Wednesday, March 19, 2008
ഒട്ടകങ്ങള്‍ വരി വരി വരിയായ്...
ദുബൈയിലേക്ക് വന്നതിന് ശേഷം, നബിദിനം പോലും മറവിയുടെ ലോകത്തേക്ക് തള്ളിയിട്ട്, അതിനെ വെറുമൊരു അവധി ദിവസത്തിന്റെ പ്രാധാന്യം മാത്രം കൊടുത്തിരുന്നു ഈ ഞാന്‍. ജീവിത പ്രാരാബ്ധ്ങ്ങള്‍ക്കിടയില്‍ മറന്നുപോയ പല ആഘോഷങ്ങളും പിന്നീട് തിരിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടി. എന്നാല്‍ നബിദിനം മാത്രം ഓര്‍ത്തില്ല. തിരക്കുകള്‍ക്കിടയില്‍, അല്ലെങ്കില്‍ തിരക്കുണ്ടെന്ന നാട്യത്തില്‍ ജീവിക്കുകയായിരുന്നോ ഞാന്‍? തെറ്റു പറ്റിപ്പോയി എനിക്ക്!
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍, മദ്രസ്സ പഠനകാലത്ത് വല്ലത്തൊരാവേശത്തോടെയായിരിന്നു നബിദിനത്തിനെ വരവേറ്റിരുന്നത്. നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകറുണ്ടായിരുന്നു. മിഠായിയായും, ലഡ്ഡുവായും ഒക്കെ ഒരുപാടു മധുരപലഹാരങ്ങള്‍ കിട്ടുമായിരുന്നു അന്ന്. മദ്രസ്സയിലെ മുതിര്‍ന്നവരായിരുന്നു ഘോഷയാത്രക്കിടയില്‍ പിടിക്കാനുള്ള കൊടിയുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. നാട്ടിലുള്ള ഭരതന്‍ മാഷിന്റെ പറമ്പിലും, പിന്നെ മാടായിപ്പറമ്പിലും ഒക്കെയായിരുന്നു അന്ന് കൊടിക്കാവശ്യമുണ്ടായിരുന്ന മുളവടിയും, പന വടിയും ഒക്കെ ഉണ്ടായിരുന്നത്. നബിദിനത്തിനും രണ്ട്മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പേ കിട്ടിയ വടികളെല്ലാം ചെത്തിമിനുക്കി ശെരിയാക്കി വെച്ചിരിക്കും. ഈ പണി മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്കാണ്. (ഈ വക കാര്യങ്ങളിലെല്ലാം ഞാന്‍ ഉണ്ടായിരുന്നു എന്നു പറയാന്‍ പറ്റില്ല. ചിലപ്പോഴൊക്കെ മാത്രം സഹകരിച്ചിരുന്നു. ഇപ്പോഴാണ് കുട്ടിക്കാലം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ പോലെയായിരുന്നു എന്ന് പശ്ചാത്തപിക്കുന്നത്)
നബിദിനത്തിന് തലേന്നാണ് കൊടിയുണ്ടാക്കുന്നതും, മദ്രസ്സ മുറ്റത്തും, മദ്രസ്സയോട് ചേര്‍ന്ന റോഡിലും ഒക്കെ അരങ്ങൊട്ടിക്കുന്നത്. പലവിധ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ച കൊടികളും, അരങ്ങും, കുട്ടികളും, മുതിര്‍ന്നവരും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന ആ അന്തരീക്ഷം ഒന്നു വേറെത്തന്നെയാണ്. ഘോഷയാത്രക്ക് തുടക്കമായി മൌലൂദ് പാരായണവും മറ്റും; ഖൂലൂ തക്ബീര്‍... അല്ലാഹു അക്ബര്‍ എന്നൊക്കെ വളരെ ആവേശത്തോടെയായിരുന്നു പറഞ്ഞിരിന്നത്.
ഘോഷയാത്രക്കിടയില്‍ മിക്ക വീടുകളില്‍ നിന്നും മിഠായിയും മറ്റും കിട്ടുമായിരുന്നു; കോട്ടപ്പടി നിസ്കാരപ്പള്ളിയില്‍ നിന്നും തരിക്കഞ്ഞിയും. തിരിഞ്ഞ് വീണ്ടും ഇരിങ്ങപ്പ്രം വഴി മമ്മിയൂര്‍ മദ്രസ്സയിലേക്ക്. അവിടത്തെ കുട്ടികളേയും കൂട്ടി ചൂല്‍പ്പുറം മദ്രസ്സയിലേക്ക്. ഇതിനിടയില്‍ സ്കൂളിലെ സഹപാഠികളുടെ വീടുകളും കടന്നു പോകും. വളണ്ടിയര്‍മാര്‍ കൊടുക്കുന്ന മിഠായികള്‍ കൂടാതെ സോപ്പിടാനായി എന്റെ വകയായും കൊടുക്കും; നബിദിനത്തിന്റെ പിറ്റേന്നോ, അതിന്റെ പിറ്റേന്നോ ഒക്കെയായിരിക്കും സാധാരണ സെക്കന്റ് മിഡ് ടേം പരീക്ഷ ഉണ്ടാകാറ്. നബിദിനച്ചൂടില്‍ പഠിത്തമൊക്കെ കുളമായി ചെല്ലുമ്പോഴാകും അന്നാണ് അല്ലെങ്കില്‍ പിറ്റേന്നാണ് പരീക്ഷ എന്നൊക്കെ അറിയാറ്. അങ്ങിനെയുള്ള ഒരു പരീക്ഷയിലാണ് ആറാം ക്ലാസ്സില്‍ ഇംഗ്ലീഷ് പദ്യം തെറ്റിക്കുകയും, മാര്‍ക്ക് കുറയുകയും ചെയ്തതിന് ഡ്രില്ലിന് വിടാതെ ക്ലാസ്സിലിരുത്തിയത്. ക്ലാസ്സ് വൃത്തിയാക്കാനായി നിങ്ങളുടെ ആഗ്നേയാ അടക്കം ഒരു കൂട്ടം പെമ്പിള്ളാര്‍ അന്നേരം അവിടുണ്ടായിരുന്നു. പെമ്പിള്ളാരുടെ ഇടയില്‍ ഒറ്റക്കിരിക്കരുത് എന്ന് ഒരു പാഠം പഠിച്ചത് അന്നാണ്. പെമ്പിള്ളാരെ ഒറ്റക്ക് കിട്ടിയാല്‍ നമ്മള്‍ കളിയാക്കി കൊല്ലും എന്നപോലെ തിരിച്ചും പ്രതീക്ഷിക്കാം എന്ന ലോകസത്യം പഠിപ്പിച്ചു തന്ന ആഗ്നേയാ... നിനക്ക് വണക്കം.
ഉച്ചയിലെ നെയ്ച്ചോറും, ബീഫ്കറിയും അടിച്ചുകഴിഞ്ഞാല്‍ പിന്നെ കളിയാണ്. കുറ്റിയും കോലും, കൊച്ചം കുത്തി, ക്രിക്കറ്റ് കളി അങ്ങിനെ പോകുന്നു ഐറ്റംസ്. രാത്രിയില്‍ പാട്ടും, പ്രസംഗവും, കഥാപ്രസംഗവും ഒക്കെയായി കുട്ടികളുടെ കലാപരിപാടികള്‍. വൈകുന്നേരമായാല്‍ തന്നെ തുടങ്ങും ഫൈനല്‍ പ്രക്ടീസ്. പ്രസംഗത്തിനൊന്നും ധൈര്യം പോരത്തത് കാരണം പാട്ടെടുത്ത് ഞാന്‍ തടിതപ്പും. സദര്‍ ഉസ്തതിന്റെ ‘കത്തി’ പ്രസംഗം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ കുട്ടികളുടെ പരിപാടികളാണ്. മദ്രസ്സയിലെ കേമന്മാരായ, മുബാറക്ക്, ഫൈസല്‍ എന്നിവരെ വെട്ടിച്ച് ഒരിക്കല്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്തോ ഭാഗ്യത്തിന് ഒന്നാം സ്ഥാനം കിടുകയും ചെയ്തു.(ഉപ്പ കൈകൂലി കൊടുത്തോന്നൊരു സംശയം...ഹി..ഹി..ഹി).
ആ പാട്ടിന്റെ ആദ്യവരി ഇന്നും ഓര്‍മ്മയുണ്ട്.
ഒട്ടകങ്ങള്‍ വരി വരി വരിയായ്...
കാരക്കത്തോട്ടത്തില്‍ നിര നിര നിരയായ്........
പിന്നെ എടുത്തുപറയേണ്ടത് ഉമ്മര്‍ ഉസ്താതിന്റെ പാട്ടുകളാണ്. ഘോഷയാത്രയിലും, രാത്രിയിലെ പരിപാടികളിലും അദ്ദേഹം മനോഹരമായ ഗാനങ്ങളാലപിക്കാറുണ്ട്. ഇന്നും നബിദിനത്തിന്റെ ചൂടും ചൂരും ചൂല്‍പ്പുറത്ത് നിറയുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
ഇന്ന്
മദ്രസ്സയിലെ കുട്ടികളുടെ എണ്ണം പരിതാപകരമായ രീതിയില്‍ കുറഞ്ഞിരിക്കുന്നു. ധാരാളം മുസ്ലീം സ്കൂളുകള്‍ കൂണുപോലെ മുളച്ചിരിക്കുന്നു. മദ്രസ്സയില്‍ പോകുന്നത് നാണക്കേടായോ അല്ലെങ്കില്‍ അതൊരു അത്യാവശ്യമില്ലാത്തതോ ആയ ഒന്നായി മാറിയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് ഗുണപ്രദമായ പരിഷ്കാരങ്ങള്‍ മദ്രസ്സയില്‍ ഒരുക്കാന്‍ അതിനു നിയോഗിക്കപ്പെട്ടവര്‍ വിസമ്മതിക്കുന്നു. മദ്രസ്സകള്‍ അതിന്റെ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നോ? എന്റെ നാട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് നാലോ അതില്‍ക്കൂടുതലോ ഖത്തീബ്മാര്‍ (പള്ളിയിലെയും മദ്രസ്സയിലേയും പ്രധാനി) വന്നുപോയി. നാട്ടിലെ മുസ്ലീങ്ങള്‍ക്കിടയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം ആരും സ്ഥിരമായി നില്‍ക്കുന്നില്ല. സുന്നിയും ജമാഅത്തെ ഇസ്ലാമിയും മറ്റും പരസ്പരം കടിച്ചുകീറുന്നു. പണക്കൊഴുപ്പ് രക്തബന്ധവും, മുലകുടി ബന്ധവും ഇല്ലാതാക്കി. ഒരു വിഭാഗം ജനങ്ങള്‍, കാലങ്ങളായി ചെയ്ത് പോന്ന പലകാര്യങ്ങളിലും നിസ്സഹകരണം ഏര്‍പ്പെടുത്തി.
നാളെ
എന്റെ നാട്ടില്‍ കലഹിച്ച് ഒരുപാടുപേര്‍. മുസ്ലീം, ഹിന്ദു, ക്രസ്ത്യാനി എന്നീ വേര്‍തിരിവുകള്‍ ഒരു കാലത്തും അറിഞ്ഞിട്ടില്ലാതെ വളര്‍ന്ന ഞാന്‍ അതു കൂടി കാണേണ്ടി വരുമോ?
നല്ലതു മാത്രം സംഭവിക്കട്ടെ, ഞാന്‍ സ്നേഹിക്കുന്ന, എന്റെ നാട്ടില്‍ നല്ലതു മാത്രം സംഭവിക്കട്ടെ.
Friday, November 30, 2007
ഭൂതകാലത്തിലേക്ക്...
കുട്ടിക്കാലത്തെ കുറച്ചു ഓര്‍മ്മകള്‍ ഇടയ്ക്കിടെ എന്റെ പ്രവാസ ജീവിതത്തില്‍ ഒരു നഷ്ടബോധം ഉണ്ടാക്കാറുണ്ട്. ഇന്നലേകളുടെ ഓര്‍മ്മകളുമായി ഇന്നിന്റെ നഷ്ടങ്ങളെ താരതമ്യപ്പെടൂത്തുന്നതില്‍ യാതൊരു കാര്യവും ഇല്ല എന്നു എന്റെ കൂട്ടൂകാര്‍ പറയുന്നു. പക്ഷെ...
ഇന്നു നഴ്സറി എന്നൊക്കെ ആളുകള്‍ പറയുന്ന പഴയ ആ ‘ബാലവാടി‘യില്‍ നിന്നായിരുന്നു അറിവിന്റെ ലോകം എനിക്കു നേരെ തുറന്നത്. അവ്യക്തമായ ചില ഓര്‍മ്മളേ എന്നില്‍ തങ്ങി നില്‍ക്കുന്നുള്ളൂ. ഓലയും, മുളയും കൊണ്ടുണ്ടാക്കിയ ഒരു ഷെഡ്ഡ്, വെള്ളം നിറഞ്ഞ പാടങ്ങള്‍, സൂര്യ ടീച്ചര്‍, നഴ്സറിയില്‍ നിന്നും കിട്ടുമായിരുന്ന ഗോതമ്പ് ഉപ്പുമാവ് ... കഴിഞ്ഞു... എനിക്കു കുറ്റബോധം തോന്നുന്നില്ലേ എന്നു നിങ്ങള്‍ ചോദിച്ചേക്കാം! ഉണ്ടു സ്നേഹിതാ... ഞാന്‍ സ്കൂളില്‍ ആയപ്പോള്‍ നാട്ടില്‍ ജനസംഖ്യ കണക്കെടുക്കാന്‍ സൂര്യ ടീച്ചര്‍ വീട്ടില്‍ വരുമായിന്നു. പക്ഷെ കുറച്ചു നാണം കുണുങ്ങിയായിരുന്ന എനിക്കു ടീച്ചറുടെ മുന്‍പില്‍ പോകാന്‍ വലിയ ചമ്മല്‍ ആയിരുന്നു. പക്ഷെ ടീച്ചര്‍ എന്നെ കണ്ടേ പോകുമായിരുന്നുള്ളൂ... ഹൈസ്കൂളില്‍ ആയപ്പോള്‍ ഇടക്കു കാണാറുണ്ടായിരുന്നു... വിശേഷങ്ങള്‍ എല്ലാം ചോദിക്കും. ഇടക്കു കേട്ടൂ, ആള്‍ ഒരു കാന്‍സര്‍ രോഗിയാണെന്നു, എന്നിട്ടും എന്റെ കല്ല്യാണത്തിനു വന്നിരുന്നു എന്നു. സ്വന്തം വിവാഹത്തിനു വെറും രണ്ടു ദിവസം മുന്‍പു മാത്രം നാട്ടിലെത്തിയ എനിക്കു എവിടുന്നു തുടങ്ങണം എന്നു ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല... പിന്നീടു ഉമ്മ പറഞ്ഞാണു ഞാന്‍ എല്ലാം അറിഞ്ഞത്.
സത്യത്തില്‍ ഇതു എഴുതുന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ അതെക്കുറിച്ചു ചിന്തിക്കുന്നത്... വെള്ളം നിറഞ്ഞു കിടന്നിരുന്ന ആ പാടങ്ങളുടെ അവസ്ഥ ഇന്നു എന്തായിരിക്കും. പ്രവസിയായ ഞാന്‍ നട്ടില്‍ പോകുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല എന്നു വേദനയോടെ ഓര്‍ക്കുന്നു.
Sunday, November 4, 2007
മാങ്ങാ അച്ചാര്‍...
എന്റെ ജീവിതത്തിലെ മറക്കാനാവത്ത കാലം... അല്ലെങ്ങില്‍ മറക്കാനിഷ്ടപ്പെടാത്ത കാലം... അപ്രതീക്ഷിതമായി പഴയ ഒരു സഹപാഠിയെ ഓര്‍ക്കൂട്ടില്‍ കണ്ടപ്പോള്‍ അറിയാതെയെങ്ങാനും മനസ്സൊന്നസ്വസ്ഥമായോ? ലിറ്റില്‍ ഫ്ലവറിലെ ആ ജീവിതം... ഒന്നാം ക്ലാസ്സുകാരന്റെ മനസ്സില്‍ പ്രണയം തോന്നുമോ...? അതോ വെറും ഒരു സ്നേഹം... ഒരു കൂട്ടുകാരിയോടെന്ന പോലെ...അറിയില്ലായിരുന്നു... ഇപ്പോഴും അതെന്തായിരുന്നു എന്നു മനസ്സിലാവുന്നില്ല...! ഒന്നല്ല... ഒരുപാടു പേരെ ഞാന്‍ പ്രണയിച്ചിരുന്നു..