Wednesday, April 16, 2008

ഹലോ ചെന്നൈ (ഭാഗം 2)

വൈകുന്നേരം ഓഫീസിലെത്തിയ ഞാന്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ‘പ്രശ്നത്തെ’ (പ്രശാന്ത്) നോക്കി കുത്തിയിരിപ്പു തുടങ്ങി. നീണ്ട ഒരു മണിക്കൂറിനൊടുവില്‍ തന്റെ ആഗമനം സ്വതസിദ്ധമായ ചിരിയില്‍ അറിയിച്ച് അടുത്തുകണ്ട ഒരു കസേര വലിച്ചിട്ടിരുന്നു.

പിന്നെ തുടങ്ങി ‘ബാലീവധം‘ കഥാപ്രസംഗം. പ്രൊജെക്റ്റിന്റെ വിവരണവും, ടെക്നോളജിയും, എന്റെ റോളും, ഞാന്‍ ചെയ്യേണ്ടതും, ചെയ്യാന്‍ പടില്ലാത്തതും തുടങ്ങി ഉണ്ണുന്നതും ഉറങ്ങുന്നതും വരെ (അത്രക്കങ്ങണ്ട് പോയില്ല. എഴുതുമ്പോള്‍ എന്തുമാവാമല്ലോ എന്നുള്ള ചിന്തയാണ് ഇതൊക്കെ ചെയ്യിക്കുന്നത്.) അവന്‍ വിശദീകരിച്ചു കൊണ്ടിരുന്നു.

വധം അതിന്റെ പാരമ്യതയിലേക്ക് കടക്കുന്തോറും ഞാന്‍ കൂടുതല്‍ പുകഞ്ഞു തുടങ്ങി . ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞാല്‍ പിന്നെ എന്താണെന്ന് എനിക്കറിയാത്തതിനാല്‍ ഇനിയെങ്ങിനെ പ്രതികരിക്കും എന്നുള്ളത്, ഒരു ചോദ്യ ചിഹ്നമായി എന്റെ മുമ്പില്‍ ബ്രേക് ഡാന്‍സ് ചെയ്തു കൊണ്ടിരുന്നു.

എന്നെ എല്ലാം പഠിപ്പിച്ചു വിട്ടാല്‍ മതി എന്ന മദ്രാസ്സില്‍ നിന്നുള്ള ബാബുവിന്റെയും, മനോജിന്റെയും (അനുവാദം കിട്ടിയാല്‍ ഞങ്ങള്‍ വിളിക്കുന്ന പേര് പ്രസിദ്ധീകരിക്കാം. അടങ്ങിയിരുന്നില്ലേല്‍ അടുത്ത പ്രാവശ്യം പോസ്റ്റും! ജാഗ്രതൈ!) ആവശ്യം അപ്പടി നിറവേറ്റാം എന്നുള്ള പ്രശാന്തിന്റെ വ്യാമോഹം അങ്ങ് അമേരിക്കയിലെ ‘ആ വളവിനടുത്തുള്ള‘ ജംഗ്ഷനും കടന്ന് ‘ജോണ്‍ ഐസക്കിന്‘ (ഇതാരാണെന്നറിഞ്ഞില്ലേല്‍ നിങ്ങള്‍ക്കുറക്കം വരില്ലേ? എല്ലാം അറിയണമെന്നു വെച്ചാല്‍ പറ്റില്ല. ഇതൊന്നറിയാതെ പോട്ടെ. അല്ല പിന്നെ!) സ്ത്രീധനമായിക്കിട്ടിയ പത്തേക്കര്‍ കാപ്പിത്തോട്ടത്തില്‍ ചെന്നു വീണു.

എന്തിനേറെ പറയുന്നു! അവന്‍ പരാജയം സമ്മതിച്ച് ദയനീയമായി എന്നെ ഒന്നു നോക്കി, ഇനി ‘സ്വയം സേവ‘ എന്നുപറഞ്ഞ് ആസനം വിട്ടെഴുന്നേറ്റു. അന്നേരം അവന്റെ മുഖത്ത് വിരിഞ്ഞ ‘സ്പെഷ്യല്‍ ഇഫക്ട്‘ കണ്ട ഞാന്‍ വേഗം സോറി ചേട്ടാ..ഞാനൊരു പാവമാണേയ്’ എന്നുള്ള ഭാവേന, അവ്ന്റെ മുഖത്ത് പ്രതിഷ്ഠിച്ചിരുന്ന നോട്ടം ‘മമ്മൂട്ടിക്ക്‘ പോലും അസൂയയുണ്ടാക്കുന്ന വിധം അങ്ങ് ശൂന്യതയിലേക്ക് ഡൈവെര്‍ട്ട് ചെയ്തു.

എന്നെ ജാവയും അതിനോട് ബന്ധപ്പെട്ട മറ്റു ടെക്നോളജികളും പഠിപ്പിച്ചത് ‘പ്രശാന്ത്’ ആണെന്നു അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാം എന്നുള്ളതായിരുന്നു പെട്ടെന്ന് വിശദീകരണം നിര്‍ത്താന്‍ അവനെ നിര്‍ബന്ധിതനാക്കിയത്. ഇക്കാര്യം എനിക്കും ‘പ്രശ്നത്തിനും’ അറിയാമെന്നുള്ളതു കൊണ്ട് രണ്ട് പേര്‍ക്കും അക്കാര്യത്തില്‍ നോ ഒബ്ജെക്ഷന്‍.

കുറച്ച് കഴിഞ്ഞപ്പോള്‍ ഡിന്നര്‍ കഴിക്കാനുള്ള തിരുമാനവുമായി, ഞാനൂം പ്രശാന്തും പിന്നെ അവന്റെ അനുയായികളുമായ ഫയെസ്, രതീഷ് എന്നിവരും ഹോട്ടലിലേക്ക്. എന്തൊക്കെയോ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു തീറ്റ തുടങ്ങി.

അപ്പോഴാണ് മേശപ്പുറത്തിരുന്ന കുപ്പികള്‍ ഞാന്‍ ശ്രദ്ധിച്ചത്. പഴയ രണ്ട് കള്ളു കുപ്പികള്‍, ഫുള്‍ ബോട്ടിലായി, ആര്‍ക്കും എടുക്കാം, കുടിക്കാം എന്നുള്ള വിനയന്വിതമായ ഭാവത്തോടെ മേശയുടെ ഒത്ത നടുക്ക് ഇരിക്കുന്നു. ഇടക്കിടെ മൂവര്‍സംഘം എടുത്തടിക്കുന്നുമുണ്ട്. ഞാനാണെങ്കില്‍ അന്നേവരെ (ഇന്നേവരെയും!) ഈ സാധനം കൈകൊണ്ട് തൊട്ടിട്ടില്ല.

നല്ല എരിവുള്ള കറിയടിച്ചിട്ടും കുപ്പി തൊടാതെ അന്തം വിട്ടിരിക്കുന്ന എന്റെ അവസ്ഥയും, സംശയത്തോടെയുള്ള നോട്ടവും മനസ്സിലായിട്ടെന്ന വണ്ണം അവര്‍, അന്നേ വരെ മലയാള സിനിമയില്‍ കാണിച്ചിട്ടുള്ള ഏറ്റവും നല്ല അവാര്‍ഡ് നേടിയെടുത്ത കള്ളു കുടി സീനിനെ പോലും നിഷ്പ്രഭമാക്കി തകര്‍ത്തഭിനയിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോഴും ഇന്ദ്രന്‍സിന്റെ റോളില്‍ തന്നെ.

ബില്ല് വന്നപ്പോഴാണ് അത് വാറ്റു ചാരയമല്ല, വെറും പച്ചവെള്ളമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എന്നാലും ആകെ ഒരു കണ്‍ഫ്യൂഷന്‍, അതു കൊണ്ട് കുപ്പിയെ വീണ്ടും അകറ്റി നിര്‍ത്തി.

തിരിച്ച് വീണ്ടും ഓഫീസിലെത്തിയ ഞാന്‍ അവരെ ബോധിപ്പിക്കാന്‍ വേണ്ടി പ്രിപരേഷന്‍ തുടങ്ങി, പുലര്‍ച്ചെ ഒരു മൂന്നു മണിയായപ്പോള്‍ ക്ഷീണമകറ്റാന്‍ വേണ്ടി എല്ലാവരും വീണ്ടും പുറത്തേക്ക്.

എന്റെ നല്ല ഭാവിയുടെ പ്രധാന കാരണക്കാരനായ ‘അജയിന്റെ‘ വീടിനു മുമ്പിലൂടെ ഒരു പ്രദക്ഷിണം.(വൈറല്‍ പിടിപെട്ട് മദ്രാസില്‍ നിന്നും തിരിച്ചു വന്ന അജയിന്റെ വീട് തൃശൂര്‍ ടൌണില്‍ തന്നെയായിരുന്നു.). മനസ്സില്‍ അവന് ആശംസകള്‍ (ഒപ്പം നന്ദിയും) അര്‍പ്പിച്ച് അവ്ന്റെ പട്ടിയുടെ കുരക്കാനുള്ള ആരോഗ്യമൊക്കെ ഒന്നു ടെസ്റ്റ് ചെയ്ത് അങ്ങ് മുന്നേറി. നടന്നെത്തിയത് എം.ജി റോഡിലെ ഒരു ജൂസ് കടയില്‍. ഇപ്രാവശ്യം ജൂസിലൊതുക്കി.

പിന്നെ തിരിച്ച് വീണ്ടും ഓഫീസില്‍ വന്ന് ഒരു കസേര മയക്കം. രാവിലെ എഴുന്നേറ്റ് ഉറങ്ങുകയായിരുന്ന എല്ലവരേയും ഉണര്‍ത്തി ഗുഡ് മോണിങ്ങ് പറഞ്ഞ് സ്വന്തം വീട്ടിലേക്ക്.

വൈകുന്നേരം പെട്ടിയും, ബാഗുമൊക്കെയായി വീണ്ടും ഓഫീസിലേക്ക്. അവിടെ നിന്നു ഞാനും ആരോഗ്യത്തോടെയിരിക്കുന്ന ഒരേയൊരു ജാവ ടീം മെംബെര്‍ ആയ സോണിയും മദ്രാസിലേക്ക്. ജാവയിലേക്കുള്ള ആദ്യ കാല്‍ വെപ്പ്. മനസ്സിനൊക്കെ ഒരു ഫ്രഷ്നെസ്സ്! ഞാനും എന്തെങ്കിലുമൊക്കെയായി എന്ന ആത്മവിശ്വാസം.

തീവണ്ടി യാത്രയുടെ രസവും, നീരസവും ആസ്വദിച്ച് ഞങ്ങള്‍ ട്രെയിനിനൊപ്പം കുതിച്ചു പാഞ്ഞു.(സോറി, ഇഴഞ്ഞു നീങ്ങി. ക്ഷമ പരീക്ഷിക്കല്ലെ മഹത്തായ ഇന്ത്യന്‍ റെയില്‍ വേ!)

യാത്രക്കിടയില്‍ ഞാന്‍ ബി ഐ പി എല്ലില്‍ കയറുന്നതിനു മുമ്പ് സി,സി++ ട്രെയിനര്‍ ആയി ജോലി നോക്കിയിരുന്ന പെന്റാസോഫ്റ്റിലെ മാനേജരെ കാണാനിടയായി. വര്‍ത്തമാനത്തിനിടയില്‍ അദ്ദേഹം പെന്റസോഫ്റ്റ് വിട്ട് (അതു ഞാന്‍ പോന്നതിനു ശേഷം പൂട്ടിപ്പോയിരുന്നു) ഏതോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആണെനന്നും മനസ്സിലായി.

വായില്‍ തോന്നിയതെന്തും വിളിച്ചു പറയുന്ന സ്വഭാവമുള്ള അങ്ങേര് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിക്കാന്‍ വന്ന പിള്ളേരെ പൊട്ടന്മാരും മന്ദബുദ്ധികളും എന്നൊക്കെ അന്ന് ‘അഭിനന്ദിച്ചപ്പോള്‍‘ ഒന്നു നൊന്തു.

സ്വന്തം ഭാവി തന്നെ സുരക്ഷിതമാക്കാന്‍ വിളറി പിടിച്ചു നടന്നിരുന്ന ആ പഴയ മാനേജര്‍ ഇതു വായിച്ചെങ്കില്‍ ഒന്നറിയുക. നിങ്ങളുടെ ഒരു പഴയ ‘പൊട്ടന്‍ വിദ്ധ്യാര്‍ത്ഥി‘ എന്നോടൊപ്പം ജോലി ചെയ്യുന്നു! അന്തസ്സായി! നിങ്ങളുടെ കീഴില്‍ നിന്നു തന്നെ പഠിച്ചിറങ്ങിയ സമ്പാദ്യവുമായി, അതില്‍ക്കൂടുതല്‍ സ്വന്തം പ്രയത്നത്തിലൂടെ! “കണ്ണുണ്ടെങ്കില്‍ കണ്ടുപഠിക്കണം അവനെ... നിങ്ങളും ഞാനും! അല്ലെങ്കില്‍ കൊണ്ടു പഠിക്കാം!“

(അവസാന വാചകത്തിന് കടപ്പാട് : ദുബായിലെ ഹിറ്റ് 96.7 എഫ്. എം. വാര്‍ത്താ ബുള്ളറ്റിനിലെ സ്പെഷ്യല്‍ ന്യൂസ്)

എന്റെ പ്രിയ സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഇതിന്റെ ഭാഗം-1 വായിച്ച് വളരെ നൊസ്റ്റാള്‍ജിക് ആയി പലതവണ എന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും തിരക്കിനിടയില്‍ ഞാന്‍ അറിഞ്ഞില്ല. പിന്നീട് ജിടോക്കില്‍ വന്ന് “നിന്റെ പോസ്റ്റ് വായിച്ച ശേഷം വല്ലാതെ ലോണ്‍ലിനെസ്സ്“ എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ച നിനക്കു വേണ്ടിത്തന്നെയാവട്ടെ ഈ പോസ്റ്റ്.

(തുടരും)