന്‍ ഹോബികള്‍. എന്നെക്കാളും സൌന്ദര്യവും, അതിലേറെ സാമര്‍ത്ഥ്യവും ഉണ്ടായിരുന്ന സൂരജ്, പെമ്പിള്ളാരുടെ മുമ്പില്‍ ഹീറോയിസം കാണിക്കുന്നത് ഒരു തരത്തിലും ദഹിക്കാന്‍ എനിക്കു പറ്റിയിരുന്നില്ല. സെലെക്ഷന്‍ കണ്‍സ്ട്രക്റ്റ്സും, ലൂപ്പും ഒക്കെ എനിക്ക് പറഞ്ഞ് തന്ന് ആകെ ലൂപ്പായി നിന്ന അവനെ ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. ഫോക്സ്പ്രോ കഴിഞ്ഞു, ഒറാക്കിളും, വിഷ്വല്‍ ബേസിക്കും കഴിഞ്ഞ്, എന്ത് പ്രോഗ്രാമ്മിങ്ങ് എന്ന് അന്തം വിട്ടിരുന്ന ഞാന്‍ അടുത്തതെന്ത് എന്ന ചിന്തയിലായിരുന്നു. അതുവരെയുള്ള വര്‍ഷങ്ങള്‍ എല്ലാം വേസ്റ്റാക്കിയല്ലോ എന്ന വേദനയോടെ രണ്ടാമതും എന്നെ അഞ്ചു വയസ്സുകാരനാക്കണേ, ഞാന്‍ ഇനി നന്നായി പഠിച്ചോളാം എന്നൊക്കെ മുകളിലുള്ള ആളോട് പറയുമായിരുന്നു. പക്ഷേ അങ്ങേര്‍ക്ക് എന്നോട് ഒരു അലിവും ഉണ്ടായിരുന്നില്ല.

അടുത്ത സബ്ജെക്റ്റ് ‘സി ലാങ്വേജ്’ ആയിരുന്നു. എന്തായാലും ഞാന്‍ രണ്ടും കല്പിച്ച് സൂരജിന്റെ അടുത്ത് ചെന്നു, അടുത്ത് സബ്ജെക്റ്റ് അവന്‍ തന്നെ എടുക്കണം എന്നു പറഞ്ഞു. സൂരജ് കുളമാക്കിയ എന്റെ ഭാവി സൂരജ് തന്നെ നേരെയാക്കണം എന്നായിരുന്നു എന്റെ ആവശ്യം. അവന്റെ കയ്യില്‍ നിന്നു തന്നെ പ്രോഗ്രാമിങ്ങ് പഠിക്കണം എന്ന് എന്റെ ഒരു വാശിയായി. അപ്പോ അതാ അടുത്ത കുരിശ്. ആറു പേരെങ്കിലും ഇല്ലാതെ ക്ലാസ് നടത്താന്‍ പറ്റില്ലാത്രെ. യൂണിക്സ് പഠിക്കുകയായിരുന്ന ഞാന്‍ അവിടത്തെ പിള്ളാരെ ചാക്കിട്ട് പിടിച്ചു. പ്രോഗ്രാമ്മിങ്ങ് അടുത്തൂടെ പോയിട്ടില്ലാത്ത അവരെ ക്ലാസ്സിലിട്ടാന്‍ അത് എനിക്ക് ഉപകാരമാകും എന്നുള്ള എന്റെ ‘ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും സാമാന്യ ബുദ്ധി’ക്ക് ഫലം കണ്ടു. അത്യാവശ്യം പ്രോഗ്രാമിങ്ങ് ക്ലാസുകള്‍ ചെയ്ത ഞാന്‍ പ്രോഗ്രാമിങ്ങ് ജോലിയൊക്കെ ചെയ്യേണ്ടതിനു പകരം ‘ഫ്ലോ ചാര്‍ട്ട് പഠനം’ തുടങ്ങി. രണ്ടു സംഖ്യകളുടെ തുക കാണുക, സംഖ്യകളെ സ്വാപ് ചെയ്യുക തുടങ്ങിയ ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്ത് ക്ലാസിലെ കേമനായി. മെല്ലെ ഞാന്‍ കാര്യങ്ങള്‍ പഠിച്ചു തുടങ്ങി. ഏറ്റവും തലവേദന്യുണ്ടാക്കിയിരുന്ന്ന ലൂപ്പും കാര്യങ്ങളും ദഹിക്കാന്‍ തുടങ്ങി. ഇന്‍സ്റ്റിട്യൂട്ടില്‍ തലയുയര്‍ത്തി നടക്കാമെന്നായി. സൂരജ് എന്റെ സംശയങ്ങള്‍ എല്ലാം തീര്‍ത്തു തന്നിരുന്നു; ഒപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. അതു കഴിഞ്ഞ് ഞാന്‍ സി++ പകുതിയോളം സൂരജിന്റെ കയ്യില്‍ നിന്നും പഠിച്ചു.

‘സി++’പകുതിയായപ്പോള്‍ തന്നെ സൂരജ് അവിടെ നിന്നും രാജി വെച്ചു, വേറെ കമ്പനിയില്‍ ചേര്‍ന്നു. ഇടക്ക് ഇന്‍സ്റ്റിട്യൂട്ടില്‍ വരുമായിരുന്നു. ഇതിനിടെ ആളുടെ വിവാഹവും കഴിഞ്ഞു, ലവ് മാര്യേജ്. സൂരജിന്റെ മാതാപിതാക്കളുടെ വഴിതന്നെയായിരുന്നു അവനും തെരഞ്ഞെടുത്തത്. വ്യത്യസ്ഥ മതക്കാരായ അവര്‍ യാതാര്‍ഥ്യത്തെ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു. എങ്കിലും സൂരജിനെ കാണുമ്പോള്‍ വളരെ സന്തോഷവാനായിരുന്നു, എന്നും. അവസാനം അവനെ കണ്ടത് ഇന്‍സ്റ്റിട്യൂട്ടിന്റെ വാര്‍ഷിക പരിപാടിക്കിടയിലായിരുന്നു; അവന്‍ രാജി വെച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. അപ്പോഴേക്കും ഞാന്‍ ജാവ പ്രോഗ്രാമ്മര്‍ ആയി ഇന്‍സ്റ്റിട്യൂട്ടിന്റെ തന്നെ സോഫ്റ്റ്വയര്‍ ഡിവിഷനില്‍ എത്തപ്പെട്ടിരുന്നു.

വീണ്ടും എതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ഒരു ദീപാവലി നാളില്‍, പതിവു പത്രവായനക്കായി ഉറക്കച്ചടവോടെ പത്രം നിവര്‍ത്തിയ ഞാന്‍ ഞെട്ടിപ്പോയി. ‘അള്ളാ’ എന്ന വിളികേട്ട് ഉമ്മയും മറ്റും ഓടിവന്നു. വാക്കുകള്‍ കിട്ടാതെ ഞാന്‍ വിറക്കുകയായിരുന്നു. അന്നത്തെ ആ വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “ഭാര്യയുടെ ആത്മഹത്യ വിവരം അറിഞ്ഞ് ഹോസ്പിറ്റലിലേക്ക് ബൈക്കില്‍ യാത്ര തിരിച്ച ഭര്‍ത്താവ് ബസ്സപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു”. മൂന്നു മാസം പ്രായമാ‍യ അവരുടെ കുഞ്ഞിനെ അനാഥമാക്കി അവര്‍ രണ്ട് പേരും യാത്രയായി.. പ്രായമായ മാതപ്പിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ സമ്മാനിച്ച് പരാതികളും പരിഭവങ്ങളും ഇല്ലാതെ! നിസ്സാരപ്രശ്നങ്ങളില്‍ സ്വയം ജീവനൊടുക്കിയ ഭാര്യയുടെ മരണവിവരം താങ്ങാനാവതെ വന്നപ്പോള്‍ അവന്‍ സ്വയം അപകടം വരുത്തിയതാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞെന്നും പത്ര ഭാഷ്യം. സത്യം ഈശ്വരന് മാത്രമറിയാം.

എന്നാലും, പ്രശസ്തമായ ഏതെങ്കിലും ഒരു ഐ.ടി കമ്പനിയില്‍ ഉണ്ടാവേണ്ടിയിരുന്ന അവന്‍ ആഗ്രഹങ്ങളും, സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാനവാതെ മണ്ണോട് ചേര്‍ന്നു. ഇടക്കെല്ലാം അവന്‍ എന്റെ ഓര്‍മ്മയില്‍ വരും, ഒരു നോവായി. അപ്പോള്‍ ഈ പ്രവാസ ജീവിതത്തിലും കളയാതെ ഞാന്‍ സൂക്ഷിക്കുന്ന അവന്റെ നോട്ട്സ് മറിച്ച് നോക്കും.

നന്ദിയുണ്ട് സൂരജ്... ഒരുപാടൊരുപാട്. ഇതു നിനക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. നമുക്കു വീണ്ടും കണ്ട് മുട്ടാം, അങ്ങു ദൂരെ ആകശത്തിനുമപ്പുറം ഒരു സ്വര്‍ഗ്ഗരാജ്യത്ത് വെച്ച്.

Wednesday, February 13, 2008

ഐ ആം രാജ് ഫ്രം കല്‍ക്കട്ട...

വെള്ളിയാഴ്ചയിലെ രാവിലത്തെ ഉറക്കം എന്നു പറഞ്ഞാല്‍ അതൊന്നൊന്നര ഉറക്കമാണു എല്ലാ പ്രവാസികള്‍ക്കും. ഗള്‍ഫില്‍ എല്ലാവര്‍ക്കും വെള്ളിയാഴ്ച പൊതു അവധിയായതു കൊണ്ട് വ്യാഴായ്ച്ചയിലെ രാത്രിക്കറക്കം എല്ലാം കഴിഞ്ഞ് പുലര്‍ച്ചെ മുറിയിലെത്തി, കൊതി തീരും വരെ ഉറങ്ങുക എന്നുള്ളതു ഒരു രസമാണ്. ചിലര്‍ ഉച്ചക്കുള്ള ജുമുഅയുടെ ബാങ്ക് കേട്ടാലല്ലാതെ എണീ‍ക്കാറുമില്ല...!

അങ്ങിനെയുള്ള ഒരു ഒന്നാന്തരം പ്രഭാതത്തിലാണു നമ്മുടെ കഥാപാത്രത്തിന് എന്റെ സകല മൂഡും കളഞ്ഞ് എന്റെ സകലമാന തെറികള്‍ക്കും പാത്രമാകേണ്ടി വന്നത്... കഥയിങ്ങനെ...

( സത്യത്തില്‍ ഈയുള്ളവന്‍ ബാച് ലര്‍ അല്ലെങ്കിലും വിധിയുടെ വിളയാട്ടം കൊണ്ട് ബാച് ലര്‍ ആയി ജീവിച്ച് പോകേണ്ട് ഗതികേടിലാണ്. വിളയാട്ടം എന്നതിന് മാന്യ വായനക്കാര്‍ വളഞ്ഞ് ചിന്തിക്കുന്നതിനു മുമ്പ് ഒരു കാര്യം. ഭാര്യ നാട്ടിലാണ്. പി. ജി കമ്പ്ലീറ്റ് ചെയ്യണം എന്ന വാശിക്ക് മുമ്പില്‍ ഈയുളളവന്‍ മുട്ടു മടക്കി. ഒന്നര കൊല്ലം കഴിഞ്ഞപ്പോള്‍, “പി.ജി കഴിഞ്ഞു ഇനി വരാം...“ എന്നുള്ള ഭാര്യയുടെ സമ്മതപ്രകാരം, കൊണ്ടുവരാം എന്നുള്ള കണ്ടീഷനില്‍ എത്തിയപ്പോള്‍ അതാ അടുത്ത പാര. ഇപ്രാവശ്യം നന്നായിത്തന്നെ. ഉപ്പ ഹോസ്പിറ്റലില്‍.. വീട്ടില്‍ മൊത്തം ഹോസ്പിറ്റല്‍ കേസ്.. അതിപ്പോഴും ഒരു തടസ്സവുമില്ലാതെ നടക്കുന്നു. )

സുന്ദരമായ ഉറക്കത്തിലായിരുന്ന ഞാന്‍ എന്തൊക്കെയോ ഒച്ച കേട്ടാണു ആ ദിവസം ഉണര്‍ന്നത്.

‘ഐ ആം ലീവിങ്ങ് യാര്‍...‘ ഇന്നലെ വന്ന കല്‍ക്കട്ടക്കാരന്റെ പതിഞ്ഞ വാക്കുകള്‍... ആകെക്കൂടി വിര്‍ത്ത മുഖവുമായി അവന്‍ നില്‍ക്കുന്നു... തലച്ചക്രം കറങ്ങുന്ന പോലെ ഓടിനടന്ന് മുറിയിലെ സൌകര്യങ്ങള്‍ വള്ളിപുള്ളി വിടാതെ ചോദിച്ചു മനസ്സിലാക്കിയ രാജ്...

‘അള്ളാ...’ ഞാന്‍ അറിയാതെ വിളിച്ചു... ‘വീട്ടില്‍ ആര്‍ക്കെങ്കിലും...?’ ( എന്തെങ്കിലും അപകടം ഉണ്ടായിക്കാണും എന്ന ചിന്തയിലാണു അങ്ങിനെ ചോദിച്ചത്...)

‘നോ മാന്‍... ഐ കാണ്ട് സ്റ്റയ് ഹിയര്‍... ‘വിണ്ടും പാതി ചത്തപോലെ അവന്റെ വായില്‍ നിന്നും... എന്റെ പ്രതികരണശേഷി സാമാന്യം വലുതായതു കൊണ്ടാണോ എന്നറിയില്ല, പാവത്തിനു പറയുന്ന വാക്കുകള്‍ക്ക് ഘനം തീരെ പോര.

“എനിക്ക് പോണം.. എനിക്കിവിടെ നില്‍ക്കാന്‍ വയ്യാ... എന്റെ വീട്ടുകാരെ പിരിഞ്ഞ് എനിക്ക് നില്‍ക്കാന്‍ വയ്യ...”

‘ഓഹോ..അപ്പോ അതാണു കാര്യം. ഹോം സിക്ക്നെസ്സ് ആണല്ലേ...!‘ എന്റെ ആ പറച്ചില്‍ അവനിഷ്ടപ്പെട്ടില്ല എന്നു എനിക്കു മനസ്സിലായി. ഒന്നുമില്ലേലും പത്തുമുപ്പതു വയസ്സായവനോട്, കളിയായി, നിനക്ക് ഹോം സിക്നെസ്സ് ഉന്ണ്ടോ എന്നു ചോദിച്ചാല്‍ ‘എപ്പോ അടി കിട്ടീ‘ എന്നു ചോദിച്ചാല്‍ പോരെ..

എന്നെത്തന്നെ എങ്ങിനെ നന്നാക്കിയെടുക്കണം എന്നുള്ള തീവ്രമായ ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഞാന്‍ അക്കാര്യം വളരെ കൂളായി മറച്ചു വെച്ച്, എന്നാല്‍ വളരെ ബോള്‍ഡായി ഒരു ഉപദേശകന്റെ റോള്‍ ഏറ്റെടുത്തു വിദഗ്ദോപദേശങ്ങള്‍ കൊടുക്കാനാരംഭിച്ചു. ഒരു രക്ഷയുമില്ല... കക്ഷി ഉറച്ച തീരുമാനത്തില്‍ തന്നെ... ഇപ്രാവശ്യവും അവന്റെ തല്ലില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു.

അപ്പൊഴേക്കും, അപ്പുറത്തെ മുറിയില്‍ താമസിക്കുന്ന, എന്തു ചോദിച്ചാലും അര മണിക്കൂര്‍ എക്സ്പ്ലനേഷന്‍ തരുന്ന സമി എന്ന ബാംഗ്ലൂര്‍കാരന്‍ കുട്ടപ്പനായി മുറിയിലേക്ക് വന്നു...

‘ഓഹോ... അപ്പോ എല്ലാം സെറ്റ് അപ്പ് ആയി...?‘ സമിയോടായി എന്റെ ചോദ്യം.

നീ ജാവേദിന് വിളിച്ചോ? ഞാന്‍ രാജ്നോട് ചോദിച്ചു...

ഇല്ല എന്ന അവന്റെ മറുപടിയില്‍ തൃപ്തനാകാതെ വീണ്ടും...

‘വിളിച്ച് പറഞ്ഞിട്ട് പോകുന്നതല്ലേ നല്ലത്... ഒന്നുമില്ലെങ്കിലും നിനക്ക് ജോലി ശരിയാക്കിത്തന്ന ആളല്ലേ? ഒരു സാമാന്യ മര്യാദയൊക്കെ വേണ്ടേ മാഷേ..’ അതില്‍ ആള്‍ വീഴും എന്നുള്ള എന്റെ വിശ്വാസത്തെ അവന്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഞെരിച്ചുടച്ചു.

“അവനു വിളിച്ചാല്‍ പോകാന്‍ പറ്റില്ല... ദുബായ് എനിക്ക് പറ്റിയ സ്ഥലമല്ല” വീണ്ടും കല്‍ക്കട്ടക്കാരന്‍ മൊഴിഞ്ഞു. ഒപ്പം പെട്ടിയുമെടുത്ത് ഗുഡ് ബൈ പറഞ്ഞു...

ദയനീയമായി സമി എന്നെ നോക്കി...

“നല്ല ഒരു ഉറക്കം പോയി അല്ലേ.. ഇപ്പോ ഫ്ലൈറ്റ് ഉണ്ടോ സമീ..” എനിക്ക് സംശയം..

“കല്‍ക്കട്ടയിലേക്ക് എമിറേറ്റ്സിന്റെ ഒരെണ്ണം ഉണ്ട്, ഉച്ചക്ക്.. അതു കിട്ടുമായിരിക്കും..” ഷൂസ് ഇട്ട് കൊണ്ട് സമി പറഞ്ഞു.

അവര്‍ പുറത്ത് കടന്ന് വാതിലടച്ചതും ഞാന്‍ ജാവേദിന് വിളിച്ചു... പാവം നാട്ടില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ... ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഉണ്ടാകുന്നതിന്റെ കോണ്‍സിക്വന്‍സെസ് എല്ലാം വള്ളിപുള്ളി വിടാതെ ഒറ്റശ്വാസത്തില്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവന്‍ എതാണ്ട് പകുതിയായിരുന്നു. സിവില്‍ എഞ്ഞിനീയറിങ്ങിന് ഒപ്പം പഠിച്ച ഒരുത്തനെ തന്റെ തന്നെ കമ്പനിയില്‍ റെകമെണ്ട് ചെയ്ത് കൊണ്ടുവന്നപ്പോള്‍ ഇങ്ങനെയൊരു പൊല്ലാപ്പ് അവന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. രാജിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞോ, അല്ലേല്‍ നീ സമാധാനം പറയേണ്ടി വരും എന്നുള്ള വാര്‍ണിങ്ങോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ വിണ്ടും പുതപ്പിനുള്ളിലേക്ക് ഊളിയിട്ടു വീണ്ടും ഫ്രൈഡേ ഉറക്കത്തിലേക്ക്... അല്പം കഴിഞ്ഞപ്പോള്‍ ആരോ ബെല്ലടിച്ച ശ്ബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റ് ചെന്നു വാതില്‍ തുറന്നു... വാതില്‍ക്കല്‍ രാജ്!

‘എന്തു പറ്റി?‘

‘ഫ്ലൈറ്റ് ഫുള്ളാ... ഇനി ഞാറാഴ്ച നോക്കിയാല്‍ മതി...‘ അവന്റെ നിരാശജനകമായ മറുപടി...

പിന്നെ ഫോണ്‍ കോളുകള്‍... നാട്ടില്‍ നിന്ന്, ഒപ്പം പഠിച്ചിറങ്ങിയ സുഹൃത്തുക്കളില്‍ നിന്ന്...വീട്ടില്‍ നിന്നും വിളിച്ചപ്പോള്‍ അവന്‍ ഒരു കൊച്ചു കുട്ടിയുടേതു പോലെ കരഞ്ഞു കൊണ്ടിരുന്നു... എല്ലാം നഷ്ടപ്പെട്ടവനെ പോലെ. മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍, കണ്ടു കൊണ്ടിരുന്ന ഞാന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. അന്നു മുഴുവന്‍ അവന്റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടിരുന്നു. കൂട്ടുകാരില്‍ നിന്നും ഗള്‍ഫിനെക്കുറിച്ച് കിട്ടിയ തെറ്റായ പല കാര്യങ്ങളും ഞാന്‍ തിരുത്തിക്കൊടുത്തു. നാടും ഗള്‍ഫും തമ്മില്‍ അവന്‍ സസൂഷ്മം താരതമ്മ്യം ചെയ്തു...എപ്പോഴും ഇന്ത്യ തന്നെ ഭാരം കൂടി താഴ്ന്ന് നിന്നു...

ദിവസങ്ങള്‍ കഴിഞ്ഞു.. ജാവേദ് നാട്ടില്‍ നിന്നും വന്നു, രാജ് ഓഫീസുമായി കുറച്ചൊക്കെ പൊരുത്തപ്പെട്ടു തുടങ്ങി; അറ്റ്ലീസ്റ്റ് ഓഫീസിലെ ഫിലിപ്പിനോ ഗേള്‍സുമായി... ഒരു ദിവസം പോലും നില്‍ക്കാന്‍ കഷ്ടപ്പെട്ട രാജ് പിന്നെ തന്റെ പ്രവാസം ഒരാഴ്ചയിലേക്കും, ജാവേദ് വരുന്ന വരേക്കും, അതു പിന്നീട് ഒരു മാസം, ആറു മാസം എന്ന നിലയിലേക്കും, അവസാനം ഒരു വര്‍ഷത്തേക്കും നീട്ടിയിരിക്കുന്നു. ദുബൈയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള യാത്രയില്‍, ഇന്നലെ വന്ന അവന്‍, ഷാര്‍ജയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെ, നാട്ടിലേക്ക് വിളിച്ചു എക്സ്പ്ലയിന്‍ ചെയ്യുന്നു. ഡ്രൈവിങ്ങ് ലൈസന്‍സിനെക്കുറിച്ചും മറ്റും അവന്‍ വിവരങ്ങള്‍ ആരായുന്നു. അവനും അഡ്ജസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു, ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണം എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ.

ഗള്‍ഫ് ജീവിതത്തെ‍ക്കുറിച്ച് ഇവിടെയുള്ളവര്‍ പറയാറുണ്ട്...’യൌവനത്തില്‍ വന്നുകയറി, വാര്‍ദധക്യത്തില്‍ തിരിച്ചു പോകുന്ന ഒരു അതിഥിയെപ്പോലെയാണ് നമ്മള്‍’. ഇതിനെ ശരിവെക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഞാന്‍ കുറച്ചു കാലം മുമ്പ് കാണുകയുമുണ്ടായി. സ്വയം ലജ്ജിപ്പിച്ച ആ ഒരു കാര്‍ട്ടൂണ്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു...

Friday, February 1, 2008

ഫ്ലാറ്റ് നമ്പര്‍ 501

എന്റെ സുഹൃത്ത് അനീഷിന്റെ ഇ-മെയില്‍ രാവിലെ വായിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ഒരു പോസ്റ്റ് ഇടണമെന്ന്‍. യു എ ഇ യുടെ പഴയകാല ചിത്രങ്ങള്‍ അടങ്ങിയ ആ മെയില്‍ എന്റെ ജോലിയെ തടസ്സപ്പെടുത്തി എന്നുമാത്രമല്ല, ഉച്ചഭക്ഷണം വരെ ഗൂഗിളില്‍ തപ്പലായി. കുറേയേറെ അലയേണ്ടി വന്നു, കുറച്ച് നല്ല പഴയ ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍. അതങ്ങിനെ നോക്കിയിരുന്നതേ മനസ്സൊന്നു പിറകിലേക്കു പോയി...ഒരു മൂന്നു വര്‍ഷം പിറകിലേക്ക്...

ഒരു നോമ്പു കാലത്താണു ഞാന്‍ ദുബായില്‍ എത്തുന്നത്, രണ്ടായിരത്തിമൂന്നാമ്മാണ്ടില്‍. അതിനും രണ്ടു മാസങ്ങള്‍ക്ക് മുമ്പേ ഞാ‍ന്‍ യു എ ഇ യില്‍ എത്തിയിരുന്നു. എന്റെ ഒരു അടുത്ത ബന്ധു സലീം ആണ് ബര്‍ ദുബൈയില്‍ എത്തിയ എന്നെ ദേരയിലെ അവന്റെ താമസസഥലത്തേക്കു കൊണ്ടു പോകാന്‍ വന്നിരുന്നത്.

ഒരു ഫ്ലാഷ്ബാക്ക്:

ചെന്നൈയില്‍ ഒന്നര വര്‍ഷത്തോളം ജോലി നോക്കിയിരുന്ന ഞാന്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തയ്യാറെടുപ്പുമായാണ് കടല്‍ കടന്നത്. നാട്ടില്‍ ജോലി ചെയ്യാനുള്ള മടി കൊണ്ടല്ല, നാട്ടില്‍ നിന്നും മാറിത്താമസിക്കേണ്ടത് ഒരു ആവശ്യമായിരുന്നു. ഐ ടി പ്രൊഫഷണല്‍ ആയ എനിക്ക് ഐ ടി മങ്ങി നിന്നിരുന്ന അന്ന് ചെന്നൈയില്‍ നിന്നും പറിച്ചു നടപ്പെടാന്‍ ഒരു സന്ദേഹവും ഉണ്ടായിരുന്നില്ല. ബുറൈമി വിസയില്‍ എത്തിയ ഞാ‍ന്‍ മസ്കറ്റില്‍ വിമാനമിറങ്ങി, റോഡ് മാര്‍ഗ്ഗം അല്‍ ഐനിലുള്ള ഇക്കായുടെ അടുത്തു എത്തുകയായിരുന്നു. വിസിറ്റ് വിസയില്‍ താല്പര്യം ഇല്ലാത്തതു കൊണ്ടും, റെസിഡന്റ് വിസയില്‍ ‘ബാന്‍‘ ചെയ്യാന്‍ സാധ്യതയുളളതു കൊണ്ടും ആയിരുന്നു അങ്ങിനെയൊരു വിസയില്‍ എന്നെ കൊണ്ടുവന്നത്. എന്നാ‍ല്‍ എന്റെയും അവരുടെയും എല്ലാ പ്രതീക്ഷകളേയും തകര്‍ത്തു കൊണ്ടാണു വിധി എന്റെ മേല്‍ നിറഞ്ഞു തുള്ളിയത്. അവിടുന്ന് ഇത്രയും വരെ...സ്വപ്നങ്ങള്‍ക്കും മീതെ എന്നെ കൊണ്ടെത്തിച്ച പരമ കാരുണ്യവാന്‍ എന്തിനാണു എന്നെ അന്ന് അത്രയും പരീക്ഷിച്ചത്...? ജീവിതം നരകതുല്യമാക്കി നാളെയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നിന്ന ഒരു അവസ്ഥയിലേക്കെത്തിച്ചത്?

നയിഫ് റോഡിലെ അല്‍ഫുത്തേം പള്ളിയുടെ പിറകു വശത്തുള്ള ഒരു ഫ്ലാറ്റിലേക്കാണു സലീം എന്നെ കൊണ്ടുപപോയത്. ഇടുങ്ങിയ കുറേ കെട്ടിടങ്ങളും റോഡുകളും. വഴിയരികില്‍ ഒരു സെന്റി മീറ്റര്‍ കനത്തില്‍ ചുണ്ടില്‍ ചായം തേച്ച കുറേ റഷ്യന്‍ കീടങ്ങള്‍ ചിരിച്ചു കാട്ടുന്നു. വഴിയെ പോകുന്നവരെയൊക്കെ അവര്‍ മാടി വിളിക്കുന്നുണ്ട്. കുറച്ചു പേര്‍ പഠാണി കസ്റ്റമേര്‍സുമായി സ്വന്തം ശരീരത്തിനു വില പേശുന്നു. ദുബൈയുടെ യഥാര്‍ഥ മുഖം കണ്ട് ഞാന്‍ അമ്പരന്നു.

ഓപ്പണ്‍ ടെറസ്സില്‍ ഉള്ള സമാന്യം വലിയ മുറി. അതിനുള്ളില്‍ തന്നെ ബാത് റൂം, ടി.വി മുറിയിലേക്കുള്ള വാതില്‍. മുറി എന്നൊന്നും പറയാന്‍ പറ്റില്ല... ബാത് റൂമിനും ടി.വി. റൂമിനും ഒരേ വീതിയായിരുന്നു. പത്തു പന്ത്രണ്ടു പേര്‍ ഒന്നിച്ചു താമസ്സിച്ചിരുന്നത് ഇത്രയും സൌകര്യങ്ങള്‍ വെച്ചായിരുന്നു. ചാണു എന്നു വിളിക്കുന്ന ഫൈസല്‍, അഷ്ക്കര്‍, മല്ലു എന്ന മലിക്, ഫോട്ടോഗ്രാഫര്‍ അഫ്സല്‍ അങ്ങിനെ പോകുന്നു ആ ഫ്ളാറ്റിലെ അന്തേവസികളുടെ ലിസ്റ്റ്. എല്ലാവരെയും പരിചയപ്പെട്ടു ഞാന്‍ എനിക്കനുവദിച്ച സ്ഥലത്തേക്ക് കയറിക്കിടന്നു. ആകെ മനസ്സില്‍ ഒരു വിങ്ങല്‍...നാടും വീടും വിട്ടുനിന്നിട്ടുള്ള എനിക്കു എത്ര ശ്രമിച്ചിട്ടും സ്വയം നിയന്ത്രിക്കാന്‍ പറ്റുന്നില്ല... പതിയെ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഓര്‍ത്തു മനസ്സിനെ മോടിപിടിപ്പിക്കാന്‍ നോക്കി അങ്ങിനെ കിടന്നു.

ബഹളം കേട്ടാണു ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. നോബ്ബ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണു എല്ലാവരും. ഞാന്‍ എണീറ്റു ചെന്നു സഹായിക്കാന്‍ തുടങ്ങി. നോമ്പ് തുറന്നു പ്രാര്‍ത്ഥനയും കഴിഞ്ഞ് പിന്നെ വിശേഷം പറച്ചിലായി... ദുബൈയിലെ ജോലിയും നാട്ടിലെ കാര്യങ്ങളും അങ്ങിനെ പോയി വര്‍ത്തമാനങ്ങള്‍.

അവിടുന്നങ്ങോട്ട് ഒരു വര്‍ഷത്തോളം ശരിക്കും കഷ്ടപ്പെടുകയായിരുന്നു. ഇന്റെര്‍വ്യൂ‍ എല്ലാം കുഴപ്പമില്ലാതെ കടക്കുന്നു, പക്ഷെ ജോലി മാത്രം കിട്ടുന്നില്ല...അതിനിടെ ഫ്രീലാ‍ന്‍സ് ആയി മൂന്നു നാലു സ്ഥപനങ്ങളില്‍ കയറിപ്പറ്റി... പക്ഷെ എന്റെ പ്രശ്നം അതായിരുന്നില്ല... ഇടക്ക് വെച്ച് എന്റെ പത്താക്കയും മൊബൈലും എല്ലാം രാത്രിയില്‍ മുറിയില്‍ നിന്നും ഉറക്കത്തിനിടെ നഷ്ടപ്പെട്ടിരുന്നു. ദിവസങ്ങളോളം മൊബൈല്‍ സ്വിച്ച് ഓഫ്. കൂടാതെ അതില്‍ നിന്നും ആരോ ഒരാള്‍ പിസ്സാ, കെ എഫ് സി എന്നിവ ഓര്‍ഡര്‍ ചെയ്യുമായിരുന്നു, പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യും. കോള്‍ ഡൈവെര്‍ട് ചെയ്ത കാരണം എല്ലാ തെറിയും പാവം എന്റെ ഇക്കാക്ക് കേള്‍ക്കേണ്ടിയും വന്നു. (പിന്നീട് എന്റെ മൊബൈലില്‍ നിന്നും ഒരു റഷ്യന്‍ ‘സാധനം‘ പലരേയും വിളിച്ചു എന്നും, അയ്യായിരം ദിര്‍ഹം ചോദിച്ചു എന്നും മറ്റൊരു കഥ ). പലരും എന്റെ അവസ്ഥയെ പരമാവധി ചൂഷണം ചെയ്തു. ശമ്പളം പോലും തരാതെ ഒരുപാടു പേര്‍... അതിനിടെ യു എ ഇ നിയമം മാ‍റ്റുകയും ചെയ്തു. ബുറൈമി വിസയിലുള്ള ധാരാളം പേരെ ജയിലിലടച്ചു.ഭാഗ്യമോ നിര്‍ഭാഗ്യമോ ഫ്ലാറ്റിലും, ജോലിസ്ഥലത്തും നടന്ന റെയ്ഡില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്റെ ഗതി എന്താവുമെന്നു ഒരു ഉറപ്പും ഇല്ല...രാത്രികളില്‍ ഉറങ്ങാതെ...നിസ്ക്കാരപ്പായയില്‍ കരഞ്ഞു തളര്‍ന്ന്...ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു ഞാന്‍... എന്നാലും എന്നും അടുത്തുള്ള ഗ്രോസറിയില്‍ ചെന്ന് പത്രം നോക്കും. കമ്പനി വിലാസങ്ങള്‍‍ പകര്‍ത്തിയിരുന്ന ഇരുന്നൂറ് പേജിന്റെ പുസ്തകം കഴിഞ്ഞു തുടങ്ങി. എത്രയും പെട്ടെന്ന് വിസ ലീഗലാക്കണം, അതു മാത്രമായിരുന്നു പിന്നെ എന്റെ ലക്ഷ്യം...അങ്ങിനെ അവസാനം നെസ്റ്റ് ടെക്നോളജീസില്‍ സോഫ്റ്റ്വയര്‍ കണ്‍സള്‍ടന്റ് ആയി ഓഫര്‍ ലെറ്റര്‍... അന്നു ഞാന്‍ ഇന്റെര്‍നെറ്റ് സിറ്റിയിലെ ഒരു കമ്പനിയില്‍ താല്‍ക്കാലികമായി ജോലി നോക്കുകയായിരുന്നു. ഹോട്ട്മെയില്‍ തുറന്ന് ഓഫര്‍ ലെറ്റെര്‍ കണ്ട ഞാന്‍ ആദ്യം പോയത് ബാത് റൂമിലേക്കായിരുന്നു. അവിടെയിരുന്നു പൊട്ടിക്കരഞ്ഞു. ഇന്നേ വരെ അത്രയും സന്തോഷിച്ച ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആ ഒരു ദിവസം ഞാന്‍ ജീവിക്കുകയായിരുന്നു. ഓഫീസില്‍ ഇടക്കിടെ മെയില്‍ തുറന്ന് വീണ്ടും വീണ്ടും ഓഫര്‍ ലെറ്റെര്‍ നോക്കുമായിരുന്നു.

ജീവിതം എന്താണെന്നു ഞാ‍ന്‍ ശരിക്കും പഠിച്ചതു 501-ല്‍ നിന്നാണ്... കഷ്ടപ്പാടിന്റെ ഒരു വര്‍ഷം. ഇന്നത്തെ എന്നെ ഞാനാക്കിയതും അതു തന്നെ... സ്വപ്നങ്ങള്‍ക്കും ഉയരെ (അധികം സ്വപ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു വേണം പറയാന്‍) ഞാന്‍ എത്തിയപ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിന് എന്നേ എനിക്കു പറയാനുള്ളൂ... സ്നേഹിതന്മാരുടെ എണ്ണത്തില്‍ അല്പം പിശുക്ക് കാട്ടിയിരുന്ന എനിക്ക് ഏറ്റവും കൂടുതല്‍ കൂട്ടുകാര്‍ ഉണ്ടായതും അക്കാലത്താണ്. പൊതുവെ മിതഭാഷിയായിരുന്ന ഞാന്‍ “ചത്താലും വായ അടക്കാത്തവന്‍“ എന്ന് ആളുകളെ കൊണ്ടു പറയിച്ചിരുന്നതും ഇതേ കാലയളവില്‍ തന്നെ. പിന്നീട് ഒരു പരിചയവും ഇല്ലാത്ത മഹാരാഷ്ട്ര, ഗോവ, ഹൈദ്രാബാദ്, കാശ്മീര്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ആളുകളുടെ കൂടെ താമസിക്കാനും അവരുടെ മലയാളികളെക്കുറിച്ചുള്ള കോണ്‍സെപ്റ്റ് തിരുത്താനുള്ള പ്രചോദനം കിട്ടിയതും 501-ല്‍ നിന്നു തന്നെ... ഇന്നും ഞാ‍ന്‍ ഇടക്കെങ്കിലും ആഗ്രഹിക്കും, അതു പോലൊരു ജീവിതം, ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ച്, ഒരേ പോലെ ജീവിച്ച്... ഇടക്കെല്ലാം 501 സന്ദര്‍ശിക്കും, ഒരു സമാധനത്തിന്, മനസ്സിന്റെ സന്തോഷത്തിന്, എന്റെ ഇരട്ടപ്പേര് കേള്‍ക്കാന്‍ കൊതിച്ച്. 501 സ്പെഷ്യല്‍ മീന്‍ കറി ഉണ്ടെങ്കില്‍ ഭക്ഷണം എടുത്തു കഴിക്കും; ആരോടും ചോദിക്കാതെ തന്നെ...

തിരിച്ച് വീണ്ടും സ്വന്തം മുറിയിലേക്ക്. കള്‍ച്ചറും, സ്റ്റാന്‍ഡര്‍ഡ് ബിഹേവിയറും തങ്ങി നില്‍ക്കുന്ന, അല്ലെങ്ങില്‍ അതു മാത്രം പ്രസംഗിക്കുന്ന ജാട കൂട്ടുകാരുടെ അടുത്തേക്ക്...! ലക്ഷങ്ങളുടെ കണക്കുകള്‍ മാത്രം സംസാരിക്കുന്നവര്‍, മിനുട്ട് വെച്ച് ബോഡി ലോഷന്‍ പുരട്ടുന്നവര്‍, ബിസ്കറ്റ് പാക്കറ്റില്‍ നിന്നും മറ്റൊരാള്‍ എടുത്ത് കൊടുത്താല്‍ കഴിക്കാന്‍ മടിയുളളവര്‍, കഴിക്കുന്ന ഭക്ഷണത്തിലെ ഫാറ്റും, പ്രോട്ടീനും, കര്‍ബോഹൈഡ്രേറ്റും ഓപ്പറേഷന്‍ ചെയ്തെടുത്ത് മൊത്തത്തില്‍ അനലൈസ് ചെയ്യുന്നവര്‍... ആണും പെണ്ണും ഉള്‍പ്പെട്ട ആ കൂട്ടത്തെ എനിക്കു സഹിച്ചല്ലേ പറ്റൂ...‘നീ ചിലപ്പോള്‍ ഒരു തറയാടാ...‘ എന്നവര്‍ പറയുമെങ്കിലും.