Friday, February 1, 2008

ഫ്ലാറ്റ് നമ്പര്‍ 501

എന്റെ സുഹൃത്ത് അനീഷിന്റെ ഇ-മെയില്‍ രാവിലെ വായിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ഒരു പോസ്റ്റ് ഇടണമെന്ന്‍. യു എ ഇ യുടെ പഴയകാല ചിത്രങ്ങള്‍ അടങ്ങിയ ആ മെയില്‍ എന്റെ ജോലിയെ തടസ്സപ്പെടുത്തി എന്നുമാത്രമല്ല, ഉച്ചഭക്ഷണം വരെ ഗൂഗിളില്‍ തപ്പലായി. കുറേയേറെ അലയേണ്ടി വന്നു, കുറച്ച് നല്ല പഴയ ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍. അതങ്ങിനെ നോക്കിയിരുന്നതേ മനസ്സൊന്നു പിറകിലേക്കു പോയി...ഒരു മൂന്നു വര്‍ഷം പിറകിലേക്ക്...

ഒരു നോമ്പു കാലത്താണു ഞാന്‍ ദുബായില്‍ എത്തുന്നത്, രണ്ടായിരത്തിമൂന്നാമ്മാണ്ടില്‍. അതിനും രണ്ടു മാസങ്ങള്‍ക്ക് മുമ്പേ ഞാ‍ന്‍ യു എ ഇ യില്‍ എത്തിയിരുന്നു. എന്റെ ഒരു അടുത്ത ബന്ധു സലീം ആണ് ബര്‍ ദുബൈയില്‍ എത്തിയ എന്നെ ദേരയിലെ അവന്റെ താമസസഥലത്തേക്കു കൊണ്ടു പോകാന്‍ വന്നിരുന്നത്.

ഒരു ഫ്ലാഷ്ബാക്ക്:

ചെന്നൈയില്‍ ഒന്നര വര്‍ഷത്തോളം ജോലി നോക്കിയിരുന്ന ഞാന്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തയ്യാറെടുപ്പുമായാണ് കടല്‍ കടന്നത്. നാട്ടില്‍ ജോലി ചെയ്യാനുള്ള മടി കൊണ്ടല്ല, നാട്ടില്‍ നിന്നും മാറിത്താമസിക്കേണ്ടത് ഒരു ആവശ്യമായിരുന്നു. ഐ ടി പ്രൊഫഷണല്‍ ആയ എനിക്ക് ഐ ടി മങ്ങി നിന്നിരുന്ന അന്ന് ചെന്നൈയില്‍ നിന്നും പറിച്ചു നടപ്പെടാന്‍ ഒരു സന്ദേഹവും ഉണ്ടായിരുന്നില്ല. ബുറൈമി വിസയില്‍ എത്തിയ ഞാ‍ന്‍ മസ്കറ്റില്‍ വിമാനമിറങ്ങി, റോഡ് മാര്‍ഗ്ഗം അല്‍ ഐനിലുള്ള ഇക്കായുടെ അടുത്തു എത്തുകയായിരുന്നു. വിസിറ്റ് വിസയില്‍ താല്പര്യം ഇല്ലാത്തതു കൊണ്ടും, റെസിഡന്റ് വിസയില്‍ ‘ബാന്‍‘ ചെയ്യാന്‍ സാധ്യതയുളളതു കൊണ്ടും ആയിരുന്നു അങ്ങിനെയൊരു വിസയില്‍ എന്നെ കൊണ്ടുവന്നത്. എന്നാ‍ല്‍ എന്റെയും അവരുടെയും എല്ലാ പ്രതീക്ഷകളേയും തകര്‍ത്തു കൊണ്ടാണു വിധി എന്റെ മേല്‍ നിറഞ്ഞു തുള്ളിയത്. അവിടുന്ന് ഇത്രയും വരെ...സ്വപ്നങ്ങള്‍ക്കും മീതെ എന്നെ കൊണ്ടെത്തിച്ച പരമ കാരുണ്യവാന്‍ എന്തിനാണു എന്നെ അന്ന് അത്രയും പരീക്ഷിച്ചത്...? ജീവിതം നരകതുല്യമാക്കി നാളെയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നിന്ന ഒരു അവസ്ഥയിലേക്കെത്തിച്ചത്?

നയിഫ് റോഡിലെ അല്‍ഫുത്തേം പള്ളിയുടെ പിറകു വശത്തുള്ള ഒരു ഫ്ലാറ്റിലേക്കാണു സലീം എന്നെ കൊണ്ടുപപോയത്. ഇടുങ്ങിയ കുറേ കെട്ടിടങ്ങളും റോഡുകളും. വഴിയരികില്‍ ഒരു സെന്റി മീറ്റര്‍ കനത്തില്‍ ചുണ്ടില്‍ ചായം തേച്ച കുറേ റഷ്യന്‍ കീടങ്ങള്‍ ചിരിച്ചു കാട്ടുന്നു. വഴിയെ പോകുന്നവരെയൊക്കെ അവര്‍ മാടി വിളിക്കുന്നുണ്ട്. കുറച്ചു പേര്‍ പഠാണി കസ്റ്റമേര്‍സുമായി സ്വന്തം ശരീരത്തിനു വില പേശുന്നു. ദുബൈയുടെ യഥാര്‍ഥ മുഖം കണ്ട് ഞാന്‍ അമ്പരന്നു.

ഓപ്പണ്‍ ടെറസ്സില്‍ ഉള്ള സമാന്യം വലിയ മുറി. അതിനുള്ളില്‍ തന്നെ ബാത് റൂം, ടി.വി മുറിയിലേക്കുള്ള വാതില്‍. മുറി എന്നൊന്നും പറയാന്‍ പറ്റില്ല... ബാത് റൂമിനും ടി.വി. റൂമിനും ഒരേ വീതിയായിരുന്നു. പത്തു പന്ത്രണ്ടു പേര്‍ ഒന്നിച്ചു താമസ്സിച്ചിരുന്നത് ഇത്രയും സൌകര്യങ്ങള്‍ വെച്ചായിരുന്നു. ചാണു എന്നു വിളിക്കുന്ന ഫൈസല്‍, അഷ്ക്കര്‍, മല്ലു എന്ന മലിക്, ഫോട്ടോഗ്രാഫര്‍ അഫ്സല്‍ അങ്ങിനെ പോകുന്നു ആ ഫ്ളാറ്റിലെ അന്തേവസികളുടെ ലിസ്റ്റ്. എല്ലാവരെയും പരിചയപ്പെട്ടു ഞാന്‍ എനിക്കനുവദിച്ച സ്ഥലത്തേക്ക് കയറിക്കിടന്നു. ആകെ മനസ്സില്‍ ഒരു വിങ്ങല്‍...നാടും വീടും വിട്ടുനിന്നിട്ടുള്ള എനിക്കു എത്ര ശ്രമിച്ചിട്ടും സ്വയം നിയന്ത്രിക്കാന്‍ പറ്റുന്നില്ല... പതിയെ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഓര്‍ത്തു മനസ്സിനെ മോടിപിടിപ്പിക്കാന്‍ നോക്കി അങ്ങിനെ കിടന്നു.

ബഹളം കേട്ടാണു ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. നോബ്ബ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണു എല്ലാവരും. ഞാന്‍ എണീറ്റു ചെന്നു സഹായിക്കാന്‍ തുടങ്ങി. നോമ്പ് തുറന്നു പ്രാര്‍ത്ഥനയും കഴിഞ്ഞ് പിന്നെ വിശേഷം പറച്ചിലായി... ദുബൈയിലെ ജോലിയും നാട്ടിലെ കാര്യങ്ങളും അങ്ങിനെ പോയി വര്‍ത്തമാനങ്ങള്‍.

അവിടുന്നങ്ങോട്ട് ഒരു വര്‍ഷത്തോളം ശരിക്കും കഷ്ടപ്പെടുകയായിരുന്നു. ഇന്റെര്‍വ്യൂ‍ എല്ലാം കുഴപ്പമില്ലാതെ കടക്കുന്നു, പക്ഷെ ജോലി മാത്രം കിട്ടുന്നില്ല...അതിനിടെ ഫ്രീലാ‍ന്‍സ് ആയി മൂന്നു നാലു സ്ഥപനങ്ങളില്‍ കയറിപ്പറ്റി... പക്ഷെ എന്റെ പ്രശ്നം അതായിരുന്നില്ല... ഇടക്ക് വെച്ച് എന്റെ പത്താക്കയും മൊബൈലും എല്ലാം രാത്രിയില്‍ മുറിയില്‍ നിന്നും ഉറക്കത്തിനിടെ നഷ്ടപ്പെട്ടിരുന്നു. ദിവസങ്ങളോളം മൊബൈല്‍ സ്വിച്ച് ഓഫ്. കൂടാതെ അതില്‍ നിന്നും ആരോ ഒരാള്‍ പിസ്സാ, കെ എഫ് സി എന്നിവ ഓര്‍ഡര്‍ ചെയ്യുമായിരുന്നു, പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യും. കോള്‍ ഡൈവെര്‍ട് ചെയ്ത കാരണം എല്ലാ തെറിയും പാവം എന്റെ ഇക്കാക്ക് കേള്‍ക്കേണ്ടിയും വന്നു. (പിന്നീട് എന്റെ മൊബൈലില്‍ നിന്നും ഒരു റഷ്യന്‍ ‘സാധനം‘ പലരേയും വിളിച്ചു എന്നും, അയ്യായിരം ദിര്‍ഹം ചോദിച്ചു എന്നും മറ്റൊരു കഥ ). പലരും എന്റെ അവസ്ഥയെ പരമാവധി ചൂഷണം ചെയ്തു. ശമ്പളം പോലും തരാതെ ഒരുപാടു പേര്‍... അതിനിടെ യു എ ഇ നിയമം മാ‍റ്റുകയും ചെയ്തു. ബുറൈമി വിസയിലുള്ള ധാരാളം പേരെ ജയിലിലടച്ചു.ഭാഗ്യമോ നിര്‍ഭാഗ്യമോ ഫ്ലാറ്റിലും, ജോലിസ്ഥലത്തും നടന്ന റെയ്ഡില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്റെ ഗതി എന്താവുമെന്നു ഒരു ഉറപ്പും ഇല്ല...രാത്രികളില്‍ ഉറങ്ങാതെ...നിസ്ക്കാരപ്പായയില്‍ കരഞ്ഞു തളര്‍ന്ന്...ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു ഞാന്‍... എന്നാലും എന്നും അടുത്തുള്ള ഗ്രോസറിയില്‍ ചെന്ന് പത്രം നോക്കും. കമ്പനി വിലാസങ്ങള്‍‍ പകര്‍ത്തിയിരുന്ന ഇരുന്നൂറ് പേജിന്റെ പുസ്തകം കഴിഞ്ഞു തുടങ്ങി. എത്രയും പെട്ടെന്ന് വിസ ലീഗലാക്കണം, അതു മാത്രമായിരുന്നു പിന്നെ എന്റെ ലക്ഷ്യം...അങ്ങിനെ അവസാനം നെസ്റ്റ് ടെക്നോളജീസില്‍ സോഫ്റ്റ്വയര്‍ കണ്‍സള്‍ടന്റ് ആയി ഓഫര്‍ ലെറ്റര്‍... അന്നു ഞാന്‍ ഇന്റെര്‍നെറ്റ് സിറ്റിയിലെ ഒരു കമ്പനിയില്‍ താല്‍ക്കാലികമായി ജോലി നോക്കുകയായിരുന്നു. ഹോട്ട്മെയില്‍ തുറന്ന് ഓഫര്‍ ലെറ്റെര്‍ കണ്ട ഞാന്‍ ആദ്യം പോയത് ബാത് റൂമിലേക്കായിരുന്നു. അവിടെയിരുന്നു പൊട്ടിക്കരഞ്ഞു. ഇന്നേ വരെ അത്രയും സന്തോഷിച്ച ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആ ഒരു ദിവസം ഞാന്‍ ജീവിക്കുകയായിരുന്നു. ഓഫീസില്‍ ഇടക്കിടെ മെയില്‍ തുറന്ന് വീണ്ടും വീണ്ടും ഓഫര്‍ ലെറ്റെര്‍ നോക്കുമായിരുന്നു.

ജീവിതം എന്താണെന്നു ഞാ‍ന്‍ ശരിക്കും പഠിച്ചതു 501-ല്‍ നിന്നാണ്... കഷ്ടപ്പാടിന്റെ ഒരു വര്‍ഷം. ഇന്നത്തെ എന്നെ ഞാനാക്കിയതും അതു തന്നെ... സ്വപ്നങ്ങള്‍ക്കും ഉയരെ (അധികം സ്വപ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു വേണം പറയാന്‍) ഞാന്‍ എത്തിയപ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിന് എന്നേ എനിക്കു പറയാനുള്ളൂ... സ്നേഹിതന്മാരുടെ എണ്ണത്തില്‍ അല്പം പിശുക്ക് കാട്ടിയിരുന്ന എനിക്ക് ഏറ്റവും കൂടുതല്‍ കൂട്ടുകാര്‍ ഉണ്ടായതും അക്കാലത്താണ്. പൊതുവെ മിതഭാഷിയായിരുന്ന ഞാന്‍ “ചത്താലും വായ അടക്കാത്തവന്‍“ എന്ന് ആളുകളെ കൊണ്ടു പറയിച്ചിരുന്നതും ഇതേ കാലയളവില്‍ തന്നെ. പിന്നീട് ഒരു പരിചയവും ഇല്ലാത്ത മഹാരാഷ്ട്ര, ഗോവ, ഹൈദ്രാബാദ്, കാശ്മീര്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ആളുകളുടെ കൂടെ താമസിക്കാനും അവരുടെ മലയാളികളെക്കുറിച്ചുള്ള കോണ്‍സെപ്റ്റ് തിരുത്താനുള്ള പ്രചോദനം കിട്ടിയതും 501-ല്‍ നിന്നു തന്നെ... ഇന്നും ഞാ‍ന്‍ ഇടക്കെങ്കിലും ആഗ്രഹിക്കും, അതു പോലൊരു ജീവിതം, ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ച്, ഒരേ പോലെ ജീവിച്ച്... ഇടക്കെല്ലാം 501 സന്ദര്‍ശിക്കും, ഒരു സമാധനത്തിന്, മനസ്സിന്റെ സന്തോഷത്തിന്, എന്റെ ഇരട്ടപ്പേര് കേള്‍ക്കാന്‍ കൊതിച്ച്. 501 സ്പെഷ്യല്‍ മീന്‍ കറി ഉണ്ടെങ്കില്‍ ഭക്ഷണം എടുത്തു കഴിക്കും; ആരോടും ചോദിക്കാതെ തന്നെ...

തിരിച്ച് വീണ്ടും സ്വന്തം മുറിയിലേക്ക്. കള്‍ച്ചറും, സ്റ്റാന്‍ഡര്‍ഡ് ബിഹേവിയറും തങ്ങി നില്‍ക്കുന്ന, അല്ലെങ്ങില്‍ അതു മാത്രം പ്രസംഗിക്കുന്ന ജാട കൂട്ടുകാരുടെ അടുത്തേക്ക്...! ലക്ഷങ്ങളുടെ കണക്കുകള്‍ മാത്രം സംസാരിക്കുന്നവര്‍, മിനുട്ട് വെച്ച് ബോഡി ലോഷന്‍ പുരട്ടുന്നവര്‍, ബിസ്കറ്റ് പാക്കറ്റില്‍ നിന്നും മറ്റൊരാള്‍ എടുത്ത് കൊടുത്താല്‍ കഴിക്കാന്‍ മടിയുളളവര്‍, കഴിക്കുന്ന ഭക്ഷണത്തിലെ ഫാറ്റും, പ്രോട്ടീനും, കര്‍ബോഹൈഡ്രേറ്റും ഓപ്പറേഷന്‍ ചെയ്തെടുത്ത് മൊത്തത്തില്‍ അനലൈസ് ചെയ്യുന്നവര്‍... ആണും പെണ്ണും ഉള്‍പ്പെട്ട ആ കൂട്ടത്തെ എനിക്കു സഹിച്ചല്ലേ പറ്റൂ...‘നീ ചിലപ്പോള്‍ ഒരു തറയാടാ...‘ എന്നവര്‍ പറയുമെങ്കിലും.

14 comments:

Unknown said...

നൂറുദ്ദീനേ....ആരും തുറന്നുപറയാത്തത് എഴുതാന്‍ നീ ധൈര്യം കാണിച്ചു..
ഞാനും പലപ്പോഴും ഓര്‍ത്തിട്ടുണ്ട് നീ എന്നാ ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങിയതെന്ന്?
എന്തായാലും അതൊന്നും ഇനിയും മറക്കാതിരിക്കുക...നിനക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും..(മൊബൈല്‍ കഥ കലക്കി :-))

~nu~ said...

501-ലെ എന്റെ പ്രിയ കൂട്ടുകര്‍ക്കായി...

G.MANU said...

മാഷേ...

ഹൃദയത്തിലേക്കിറങ്ങിവരുന്ന അനുഭവത്തില്‍ പൊള്ളിച്ച വാക്കുകള്‍..

പറയാന്‍ ഇനിയും കാണുമല്ലോ..കാത്തിരിക്കുന്നു..

(പിന്നെ ആ ബ്ളാക്ക്‌ ബാക്ക്‌ഗ്രൌണ്റ്റ്‌ ഒന്നു മാറ്റിയാല്‍ കൊള്ളാം.. വായനാസുഖം നഷ്ടപ്പെടാതിരിക്കാന്‍ കണ്ട്രോള്‍ പ്ള്‍സ്‌ എ പ്രസ്സ്‌ ചെയ്തു റിവേഴ്സ്‌ ആക്കേണ്ടിവരുന്നു.. പ്ളീസ്‌)

simy nazareth said...

മാഷേ, ഇങ്ങനെയും ജീവിതം..
എല്ലാം നല്ലതിനു ന്നു വിചാരിക്കാം അല്ലേ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായി എഴുതി.
മനുച്ചേട്ടന്റെ പരാതി എനിക്കുമുണ്ടേ..

~nu~ said...

കറുപ്പ് എന്റെ ഇഷ്ടനിറമാണല്ലോ സ്നേഹിതാ...എന്നാലും വായനക്കാരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതു കൊണ്ട് ഞാന്‍ മാറ്റാം. തുടര്‍ന്നും വയിക്കുക, അഭിപ്രായങ്ങള്‍ എഴുതുക.

കൊച്ചുമുതലാളി said...

:)

നല്ല പോസ്റ്റ്.

krish | കൃഷ് said...

ദില്‍, യേ ഹൈ ദില്‍ കാ ബാത്ത്.

അച്ചു said...

പിന്നീട് ആ മോബൈലിനു എന്തു സംഭവിച്ചു?? പിന്നെയും ശല്യം ഉണ്ടായിരുന്നൊ???..

നന്നായി എഴുതിയിരിക്കുന്നു...

~nu~ said...

മൊബൈല്‍ പോയതു പോയി. പക്ഷെ ഇത്തിസലാത്തിലേക്ക് വിളിച്ച് സിം കാര്‍ഡ് ബ്ലോക്ക് ചെയ്തു.

ഫസല്‍ ബിനാലി.. said...

thurannitta vaathilukalumaayi chila yaadyaarthangal..
nannaayittundu

കുറുമാന്‍ said...

നൂറൂദ്ദീനെ ഈ കുറിപ്പുകള്‍ക്ക് പത്തരപവന്‍ മാറ്റ്.....എല്ലാ പ്രവാസികള്‍ക്കും കാണും ഇതുപോലെ ഓരോ കഥ പറയാന്‍....ക്ഷമയുടെ, നഷ്ടപെടലിന്റെ, വിങ്ങലിന്ന്റ്റെ, പട്ടിണിയുടെ, പുറം തള്ളലിന്റെ, അവഹേളിക്കപെട്ടതിന്റെ, ഒപ്പം വളര്‍ച്ചയുടേയും.

ഇനിയും തുടര്‍ന്നെഴുതുക.

പുതൂവത്സരാശംസകള്‍

ഉപാസന || Upasana said...

ഹഹഹഹഹഹ്

കൊള്ളാം ഭായ്
:)
എന്നും സ്നേഹത്തോടെ
ഉപാസന

ശ്രീവല്ലഭന്‍. said...

Nuruthin,
നല്ല എഴുത്ത്. പഴയ ഓര്‍മകളിലേക്ക്‌ മടങ്ങുമ്പോള്‍ നമുക്കു നൊമ്പരങ്ങളും ഒപ്പം ചാരിതാര്ത്ഥ്യങ്ങളും!