Wednesday, March 19, 2008

ഒട്ടകങ്ങള്‍ വരി വരി വരിയായ്...

നാളെ നബിദിനം! പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ)യുടെ ജന്മദിനം. ഒരു പാടുണ്ട് പറയാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രസ്സയില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ആവേശവും, സന്തോഷവും ഒന്നും ഇന്നില്ല. നാട്ടിലാണെങ്കില്‍ മദ്രസ്സയില്‍ പോയി, കുട്ടികളെ പ്രോത്സാഹിപ്പിച്ച്, അവരുടെ പ്രസംഗവും, പാട്ടും എല്ലാം ആസ്വദിച്ച് ഒരു ആഘോഷം തന്നെയാക്കാം.

ദുബൈയിലേക്ക് വന്നതിന് ശേഷം, നബിദിനം പോലും മറവിയുടെ ലോകത്തേക്ക് തള്ളിയിട്ട്, അതിനെ വെറുമൊരു അവധി ദിവസത്തിന്റെ പ്രാധാന്യം മാത്രം കൊടുത്തിരുന്നു ഈ ഞാന്‍. ജീവിത പ്രാരാബ്ധ്ങ്ങള്‍ക്കിടയില്‍ മറന്നുപോയ പല ആഘോഷങ്ങളും പിന്നീട് തിരിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടി. എന്നാല്‍ നബിദിനം മാത്രം ഓര്‍ത്തില്ല. തിരക്കുകള്‍ക്കിടയില്‍, അല്ലെങ്കില്‍ തിരക്കുണ്ടെന്ന നാട്യത്തില്‍ ജീവിക്കുകയായിരുന്നോ ഞാന്‍? തെറ്റു പറ്റിപ്പോയി എനിക്ക്!

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍, മദ്രസ്സ പഠനകാലത്ത് വല്ലത്തൊരാവേശത്തോടെയായിരിന്നു നബിദിനത്തിനെ വരവേറ്റിരുന്നത്. നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകറുണ്ടായിരുന്നു. മിഠായിയായും, ലഡ്ഡുവായും ഒക്കെ ഒരുപാടു മധുരപലഹാരങ്ങള്‍ കിട്ടുമായിരുന്നു അന്ന്. മദ്രസ്സയിലെ മുതിര്‍ന്നവരായിരുന്നു ഘോഷയാത്രക്കിടയില്‍ പിടിക്കാനുള്ള കൊടിയുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. നാട്ടിലുള്ള ഭരതന്‍ മാഷിന്റെ പറമ്പിലും, പിന്നെ മാടായിപ്പറമ്പിലും ഒക്കെയായിരുന്നു അന്ന് കൊടിക്കാവശ്യമുണ്ടായിരുന്ന മുളവടിയും, പന വടിയും ഒക്കെ ഉണ്ടായിരുന്നത്. നബിദിനത്തിനും രണ്ട്മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പേ കിട്ടിയ വടികളെല്ലാം ചെത്തിമിനുക്കി ശെരിയാക്കി വെച്ചിരിക്കും. ഈ പണി മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്കാണ്. (ഈ വക കാര്യങ്ങളിലെല്ലാം ഞാന്‍ ഉണ്ടായിരുന്നു എന്നു പറയാന്‍ പറ്റില്ല. ചിലപ്പോഴൊക്കെ മാത്രം സഹകരിച്ചിരുന്നു. ഇപ്പോഴാണ് കുട്ടിക്കാലം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ പോലെയായിരുന്നു എന്ന് പശ്ചാത്തപിക്കുന്നത്)

നബിദിനത്തിന് തലേന്നാണ് കൊടിയുണ്ടാക്കുന്നതും, മദ്രസ്സ മുറ്റത്തും, മദ്രസ്സയോട് ചേര്‍ന്ന റോഡിലും ഒക്കെ അരങ്ങൊട്ടിക്കുന്നത്. പലവിധ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ച കൊടികളും, അരങ്ങും, കുട്ടികളും, മുതിര്‍ന്നവരും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന ആ അന്തരീക്ഷം ഒന്നു വേറെത്തന്നെയാണ്. ഘോഷയാത്രക്ക് തുടക്കമായി മൌലൂദ് പാരായണവും മറ്റും; ഖൂലൂ തക്ബീര്‍... അല്ലാഹു അക്ബര്‍ എന്നൊക്കെ വളരെ ആവേശത്തോടെയായിരുന്നു പറഞ്ഞിരിന്നത്.

ഘോഷയാത്രക്കിടയില്‍ മിക്ക വീടുകളില്‍ നിന്നും മിഠായിയും മറ്റും കിട്ടുമായിരുന്നു; കോട്ടപ്പടി നിസ്കാരപ്പള്ളിയില്‍ നിന്നും തരിക്കഞ്ഞിയും. തിരിഞ്ഞ് വീണ്ടും ഇരിങ്ങപ്പ്രം വഴി മമ്മിയൂര്‍ മദ്രസ്സയിലേക്ക്. അവിടത്തെ കുട്ടികളേയും കൂട്ടി ചൂല്‍പ്പുറം മദ്രസ്സയിലേക്ക്. ഇതിനിടയില്‍ സ്കൂളിലെ സഹപാഠികളുടെ വീടുകളും കടന്നു പോകും. വളണ്ടിയര്‍മാര്‍ കൊടുക്കുന്ന മിഠായികള്‍ കൂടാതെ സോപ്പിടാനായി എന്റെ വകയായും കൊടുക്കും; നബിദിനത്തിന്റെ പിറ്റേന്നോ, അതിന്റെ പിറ്റേന്നോ ഒക്കെയായിരിക്കും സാധാരണ സെക്കന്റ് മിഡ് ടേം പരീക്ഷ ഉണ്ടാകാറ്. നബിദിനച്ചൂടില്‍ പഠിത്തമൊക്കെ കുളമായി ചെല്ലുമ്പോഴാകും അന്നാണ് അല്ലെങ്കില്‍ പിറ്റേന്നാണ് പരീക്ഷ എന്നൊക്കെ അറിയാറ്. അങ്ങിനെയുള്ള ഒരു പരീക്ഷയിലാണ് ആറാം ക്ലാസ്സില്‍ ഇംഗ്ലീഷ് പദ്യം തെറ്റിക്കുകയും, മാര്‍ക്ക് കുറയുകയും ചെയ്തതിന് ഡ്രില്ലിന് വിടാതെ ക്ലാസ്സിലിരുത്തിയത്. ക്ലാസ്സ് വൃത്തിയാക്കാനായി നിങ്ങളുടെ ആഗ്നേയാ അടക്കം ഒരു കൂട്ടം പെമ്പിള്ളാര്‍ അന്നേരം അവിടുണ്ടായിരുന്നു. പെമ്പിള്ളാരുടെ ഇടയില്‍ ഒറ്റക്കിരിക്കരുത് എന്ന് ഒരു പാഠം പഠിച്ചത് അന്നാണ്. പെമ്പിള്ളാരെ ഒറ്റക്ക് കിട്ടിയാല്‍ നമ്മള്‍ കളിയാക്കി കൊല്ലും എന്നപോലെ തിരിച്ചും പ്രതീക്ഷിക്കാം എന്ന ലോകസത്യം പഠിപ്പിച്ചു തന്ന ആഗ്നേയാ... നിനക്ക് വണക്കം.

ഉച്ചയിലെ നെയ്ച്ചോറും, ബീഫ്കറിയും അടിച്ചുകഴിഞ്ഞാല്‍ പിന്നെ കളിയാണ്. കുറ്റിയും കോലും, കൊച്ചം കുത്തി, ക്രിക്കറ്റ് കളി അങ്ങിനെ പോകുന്നു ഐറ്റംസ്. രാത്രിയില്‍ പാട്ടും, പ്രസംഗവും, കഥാപ്രസംഗവും ഒക്കെയായി കുട്ടികളുടെ കലാപരിപാടികള്‍. വൈകുന്നേരമായാല്‍ തന്നെ തുടങ്ങും ഫൈനല്‍ പ്രക്ടീസ്. പ്രസംഗത്തിനൊന്നും ധൈര്യം പോരത്തത് കാരണം പാട്ടെടുത്ത് ഞാന്‍ തടിതപ്പും. സദര്‍ ഉസ്തതിന്റെ ‘കത്തി’ പ്രസംഗം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ കുട്ടികളുടെ പരിപാടികളാണ്. മദ്രസ്സയിലെ കേമന്മാരായ, മുബാറക്ക്, ഫൈസല്‍ എന്നിവരെ വെട്ടിച്ച് ഒരിക്കല്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്തോ ഭാഗ്യത്തിന് ഒന്നാം സ്ഥാനം കിടുകയും ചെയ്തു.(ഉപ്പ കൈകൂലി കൊടുത്തോന്നൊരു സംശയം...ഹി..ഹി..ഹി).

ആ പാട്ടിന്റെ ആദ്യവരി ഇന്നും ഓര്‍മ്മയുണ്ട്.

ഒട്ടകങ്ങള്‍ വരി വരി വരിയായ്...
കാരക്കത്തോട്ടത്തില്‍ നിര നിര നിരയായ്........

പിന്നെ എടുത്തുപറയേണ്ടത് ഉമ്മര്‍ ഉസ്താതിന്റെ പാട്ടുകളാണ്. ഘോഷയാത്രയിലും, രാത്രിയിലെ പരിപാടികളിലും അദ്ദേഹം മനോഹരമായ ഗാനങ്ങളാലപിക്കാറുണ്ട്. ഇന്നും നബിദിനത്തിന്റെ ചൂടും ചൂരും ചൂല്‍പ്പുറത്ത് നിറയുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

ഇന്ന്
മദ്രസ്സയിലെ കുട്ടികളുടെ എണ്ണം പരിതാപകരമായ രീതിയില്‍ കുറഞ്ഞിരിക്കുന്നു. ധാരാളം മുസ്ലീം സ്കൂളുകള്‍ കൂണുപോലെ മുളച്ചിരിക്കുന്നു. മദ്രസ്സയില്‍ പോകുന്നത് നാണക്കേടായോ അല്ലെങ്കില്‍ അതൊരു അത്യാവശ്യമില്ലാത്തതോ ആയ ഒന്നായി മാറിയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് ഗുണപ്രദമായ പരിഷ്കാരങ്ങള്‍ മദ്രസ്സയില്‍ ഒരുക്കാന്‍ അതിനു നിയോഗിക്കപ്പെട്ടവര്‍ വിസമ്മതിക്കുന്നു. മദ്രസ്സകള്‍ അതിന്റെ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നോ? എന്റെ നാട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് നാലോ അതില്‍ക്കൂടുതലോ ഖത്തീബ്മാര്‍ (പള്ളിയിലെയും മദ്രസ്സയിലേയും പ്രധാനി) വന്നുപോയി. നാട്ടിലെ മുസ്ലീങ്ങള്‍ക്കിടയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം ആരും സ്ഥിരമായി നില്‍ക്കുന്നില്ല. സുന്നിയും ജമാ‍അത്തെ ഇസ്ലാമിയും മറ്റും പരസ്പരം കടിച്ചുകീറുന്നു. പണക്കൊഴുപ്പ് രക്തബന്ധവും, മുലകുടി ബന്ധവും ഇല്ലാതാക്കി. ഒരു വിഭാഗം ജനങ്ങള്‍, കാലങ്ങളായി ചെയ്ത് പോന്ന പലകാര്യങ്ങളിലും നിസ്സഹകരണം ഏര്‍പ്പെടുത്തി.

നാളെ
എന്റെ നാട്ടില്‍ കലഹിച്ച് ഒരുപാടുപേര്‍. മുസ്ലീം, ഹിന്ദു, ക്രസ്ത്യാനി എന്നീ വേര്‍തിരിവുകള്‍ ഒരു കാലത്തും അറിഞ്ഞിട്ടില്ലാതെ വളര്‍ന്ന ഞാന്‍ അതു കൂടി കാണേണ്ടി വരുമോ?

നല്ലതു മാത്രം സംഭവിക്കട്ടെ, ഞാന്‍ സ്നേഹിക്കുന്ന, എന്റെ നാട്ടില്‍ നല്ലതു മാത്രം സംഭവിക്കട്ടെ.

11 comments:

~nu~ said...

എന്റെ നാട്ടില്‍ വെട്ടിയും, കൊലപ്പെടുത്തിയും ഒരുപാടുപേര്‍. മുസ്ലീം, ഹിന്ദു, ക്രസ്ത്യാനി എന്നീ വേര്‍തിരിവുകള്‍ ഒരു കാലത്തും അറിഞ്ഞിട്ടില്ലാതെ വളര്‍ന്ന ഞാന്‍ അതു കൂടി കാണേണ്ടി വരും...

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അങ്ങ്‌ കൊണ്ടു പോയല്ലൊ മാഷേ,

ജീവിതത്തിന്റെ ഓര്‍മ്മ ചെപ്പില്‍ ഇന്നും അതെല്ലാം മധുരിക്കുന്ന ഓര്‍മ്മകള്‍ തന്നെയാണ്‌. എന്റെ നാട്ടില്‍ ഇപ്പോഴും ഇതെല്ലാം ഉണ്ട്‌ എന്നുള്ളത്‌ സന്താഷം നല്‍കുന്ന കാര്യമാണ്‌, പിന്നെ ജമാ അത്ത്‌, മുജാഹിദ്‌ വിഭാഗങ്ങള്‍ തീരെ ഇല്ലെന്ന് തന്നെ പറയാം.

മത സൗഹാര്‍ദ്ധത്തിന്റെ നിദര്‍ശനങ്ങളായി ഇപ്പോഴും എല്ല കാര്യത്തിലും കൂട്ടയ്മകളും കുറ്റിയറ്റു പോയിട്ടില്ല എന്നു സമാധാനിക്കാം പക്ഷെ.....

എന്തായാലും ഈ വായനാനുഭവം മനസ്സില്‍ സന്തോഷവും, നഷ്ടബോധവും, ചില വിഷമങ്ങളും നിറച്ചു...നന്ദി സുഹൃത്തെ

പരിത്രാണം said...

പഴയ ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി. അവസാനത്തെ പ്രയോഗം വേണ്ടായിരുന്നു അതു ഇന്നേ വരെ അങ്ങിനെ ഒന്നു ചിന്തിക്കാത്തവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ ഒരു സാഹചര്യം ഒരുക്കുകയല്ലേ ഈ പ്രയോഗത്തിലൂടെ സംഭവിക്കുന്നത്. നമ്മളായി ഒരു വാക്കിലൂടെപോലും മനുഷ്യര്‍ക്കിടയില്‍ അങ്ങിനെ ഒരു സംസാരത്തിന് അവസരം ഒരിക്കലും സ്രിഷ്ടിച്ചുകൂടാ എന്നാണ് എന്റെ ആഗ്രഹം.

Fyzal K Abu said...

what parithranam said thats correct remove the last sentences...

~nu~ said...

നന്ദി ശെരീഖ്, പരിത്രാണം, ഫൈസല്‍. നാട്ടില്‍ പോകുമ്പോള്‍ എത്ര ശ്രമിച്ചിട്ടും മനസ്സിലാകാത്ത ഒരു വസ്തുതയാണ് ഞാന്‍ ‘നാളെ’യില്‍ പറയാന്‍ ശ്രമിച്ചത്. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സത്യങ്ങള്‍ ഞാന്‍ എന്തിനു മൂടി വെയ്ക്കണം. സത്യത്തിനു നേരെ കണ്ണടക്കരുത് പരിത്രാണം. ഇതു കൂട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍, ശ്രദ്ധിക്കണ്ട, വലുതായാല്‍ നേരെയായിക്കോളും എന്ന മനോഭാവത്തിനു തുല്യമാണ്. സാമ്പത്തികവും, സാമൂഹികവുമായ മാറ്റങ്ങള്‍ ചൂല്‍പ്പുറത്തും കണ്ടു തുടങ്ങി മാഷേ...

പരിത്രാണം said...

എന്റെ അറിവില്‍ അങ്ങിനെ ഇതുവരെ നമ്മുടെ ഗ്രാമത്തില്‍ സംഭവിച്ചിട്ടില്ല. സംഭവിക്കാതിരിക്കട്ടെ ഇനി അങ്ങിനെ സാമൂഹികമായ മാറ്റങ്ങള്‍ നമ്മുടെ കൊച്ചുഗ്രാമത്തിലും കണ്ടു തുടങ്ങിയെങ്കില്‍ അതിനെ പരസ്യവത്ക്കരിക്കുന്നതു അതിനു കൂടുതല്‍ അവസരങ്ങള്‍ സ്രീഷ്ടിക്കുക മാത്രം അല്ലേ ചെയ്യുന്നുള്ളൂ. നമ്മുടെ ഈ കാലം വരെയുള്ള അനുഭവങ്ങളും അതു തന്നെയല്ലെ നമ്മെ പഠിപ്പിച്ചതും. ദില്‍ പ്രയോഗിച്ച ആ കണ്ണൂര്‍ ഭാഷ നമ്മുടെ കൊച്ചു ഗ്രാമത്തിനു ഒട്ടും യോജിക്കുന്നില്ലന്നേ ഞാന്‍ അര്‍ത്ഥമാക്കിയിട്ടുള്ളൂ.

Fyzal K Abu said...

Iam also not blaming, But hope for the best, Dont predict for crucial future...

G.MANU said...

ആശങ്കയുണ്ടാക്കുന്ന ആ നാളെ ഉണ്ടാവാതിരിക്കട്ടെ മാഷേ..
മതങ്ങള്‍ ഇനിയും മനുഷ്യരെ കൂട്ടിയിണക്കട്ടെ..

പോസ്റ്റ് നന്നായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മതങ്ങള്‍ മനുഷ്യ സ്നേഹത്തിനു വേണ്ടിയാകട്ടെ...

കാപ്പിലാന്‍ said...

നല്ലതു മാത്രം സംഭവിക്കട്ടെ.

Anonymous said...

May there be more people like you!God bless!