Wednesday, March 19, 2008

ഒട്ടകങ്ങള്‍ വരി വരി വരിയായ്...

നാളെ നബിദിനം! പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ)യുടെ ജന്മദിനം. ഒരു പാടുണ്ട് പറയാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രസ്സയില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ആവേശവും, സന്തോഷവും ഒന്നും ഇന്നില്ല. നാട്ടിലാണെങ്കില്‍ മദ്രസ്സയില്‍ പോയി, കുട്ടികളെ പ്രോത്സാഹിപ്പിച്ച്, അവരുടെ പ്രസംഗവും, പാട്ടും എല്ലാം ആസ്വദിച്ച് ഒരു ആഘോഷം തന്നെയാക്കാം.

ദുബൈയിലേക്ക് വന്നതിന് ശേഷം, നബിദിനം പോലും മറവിയുടെ ലോകത്തേക്ക് തള്ളിയിട്ട്, അതിനെ വെറുമൊരു അവധി ദിവസത്തിന്റെ പ്രാധാന്യം മാത്രം കൊടുത്തിരുന്നു ഈ ഞാന്‍. ജീവിത പ്രാരാബ്ധ്ങ്ങള്‍ക്കിടയില്‍ മറന്നുപോയ പല ആഘോഷങ്ങളും പിന്നീട് തിരിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടി. എന്നാല്‍ നബിദിനം മാത്രം ഓര്‍ത്തില്ല. തിരക്കുകള്‍ക്കിടയില്‍, അല്ലെങ്കില്‍ തിരക്കുണ്ടെന്ന നാട്യത്തില്‍ ജീവിക്കുകയായിരുന്നോ ഞാന്‍? തെറ്റു പറ്റിപ്പോയി എനിക്ക്!

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍, മദ്രസ്സ പഠനകാലത്ത് വല്ലത്തൊരാവേശത്തോടെയായിരിന്നു നബിദിനത്തിനെ വരവേറ്റിരുന്നത്. നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകറുണ്ടായിരുന്നു. മിഠായിയായും, ലഡ്ഡുവായും ഒക്കെ ഒരുപാടു മധുരപലഹാരങ്ങള്‍ കിട്ടുമായിരുന്നു അന്ന്. മദ്രസ്സയിലെ മുതിര്‍ന്നവരായിരുന്നു ഘോഷയാത്രക്കിടയില്‍ പിടിക്കാനുള്ള കൊടിയുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. നാട്ടിലുള്ള ഭരതന്‍ മാഷിന്റെ പറമ്പിലും, പിന്നെ മാടായിപ്പറമ്പിലും ഒക്കെയായിരുന്നു അന്ന് കൊടിക്കാവശ്യമുണ്ടായിരുന്ന മുളവടിയും, പന വടിയും ഒക്കെ ഉണ്ടായിരുന്നത്. നബിദിനത്തിനും രണ്ട്മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പേ കിട്ടിയ വടികളെല്ലാം ചെത്തിമിനുക്കി ശെരിയാക്കി വെച്ചിരിക്കും. ഈ പണി മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്കാണ്. (ഈ വക കാര്യങ്ങളിലെല്ലാം ഞാന്‍ ഉണ്ടായിരുന്നു എന്നു പറയാന്‍ പറ്റില്ല. ചിലപ്പോഴൊക്കെ മാത്രം സഹകരിച്ചിരുന്നു. ഇപ്പോഴാണ് കുട്ടിക്കാലം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ പോലെയായിരുന്നു എന്ന് പശ്ചാത്തപിക്കുന്നത്)

നബിദിനത്തിന് തലേന്നാണ് കൊടിയുണ്ടാക്കുന്നതും, മദ്രസ്സ മുറ്റത്തും, മദ്രസ്സയോട് ചേര്‍ന്ന റോഡിലും ഒക്കെ അരങ്ങൊട്ടിക്കുന്നത്. പലവിധ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ച കൊടികളും, അരങ്ങും, കുട്ടികളും, മുതിര്‍ന്നവരും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന ആ അന്തരീക്ഷം ഒന്നു വേറെത്തന്നെയാണ്. ഘോഷയാത്രക്ക് തുടക്കമായി മൌലൂദ് പാരായണവും മറ്റും; ഖൂലൂ തക്ബീര്‍... അല്ലാഹു അക്ബര്‍ എന്നൊക്കെ വളരെ ആവേശത്തോടെയായിരുന്നു പറഞ്ഞിരിന്നത്.

ഘോഷയാത്രക്കിടയില്‍ മിക്ക വീടുകളില്‍ നിന്നും മിഠായിയും മറ്റും കിട്ടുമായിരുന്നു; കോട്ടപ്പടി നിസ്കാരപ്പള്ളിയില്‍ നിന്നും തരിക്കഞ്ഞിയും. തിരിഞ്ഞ് വീണ്ടും ഇരിങ്ങപ്പ്രം വഴി മമ്മിയൂര്‍ മദ്രസ്സയിലേക്ക്. അവിടത്തെ കുട്ടികളേയും കൂട്ടി ചൂല്‍പ്പുറം മദ്രസ്സയിലേക്ക്. ഇതിനിടയില്‍ സ്കൂളിലെ സഹപാഠികളുടെ വീടുകളും കടന്നു പോകും. വളണ്ടിയര്‍മാര്‍ കൊടുക്കുന്ന മിഠായികള്‍ കൂടാതെ സോപ്പിടാനായി എന്റെ വകയായും കൊടുക്കും; നബിദിനത്തിന്റെ പിറ്റേന്നോ, അതിന്റെ പിറ്റേന്നോ ഒക്കെയായിരിക്കും സാധാരണ സെക്കന്റ് മിഡ് ടേം പരീക്ഷ ഉണ്ടാകാറ്. നബിദിനച്ചൂടില്‍ പഠിത്തമൊക്കെ കുളമായി ചെല്ലുമ്പോഴാകും അന്നാണ് അല്ലെങ്കില്‍ പിറ്റേന്നാണ് പരീക്ഷ എന്നൊക്കെ അറിയാറ്. അങ്ങിനെയുള്ള ഒരു പരീക്ഷയിലാണ് ആറാം ക്ലാസ്സില്‍ ഇംഗ്ലീഷ് പദ്യം തെറ്റിക്കുകയും, മാര്‍ക്ക് കുറയുകയും ചെയ്തതിന് ഡ്രില്ലിന് വിടാതെ ക്ലാസ്സിലിരുത്തിയത്. ക്ലാസ്സ് വൃത്തിയാക്കാനായി നിങ്ങളുടെ ആഗ്നേയാ അടക്കം ഒരു കൂട്ടം പെമ്പിള്ളാര്‍ അന്നേരം അവിടുണ്ടായിരുന്നു. പെമ്പിള്ളാരുടെ ഇടയില്‍ ഒറ്റക്കിരിക്കരുത് എന്ന് ഒരു പാഠം പഠിച്ചത് അന്നാണ്. പെമ്പിള്ളാരെ ഒറ്റക്ക് കിട്ടിയാല്‍ നമ്മള്‍ കളിയാക്കി കൊല്ലും എന്നപോലെ തിരിച്ചും പ്രതീക്ഷിക്കാം എന്ന ലോകസത്യം പഠിപ്പിച്ചു തന്ന ആഗ്നേയാ... നിനക്ക് വണക്കം.

ഉച്ചയിലെ നെയ്ച്ചോറും, ബീഫ്കറിയും അടിച്ചുകഴിഞ്ഞാല്‍ പിന്നെ കളിയാണ്. കുറ്റിയും കോലും, കൊച്ചം കുത്തി, ക്രിക്കറ്റ് കളി അങ്ങിനെ പോകുന്നു ഐറ്റംസ്. രാത്രിയില്‍ പാട്ടും, പ്രസംഗവും, കഥാപ്രസംഗവും ഒക്കെയായി കുട്ടികളുടെ കലാപരിപാടികള്‍. വൈകുന്നേരമായാല്‍ തന്നെ തുടങ്ങും ഫൈനല്‍ പ്രക്ടീസ്. പ്രസംഗത്തിനൊന്നും ധൈര്യം പോരത്തത് കാരണം പാട്ടെടുത്ത് ഞാന്‍ തടിതപ്പും. സദര്‍ ഉസ്തതിന്റെ ‘കത്തി’ പ്രസംഗം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ കുട്ടികളുടെ പരിപാടികളാണ്. മദ്രസ്സയിലെ കേമന്മാരായ, മുബാറക്ക്, ഫൈസല്‍ എന്നിവരെ വെട്ടിച്ച് ഒരിക്കല്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്തോ ഭാഗ്യത്തിന് ഒന്നാം സ്ഥാനം കിടുകയും ചെയ്തു.(ഉപ്പ കൈകൂലി കൊടുത്തോന്നൊരു സംശയം...ഹി..ഹി..ഹി).

ആ പാട്ടിന്റെ ആദ്യവരി ഇന്നും ഓര്‍മ്മയുണ്ട്.

ഒട്ടകങ്ങള്‍ വരി വരി വരിയായ്...
കാരക്കത്തോട്ടത്തില്‍ നിര നിര നിരയായ്........

പിന്നെ എടുത്തുപറയേണ്ടത് ഉമ്മര്‍ ഉസ്താതിന്റെ പാട്ടുകളാണ്. ഘോഷയാത്രയിലും, രാത്രിയിലെ പരിപാടികളിലും അദ്ദേഹം മനോഹരമായ ഗാനങ്ങളാലപിക്കാറുണ്ട്. ഇന്നും നബിദിനത്തിന്റെ ചൂടും ചൂരും ചൂല്‍പ്പുറത്ത് നിറയുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

ഇന്ന്
മദ്രസ്സയിലെ കുട്ടികളുടെ എണ്ണം പരിതാപകരമായ രീതിയില്‍ കുറഞ്ഞിരിക്കുന്നു. ധാരാളം മുസ്ലീം സ്കൂളുകള്‍ കൂണുപോലെ മുളച്ചിരിക്കുന്നു. മദ്രസ്സയില്‍ പോകുന്നത് നാണക്കേടായോ അല്ലെങ്കില്‍ അതൊരു അത്യാവശ്യമില്ലാത്തതോ ആയ ഒന്നായി മാറിയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് ഗുണപ്രദമായ പരിഷ്കാരങ്ങള്‍ മദ്രസ്സയില്‍ ഒരുക്കാന്‍ അതിനു നിയോഗിക്കപ്പെട്ടവര്‍ വിസമ്മതിക്കുന്നു. മദ്രസ്സകള്‍ അതിന്റെ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നോ? എന്റെ നാട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് നാലോ അതില്‍ക്കൂടുതലോ ഖത്തീബ്മാര്‍ (പള്ളിയിലെയും മദ്രസ്സയിലേയും പ്രധാനി) വന്നുപോയി. നാട്ടിലെ മുസ്ലീങ്ങള്‍ക്കിടയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം ആരും സ്ഥിരമായി നില്‍ക്കുന്നില്ല. സുന്നിയും ജമാ‍അത്തെ ഇസ്ലാമിയും മറ്റും പരസ്പരം കടിച്ചുകീറുന്നു. പണക്കൊഴുപ്പ് രക്തബന്ധവും, മുലകുടി ബന്ധവും ഇല്ലാതാക്കി. ഒരു വിഭാഗം ജനങ്ങള്‍, കാലങ്ങളായി ചെയ്ത് പോന്ന പലകാര്യങ്ങളിലും നിസ്സഹകരണം ഏര്‍പ്പെടുത്തി.

നാളെ
എന്റെ നാട്ടില്‍ കലഹിച്ച് ഒരുപാടുപേര്‍. മുസ്ലീം, ഹിന്ദു, ക്രസ്ത്യാനി എന്നീ വേര്‍തിരിവുകള്‍ ഒരു കാലത്തും അറിഞ്ഞിട്ടില്ലാതെ വളര്‍ന്ന ഞാന്‍ അതു കൂടി കാണേണ്ടി വരുമോ?

നല്ലതു മാത്രം സംഭവിക്കട്ടെ, ഞാന്‍ സ്നേഹിക്കുന്ന, എന്റെ നാട്ടില്‍ നല്ലതു മാത്രം സംഭവിക്കട്ടെ.

Sunday, March 16, 2008

സലാം സൂരജ്

ജീവിതയാത്രയില്‍ ഒരുപാടുപേരെ പരിചയപ്പെട്ടിട്ടുണ്ട്, ഒരു പാടുപേര്‍ എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുമുണ്ട്. ഇന്നത്തെ എന്റെ അവസ്ഥക്ക് ഒരുപാടു പേരോട് കടപ്പെട്ടിരിക്കുന്നു. എങ്ങുമെത്തില്ലായെന്ന അവസ്ഥയില്‍ നിന്നും ഒരു താങ്ങായി കൈ പിടിച്ചുയര്‍ത്തിയവര്‍. അവരില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരാള്‍; സൂരജ്. അവനെ ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. ഒരു അദ്ധ്യാപകന്‍-വിദ്യാര്‍ത്ഥി എന്നതിനപ്പുറം സ്നേഹിതര്‍ എന്ന നിലയിലേക്ക് വളര്‍ന്ന ഒരു ബന്ധം... എന്നാലും എനിക്കവനോട് എപ്പോഴും ബഹുമാനമായിരുന്നു; ജീവിതത്തില്‍ ഒരുപാട് ആദര്‍ശങ്ങളുള്ള പച്ചയായ മനുഷ്യന്‍. ജീവിതത്തില്‍ എന്തൊക്കെയോ ആവണമെന്ന് ദൃഢനിശ്ചയം പുലര്‍ത്തിയവന്‍‍. പക്ഷേ! വിധിക്ക് മുമ്പില്‍ നിസ്സഹായനായി സ്വന്തം ജീവിതം ദൈവം തട്ടിയെടുക്കുന്നത് നോക്കിക്കണ്ടവന്‍.

തൃശൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്ന സമയം. ഫോക്സ്പ്രോ ക്ലാസ് എടുക്കാനാണ് അവന്‍ വന്നത്. ഇലക്ട്രോണിക്സില്‍ ഡിപ്ലോമ കഴിഞ്ഞ ഞാന്‍ കമ്പ്യൂട്ടര്‍ വേണോ, ഇലക്ട്രോണിക്സ് വേണോ എന്ന സംശയത്തില്‍ നടക്കുന്ന സമയം. ബുദ്ധിയുടെ കാര്യത്തില്‍ ട്യൂബ് ലൈറ്റിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് കൊണ്ട് പ്രോഗ്രാമിങ്ങ് പഠിത്തം വേണോ വേണ്ടേ എന്ന സംശയം ബലാബലം നടത്തിക്കൊണ്ടിരിക്കുന്നു. എന്തായാലും ഫോക്സ്പ്രോ തുടങ്ങി... നിന്നെയും കൊണ്ടേ പോകൂ എന്ന രീതിയില്‍ ‘പ്രോഗ്രാമ്മിങ്ങ് ലോജിക് ഒക്കെ‘ പഠിപ്പിക്കുന്ന വാദ്ധ്യാരെ നോക്കി കളിയാക്കുകയോ അല്ലെങ്കില്‍ പൊട്ടത്തരങ്ങള്‍ കാണിക്കുകയോ ആയിരുന്നു മെയിന്‍ ഹോബികള്‍. എന്നെക്കാളും സൌന്ദര്യവും, അതിലേറെ സാമര്‍ത്ഥ്യവും ഉണ്ടായിരുന്ന സൂരജ്, പെമ്പിള്ളാരുടെ മുമ്പില്‍ ഹീറോയിസം കാണിക്കുന്നത് ഒരു തരത്തിലും ദഹിക്കാന്‍ എനിക്കു പറ്റിയിരുന്നില്ല. സെലെക്ഷന്‍ കണ്‍സ്ട്രക്റ്റ്സും, ലൂപ്പും ഒക്കെ എനിക്ക് പറഞ്ഞ് തന്ന് ആകെ ലൂപ്പായി നിന്ന അവനെ ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. ഫോക്സ്പ്രോ കഴിഞ്ഞു, ഒറാക്കിളും, വിഷ്വല്‍ ബേസിക്കും കഴിഞ്ഞ്, എന്ത് പ്രോഗ്രാമ്മിങ്ങ് എന്ന് അന്തം വിട്ടിരുന്ന ഞാന്‍ അടുത്തതെന്ത് എന്ന ചിന്തയിലായിരുന്നു. അതുവരെയുള്ള വര്‍ഷങ്ങള്‍ എല്ലാം വേസ്റ്റാക്കിയല്ലോ എന്ന വേദനയോടെ രണ്ടാമതും എന്നെ അഞ്ചു വയസ്സുകാരനാക്കണേ, ഞാന്‍ ഇനി നന്നായി പഠിച്ചോളാം എന്നൊക്കെ മുകളിലുള്ള ആളോട് പറയുമായിരുന്നു. പക്ഷേ അങ്ങേര്‍ക്ക് എന്നോട് ഒരു അലിവും ഉണ്ടായിരുന്നില്ല.

അടുത്ത സബ്ജെക്റ്റ് ‘സി ലാങ്വേജ്’ ആയിരുന്നു. എന്തായാലും ഞാന്‍ രണ്ടും കല്പിച്ച് സൂരജിന്റെ അടുത്ത് ചെന്നു, അടുത്ത് സബ്ജെക്റ്റ് അവന്‍ തന്നെ എടുക്കണം എന്നു പറഞ്ഞു. സൂരജ് കുളമാക്കിയ എന്റെ ഭാവി സൂരജ് തന്നെ നേരെയാക്കണം എന്നായിരുന്നു എന്റെ ആവശ്യം. അവന്റെ കയ്യില്‍ നിന്നു തന്നെ പ്രോഗ്രാമിങ്ങ് പഠിക്കണം എന്ന് എന്റെ ഒരു വാശിയായി. അപ്പോ അതാ അടുത്ത കുരിശ്. ആറു പേരെങ്കിലും ഇല്ലാതെ ക്ലാസ് നടത്താന്‍ പറ്റില്ലാത്രെ. യൂണിക്സ് പഠിക്കുകയായിരുന്ന ഞാന്‍ അവിടത്തെ പിള്ളാരെ ചാക്കിട്ട് പിടിച്ചു. പ്രോഗ്രാമ്മിങ്ങ് അടുത്തൂടെ പോയിട്ടില്ലാത്ത അവരെ ക്ലാസ്സിലിട്ടാന്‍ അത് എനിക്ക് ഉപകാരമാകും എന്നുള്ള എന്റെ ‘ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും സാമാന്യ ബുദ്ധി’ക്ക് ഫലം കണ്ടു. അത്യാവശ്യം പ്രോഗ്രാമിങ്ങ് ക്ലാസുകള്‍ ചെയ്ത ഞാന്‍ പ്രോഗ്രാമിങ്ങ് ജോലിയൊക്കെ ചെയ്യേണ്ടതിനു പകരം ‘ഫ്ലോ ചാര്‍ട്ട് പഠനം’ തുടങ്ങി. രണ്ടു സംഖ്യകളുടെ തുക കാണുക, സംഖ്യകളെ സ്വാപ് ചെയ്യുക തുടങ്ങിയ ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്ത് ക്ലാസിലെ കേമനായി. മെല്ലെ ഞാന്‍ കാര്യങ്ങള്‍ പഠിച്ചു തുടങ്ങി. ഏറ്റവും തലവേദന്യുണ്ടാക്കിയിരുന്ന്ന ലൂപ്പും കാര്യങ്ങളും ദഹിക്കാന്‍ തുടങ്ങി. ഇന്‍സ്റ്റിട്യൂട്ടില്‍ തലയുയര്‍ത്തി നടക്കാമെന്നായി. സൂരജ് എന്റെ സംശയങ്ങള്‍ എല്ലാം തീര്‍ത്തു തന്നിരുന്നു; ഒപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. അതു കഴിഞ്ഞ് ഞാന്‍ സി++ പകുതിയോളം സൂരജിന്റെ കയ്യില്‍ നിന്നും പഠിച്ചു.

‘സി++’പകുതിയായപ്പോള്‍ തന്നെ സൂരജ് അവിടെ നിന്നും രാജി വെച്ചു, വേറെ കമ്പനിയില്‍ ചേര്‍ന്നു. ഇടക്ക് ഇന്‍സ്റ്റിട്യൂട്ടില്‍ വരുമായിരുന്നു. ഇതിനിടെ ആളുടെ വിവാഹവും കഴിഞ്ഞു, ലവ് മാര്യേജ്. സൂരജിന്റെ മാതാപിതാക്കളുടെ വഴിതന്നെയായിരുന്നു അവനും തെരഞ്ഞെടുത്തത്. വ്യത്യസ്ഥ മതക്കാരായ അവര്‍ യാതാര്‍ഥ്യത്തെ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു. എങ്കിലും സൂരജിനെ കാണുമ്പോള്‍ വളരെ സന്തോഷവാനായിരുന്നു, എന്നും. അവസാനം അവനെ കണ്ടത് ഇന്‍സ്റ്റിട്യൂട്ടിന്റെ വാര്‍ഷിക പരിപാടിക്കിടയിലായിരുന്നു; അവന്‍ രാജി വെച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. അപ്പോഴേക്കും ഞാന്‍ ജാവ പ്രോഗ്രാമ്മര്‍ ആയി ഇന്‍സ്റ്റിട്യൂട്ടിന്റെ തന്നെ സോഫ്റ്റ്വയര്‍ ഡിവിഷനില്‍ എത്തപ്പെട്ടിരുന്നു.

വീണ്ടും എതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ഒരു ദീപാവലി നാളില്‍, പതിവു പത്രവായനക്കായി ഉറക്കച്ചടവോടെ പത്രം നിവര്‍ത്തിയ ഞാന്‍ ഞെട്ടിപ്പോയി. ‘അള്ളാ’ എന്ന വിളികേട്ട് ഉമ്മയും മറ്റും ഓടിവന്നു. വാക്കുകള്‍ കിട്ടാതെ ഞാന്‍ വിറക്കുകയായിരുന്നു. അന്നത്തെ ആ വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “ഭാര്യയുടെ ആത്മഹത്യ വിവരം അറിഞ്ഞ് ഹോസ്പിറ്റലിലേക്ക് ബൈക്കില്‍ യാത്ര തിരിച്ച ഭര്‍ത്താവ് ബസ്സപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു”. മൂന്നു മാസം പ്രായമാ‍യ അവരുടെ കുഞ്ഞിനെ അനാഥമാക്കി അവര്‍ രണ്ട് പേരും യാത്രയായി.. പ്രായമായ മാതപ്പിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ സമ്മാനിച്ച് പരാതികളും പരിഭവങ്ങളും ഇല്ലാതെ! നിസ്സാരപ്രശ്നങ്ങളില്‍ സ്വയം ജീവനൊടുക്കിയ ഭാര്യയുടെ മരണവിവരം താങ്ങാനാവതെ വന്നപ്പോള്‍ അവന്‍ സ്വയം അപകടം വരുത്തിയതാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞെന്നും പത്ര ഭാഷ്യം. സത്യം ഈശ്വരന് മാത്രമറിയാം.

എന്നാലും, പ്രശസ്തമായ ഏതെങ്കിലും ഒരു ഐ.ടി കമ്പനിയില്‍ ഉണ്ടാവേണ്ടിയിരുന്ന അവന്‍ ആഗ്രഹങ്ങളും, സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാനവാതെ മണ്ണോട് ചേര്‍ന്നു. ഇടക്കെല്ലാം അവന്‍ എന്റെ ഓര്‍മ്മയില്‍ വരും, ഒരു നോവായി. അപ്പോള്‍ ഈ പ്രവാസ ജീവിതത്തിലും കളയാതെ ഞാന്‍ സൂക്ഷിക്കുന്ന അവന്റെ നോട്ട്സ് മറിച്ച് നോക്കും.

നന്ദിയുണ്ട് സൂരജ്... ഒരുപാടൊരുപാട്. ഇതു നിനക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. നമുക്കു വീണ്ടും കണ്ട് മുട്ടാം, അങ്ങു ദൂരെ ആകശത്തിനുമപ്പുറം ഒരു സ്വര്‍ഗ്ഗരാജ്യത്ത് വെച്ച്.