Wednesday, May 14, 2008

ഹലോ ചെന്നൈ (ഭാഗം 3)

റെയില്‍വേ സ്റ്റേഷനില്‍ എന്നെയും സോണിയേയും സ്വീകരിക്കാന്‍ ബാബു വന്നിരുന്നു. ബാബുവും മനോജും ആയിരുന്നു അന്നു വൈറല്‍ പനിയില്‍ നിന്നും, തടി കേടാകാതെ കഷ്ടിച്ച് രക്ഷപ്പെട്ട മാന്യന്മാര്‍‍. സ്റ്റേഷനില്‍ നിന്നും പുറത്ത് കടന്ന ഞാന്‍ മദ്രാസ്സിന്റെ മലിന മുഖം കണ്ട് തിരിച്ചു പോയാലോ എന്നു ചിന്തിച്ചു. ആകെക്കൂടി വൃത്തിയില്ലാത്ത പരിസരവും നേരെ എതിര്‍ഭാഗത്തെ തോട്ടില്‍ നിന്നും കാറ്റിനോടൊപ്പം മൂക്കിലേക്ക് അടിച്ചു കയറുന്ന ‘ഒന്നൊന്നര’ മണവും എന്റെ സകല പ്രതീക്ഷകളേയും ‘ഗോപി’യാക്കി. ഒന്നും മിണ്ടാതെ ബാബുവിനോടൊപ്പം തൊട്ടടുത്ത ബ്സ്സ്റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു.

സ്റ്റോപ്പില്‍ കാത്തു നില്‍ക്കുമ്പോഴും എന്റെ ചിന്ത തിരിച്ചുപോയാലോ എന്നു തന്നെയായിരുന്നു. പക്ഷെ ചിന്തകള്‍ എങ്ങും എത്താത്ത കണ്ടീഷനിലും, തമിഴ് നാട്ടിലെ ബസ്സുകള്‍ സമയം തെറ്റി (?) ഓടാത്ത കാരണത്താലും സ്റ്റോപ്പില്‍ വന്നു നിന്ന ബസ്സില്‍ കയറിക്കോളാന്‍ ബാബു പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല.റായ്പ്പേട്ടയില്‍ ബസ്സ് എത്തിയപ്പോള്‍ ഇറങ്ങി,പിന്നെ കുറച്ചു നടന്നു,ഞങ്ങള്‍ ഒരു മാന്‍ഷന്റെ മുന്നിലെത്തി.

കോളേജ് ഹോസ്റ്റലിനെ ഒക്കെ അനുസ്മരിപ്പിക്കും വിധമുള്ള ഒരു ബില്‍ഡിങ്ങ്. മിക്കവാറും എല്ലാ മുറിയില്‍ നിന്നും ചുള്ളന്‍സിന്റെ ബഹളം കേള്‍ക്കാം. രണ്ടു തരം ആളുകളാ‍ണ് അവിടെയുണ്ടായിരുന്നത്. ഒന്നുകില്‍ ജോലി അന്വേഷിച്ച് എത്തിയവര്‍, അല്ലെങ്കില്‍ ചെറിയ ശമ്പളത്തില്‍ പുതുതായി കയറിപ്പറ്റിയവര്‍.

അപ്പോഴേക്കും മനോജ് റൂമിനു പുറത്തേക്ക് വന്നു. അല്പസമയം ബാബുവിന്റെ മുറിയില്‍ വിശ്രമം, പിന്നെ തൊട്ടടുത്തുള്ള മനോജിന്റെ മുറിയിലേക്ക്. അവിടെയായിരുന്നു എന്റെ അന്തേവാസം. രണ്ട് മൂന്നു നിലകളുണ്ടായിരുന്ന ആ ബില്‍ഡിങ്ങില്‍ ഓരോ നിലകളില്‍ താമസിക്കുന്നവര്‍ക്കും പൊതുവായ ബാത് റൂമും, ടോയ് ലറ്റും ആണുണ്ടായിരുന്നത്. ‘ഭയങ്കര വൃത്തിയില്‍’ കൊണ്ടു നടന്നിരുന്ന ഇവയ്ക്കുള്ളില്‍ കയറി കുളി തുടങ്ങി. സത്യം പറയാമല്ലോ! ഞാന്‍ ബാത് റൂമില്‍ കയറി ഒരു കപ്പ് വെള്ളമെടുത്ത് മേലൊഴിച്ചപ്പോഴേക്കും വാതിലില്‍ ഒരു മുട്ട്.പിന്നെയും മുട്ടോട് മുട്ട്. ‘വെള്ളം‘ കണ്ടാല്‍ പിന്നെ അവിടെ കമഴ്ന്നടിച്ച് വീഴുന്ന ഞാന്‍,എന്റെ ക്ഷമ പരീക്ഷിക്കല്ലേ മോനേ എന്നും പറഞ്ഞ്, ആ മുട്ടിയവന്റെ അപ്പനും, അപ്പന്റെ അപ്പനും വരെ തെറി വിളിച്ച് (ക്ഷമിക്കണം! എന്റെ ഡിഫാള്‍ട്ട് തെറി ഇതാണ്) വീണ്ടും ആറാട്ട്.

ഒരു വിധം വാതില്‍ തുറന്ന് പുറത്ത് കടന്ന ഞാന്‍ മുട്ടിയവനെ ഒന്നു ഇരുത്തി നോക്കി,അവന്റെ വായില്‍ നിന്നും വന്ന തമിഴ് തെറിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ച്, പ്രത്യുപകാ‍രമായി ഒരു തെറി കൂടെ അങ്ങോട്ട് പറഞ്ഞ് സംഗതി അവസാനിപ്പിച്ചു.

വേഗം ഡ്രസ്സ് ചെയ്ത് ട്രൈപാല്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലേക്ക്. ‘കാരവല്‍ ഷിപ്പിങ്ങ്‘ ആണ് ഞങ്ങളുടെ യഥാര്‍ത്ഥ ക്ലയന്റ് എങ്കിലും, അവരുടെ അസൌകര്യവും, ഞങ്ങളുടെ സൌകര്യവും കണക്കിലെടുത്ത് ഞങ്ങളുടെ ഡെവലപ്മെന്റ് സ്ഥലം കാരവല്‍ ഷിപ്പിങ്ങിന്റെ ഒരു സഹോദര സ്ഥാപനമായ ട്രൈപാലില്‍ ആക്കുകയായിരുന്നു.

ബസ് സ്റ്റോപ്പിലേക്ക് പോകുന്ന വഴിക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. വല്ല പത്തിരിയോ, പുട്ടോ അടിക്കാം എന്നു വിചാരിച്ച് അകത്തു കയറിയ എനിക്ക് മസാലദോശ കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. ഒള്ള കാര്യം പറയാമല്ലോ! ഓഅര്‍ഡര്‍ ചെയ്ത മസാലദോശ ടേബിളില്‍ എത്തിയപ്പോള്‍ എനിക്ക് തമിഴന്മാരോട് ഭയങ്കര ബഹുമാനമാണ് തോന്നിയത്.‘ഈ തമിഴന്മാര്‍ വല്ലാത്ത രാജ്യ സ്നേഹികളാണല്ലേ. കഴിക്കുന്ന ഭക്ഷണത്തില്‍ പോലും അവര്‍ ദേശസ്നേഹം കാണിക്കുന്നുണ്ടല്ലോ!‘ മസാലദോശക്കൊപ്പം കിട്ടിയ ചുവപ്പ്, പച്ച, വെള്ള നിറങ്ങളിലുള്ള ചട്നികള്‍ കണ്ട് ഞാ‍ന്‍ മനസ്സില്‍ പറഞ്ഞു. ഒരു ഓംലെറ്റ് ഒക്കെ ഓര്‍ഡര്‍ ചെയ്തു ഒന്നു കൂടി ദേശസ്നേഹം ടെസ്റ്റ് ചെയ്താലോ എന്നൊക്കെ തോന്നിയതാ. പിന്നെ പേഴ്സിന്റെ കനക്കുറവു കാരണം അതങ്ങു വേണ്ടെന്നു വെച്ചു. മസാലദോശയുടെ ‘ഭയങ്കര ടേസ്റ്റ്‘ കാരണം, ഒരു വിധം അതങ്ങു അകത്താക്കി വേഗം എഴുന്നേറ്റു.

ഞങ്ങള്‍ നാല്‍വര്‍ സംഘം കിട്ടിയ ബസ്സില്‍ കയറി ട്രൈപാലിലേക്ക് കുതിച്ചു. അവിടെ ഒരു ‘ചേച്ചിയടക്കം’ ആകെ മൂന്നോ നാലോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും ബാബു എനിക്ക് കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നു, മെല്ലെ കോഡിങ്ങ് തുടങ്ങാനുള്ള സെറ്റപ്പിലേക്ക് എത്തിച്ചു കൊണ്ടിരുന്നു.

ഉച്ചക്ക് താഴെ ഒരു ഹോട്ടലില്‍ നിന്നും ഫുഡടിച്ച് വീണ്ടും പണിയിലേക്ക് തന്നെ. എനിക്കാണെങ്കില്‍ ആകെ ബോറഡിച്ച് ഒരു മാതിരിയായി.മൊത്തം ഒരു അവാര്‍ഡ് സിനിമയുടെ പ്രതീതി. ആരും ഒന്നും സംസാരിക്കുന്നില്ല. എന്തായാലും എല്ലാം ഒരു വിധം അവസാനിപ്പിച്ച് വൈകുന്നേരത്തോടെ താമസസ്ഥലത്തേക്ക് തിരിച്ചു. സോണി അന്നു തന്നെ തൃശൂരിലേക്ക് തിരിച്ചു പോകുകയും ചെയ്തു.

പിന്നെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഒരാഴ്ച്ച. ഒരു പത്തരക്ക് ട്രൈപാലില്‍ എത്തും, വൈകുന്നേരം ഒരു ആറരയോടെ തിരിച്ചു വരും.

അതിനിടക്ക് രാവിലെ ഒരു ചായക്കാരന്‍ വരാന്‍ തുടങ്ങി. ട്രൈപാലിലെ ഏതോ ഒരുവന്‍ ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞേല്‍പ്പിച്ചതായിരുന്നു. എന്തായാലും, ഞാനും, ബാബുവും, മനോജും ഫ്രീ ചായയാണല്ലോ എന്നോര്‍ത്ത് അങ്ങേരുടെ ചായ അടിച്ചു തുടങ്ങി. മാസവസാനം ബില്ല് കൊണ്ടുവന്നു തന്നപ്പോഴാണ് ഞങ്ങള്‍ക്കക്കിടി മനസ്സിലായത്. എന്തായാലും സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍ ചായവിതരണം നിര്‍ത്തേണ്ടെന്നു തീരുമാനിച്ചു.നമുക്കൊക്കെ ഒരു ഇമാജില്ലെ? അതു കളഞ്ഞു കുളിക്കാന്‍ പറ്റുമോ?

അതോടൊപ്പം ഉച്ചക്കുള്ള ഫുഡടി ഒരു നല്ല റെസ്റ്റോറന്റിലേക്ക് മാറ്റി. കല്പക എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. ഓഫീസില്‍ നിന്നും കുറച്ച് നടക്കണമായിരുന്നു. എന്നാലും നല്ല ഭക്ഷണം കഴിക്കാമല്ലോ എന്നുള്ള ചിന്തയില്‍ അതൊന്നും ഞങ്ങള്‍ക്ക് തടസ്സമായില്ല. കുറ്റം പറയാണെന്നു വിചാരിക്കരുത്. ഒന്നാന്തരം ഭക്ഷണമായിരുന്നു അവിടെ, അതിലും ഒന്നാന്തരം വിലയും. അല്പ സ്വല്പം കോസ്റ്റ് കട്ടിംങ്ങ് ഒക്കെ നടത്തി ഉച്ചക്കുള്ള ഇടപാട് അവിടെ തുടര്‍ന്നു പോന്നു.

ആ ദിവസങ്ങളില്‍ രാവിലത്തെ ബ്രേക്ഫാസ്റ്റ് എനിക്ക് വല്ലാത്ത പ്രശ്നമായിരുന്നു. പത്തിരി-ചിക്കന്‍ കറി, പുട്ട്-ബീഫ് കറി പോലുള്ള കോമ്പിനേഷനുകള്‍ എന്നും രാവിലെ എന്നെ കൊതിപ്പിക്കുമെങ്കിലും എന്നും എനിക്ക് ദോശയോ, ഇഡ്ഡലിയോ, ഊത്തപ്പമോ കഴിക്കാനായിരുന്നു വിധി. അതിനിടക്ക് ഹോട്ടലുകള്‍ കുറെ മാറി.

അവസാനം എത്തിപ്പെട്ടത് ട്രിപ്ളിക്കയിനിലുള്ള ‘രത്നാ കഫേ’ എന്ന ഒരു പഴയ ഹോട്ടലിലായിരുന്നു. അവിടെയും ഞാന്‍ ദോശയടി തുടര്‍ന്നു വന്നു. പക്ഷെ അവിടെ ശ്രദ്ധിച്ച ഒരു കാര്യം, എല്ലാ ചേട്ടന്മാരും, ചേച്ചിമാരും ഇഡ്ഡലിയുടെ ഫാനാണെന്നാണ്. കുറച്ച് കുഴിയുള്ള പാത്രത്തില്‍ രണ്ട് ഇഡ്ഡലിയിട്ട്, അതിന്റെ മീതെ കപ്പുക്കൊണ്ട് സാമ്പാര്‍ കോരിയൊഴിച്ച് കൊടുക്കുന്നത് കണ്ട് എനിക്ക് അതിശയമാണ് തോന്നിയത്.

മനോജും ബാബുവും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇഡ്ഡലിയിലേക്ക് മാറിയിരുന്നു. രണ്ട് ടിസ്പ്പൂണ്‍ കൊണ്ട് പായസം കുടിക്കുന്ന പോലെ ഇഡ്ഡലി തിന്നുന്നത് കണ്ട് ഞാന്‍ അവന്മരെ കളിയാക്കുക പതിവായിരുന്നു. പക്ഷെ, ഒരു പാടു കാലം ദൈവം അതിനു സമ്മതിച്ചില്ല എന്നു മാത്രമല്ല, എന്നെ സാമ്പാര്‍ കുടിപ്പിച്ച് നല്ലൊരു ‘അണ്ണനാക്കി‘.

പതിവുപോലെ ഒരു ദിവസം രാവിലെ രത്നാ കഫേയില്‍ എത്തിയ ഞാന്‍ മസാലദോശ കഴിച്ചു കൊണ്ടിരിക്കുന്ന സമയം. അവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരനോട് കുറച്ച് സാമ്പാര്‍ ചോദിച്ചതാണ് എന്നെ സാമ്പാര്‍ ഇഡ്ഡലിയുടെ ഫാനാക്കിയത്. നമ്മുടെ നാട്ടില്‍ പൂരത്തിനൊക്കെ ചേച്ചിമാര്‍ താലം പിടിച്ചു നില്‍ക്കുന്നതു പോലെ, ഒരു ചേട്ടന്‍ കൈയില്‍ താങ്ങിപ്പിടിച്ച ഒരു ട്രേയുടെ മുകളില്‍ വെച്ച ഒരു കപ്പില്‍ നിറയെ സാമ്പാറുമായി വന്നു. അവിടെ ദോശയിലേക്ക് സാമ്പാര്‍ ചോദിച്ചാലും കപ്പിലാണ് സപ്ലൈ എന്ന് ഞാന്‍ ചിന്തിച്ചില്ല. വന്നപാടെ അങ്ങേര് കപ്പൊന്നു കമഴ്ത്തി! ഞാന്‍ നോക്കുമ്പോള്‍ പുഴയില്‍ മുങ്ങുന്ന വഞ്ചി പോലെ നമ്മുടെ ദോശ. ഒരല്പം സാമ്പാറ് ചോദിച്ച എനിക്കു കിട്ടിയ സമ്മാനം! എന്തായാലും വേറെ നിവൃത്തിയില്ലാഞ്ഞ ഞാന്‍ അതു കഴിച്ചു തുടങ്ങി. കഴിക്കുന്തോറും ടേസ്റ്റ് കൂടിക്കൂടി വരുന്നു.

“ഓഹോ, ഇതാണല്ലേ ഗുഡന്‍സ്!“ മനസ്സിലൊന്നു പറഞ്ഞു.

പിന്നെ മദ്രാസില്‍ പോയപ്പോഴൊക്കെ രത്നാ കഫേയില്ലാതെ എന്തോന്നു ദിവസം എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. രണ്ടു ഇഡ്ഡലിയും ഒരു വലിയ കപ്പ് സാമ്പാറും, വെറും നാലുരൂപക്കടിച്ച് ഞാന്‍ മലയാളികളുടെ മാനം രക്ഷിച്ചുകൊണ്ടിരുന്നു.

ദുബൈയില്‍ ആയിരുന്നപ്പോഴും, ഇപ്പോള്‍ ഷാര്‍ജയിലേക്ക് താമസം മാറ്റിയപ്പോഴും ആഴ്ച്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ശരവണ ഭവനോ, മദ്രാസ് വെജിറ്റേറിയന്‍ റെസ്റ്റോറന്റോ സന്ദര്‍ശിക്കുക പതിവാക്കി.

കൂടുതല്‍ ഇഷ്ടം മദ്രാസ് വെജിറ്റേറിയന്‍ റെസ്റ്റോറന്റ് തന്നെ. ഒറ്റക്കിരുന്നു ആ പഴയ രത്നാ കഫേയുടെ പഴമ ചേര്‍ത്ത അന്തരീക്ഷവും, പിന്നെ ആ സാമ്പാര്‍ ഇഡ്ഡലിയും ആസ്വദിക്കുന്നതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെ! ഒപ്പം ജീവിതത്തിലെ ആ പഴയ നല്ല നാളുകള്‍ മനസ്സിലേക്കെടുത്ത് ഒന്നു പോളിഷ് ചെയ്യല്‍.

എന്തെല്ലാമോ നേടിയെങ്കിലും, മറ്റെന്തൊക്കെയോ നഷ്ടപ്പെട്ട പോലെ! പല മുഖങ്ങളും എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ഞാന്‍ എന്തായിരുന്നു എന്നതിനേക്കാളുപരി, എന്താകുമെന്ന ഒരസ്വസ്ഥത.

വല്ലപ്പോഴും കിട്ടുന്ന പഴയ കൂട്ടുകാരുടെ ഇമെയിലുകള്‍ ഒരായിരം വര്‍ണ്ണങ്ങള്‍ മനസ്സില്‍ വിതറുമ്പോള്‍, എങ്ങിനെ കണ്ടില്ലെന്നു നടിക്കും. ഇടക്ക് ഞാന്‍ ചിന്തിക്കും, ജീവിച്ചിരിപ്പുണ്ടെങ്കില്‍, എന്റെ വാര്‍ദ്ധക്യത്തില്‍ ഈ കൂട്ടുകാരില്‍ ആരെയെങ്കിലും കണ്ടു മുട്ടിയാല്‍! ജീവിതത്തിന്റെ സായം സന്ധ്യയില്‍ അതില്പരം വേറെ സന്തോഷമുണ്ടാകുമോ?